വൈകല്യത്തെ വിജയത്തിലേക്കുള്ള പടികളാക്കി മാറ്റാം

കൂക്കാനം റഹ് മാന്‍

(https://ift.tt/2Pz3IyI) 1995 നവംബര്‍ മാസം മലപ്പുറത്തു നിന്നാണ് വിളിക്കുന്നത് എന്ന ആമുഖത്തോടെ ഒരു ഫോണ്‍ കോള്‍ വന്നു. 'ജോസ് നാഞ്ഞിലത്ത് ആണ് വിളിക്കുന്നതെന്നും, സാറിന് ഒരു അവാര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്താണ് എങ്ങനെയാണ് എന്നൊന്നും പറഞ്ഞില്ല. 'സര്‍ അവാര്‍ഡ് സ്വീകരിക്കുമെന്നറിയിച്ചാല്‍ വിശദമായി കത്തയക്കാം' എന്ന് പറഞ്ഞു. 'കത്തുകിട്ടിയിട്ട് മറുപടി പറയാം' എന്ന് ഞാനും പ്രതിവചിച്ചു.

ദിവസങ്ങള്‍ക്കകം കത്ത് കിട്ടി. കടലുണ്ടി പുഴയുടെ തീരത്ത് തെങ്ങോലകളുടെ മര്‍മ്മരം കേട്ട് അക്ഷരത്തിന്റെ 'ചലനം' ആയുധമാക്കി വീല്‍ചെയര്‍ ചലിപ്പിക്കുന്ന റാബിയ നേതൃത്വം കൊടുക്കുന്ന ചലനം സാംസ്‌കാരിക വേദിയാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയതെന്നും സാക്ഷരതാ പ്രചാരണത്തിന് സമര്‍പ്പിത പ്രവര്‍ത്തനം നടത്തിയതിനാണ് അവാര്‍ഡെന്നും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടായിരുന്നു. അതിനാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ അവാര്‍ഡ് ഏറ്റുവാങ്ങാന്‍ എത്തിച്ചേരുമെന്ന് ഫോണ്‍ വഴി അറിയിച്ചു.
A motivational story of Rabiya, Rabiya Vellilakkadu, Article, Kookkanam Rahman

1995 നവംബര്‍ 25 വൈകുന്നേരത്തോടെ മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി പഞ്ചായത്തിലെ വെള്ളിനക്കാടെന്ന ഗ്രാമത്തിലെത്തി. തളര്‍ന്ന കാലുകളില്‍ തളരാത്ത മനസ്സുമായി അക്ഷരവെളിച്ചം പകര്‍ന്നു നല്‍കിക്കൊണ്ടിരിക്കുന്ന റാബിയയുടെ വീട്ടിലെത്തി. റാബിയയുടെ അക്ഷരസംഘത്തിലെ നിരവധി സഹോദരിമാര്‍ വീടിനോട് ചേര്‍ന്ന് കെട്ടിയ പന്തലില്‍ എത്തിയിട്ടുണ്ട്. പ്രമുഖ കവി രാവണപ്രഭു അവിടെ സന്നിഹിതനായിട്ടുണ്ട്. ജോസ് നാഞ്ഞിലത്തും പ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ട്. ഇതൊക്കെ കാണുമ്പോള്‍ എന്റെ മനസ്സ് സന്തോഷാതിരേകത്താല്‍ പുളകം കൊണ്ടു.

നൂറ് കണക്കിന് സഹോദരിമാരെ അക്ഷര വെളിച്ചത്തിലേക്ക് എത്തിക്കുകയും അവര്‍ക്കെല്ലാം ജീവിതമാര്‍ഗ്ഗം കണ്ടെത്താനുള്ള തൊഴില്‍ പരിശീലനം നല്‍കുകയും ചെയ്യുന്ന മഹത്തരമായൊരു കര്‍മ്മ പരിപാടിയാണ് തളര്‍ന്ന കാലുകളുള്ള റാബിയ നടത്തുന്നത്. അവര്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് സ്വീകരിക്കുന്നതിനേക്കാളേറെ റാബിയ നടത്തുന്ന മികവുറ്റ പ്രവര്‍ത്തനം അറിയാനായിരുന്നു എനിക്കു താല്‍പര്യം. അന്ന് വൈകുന്നേരം കടലുണ്ടിപ്പുഴയുടെ തീരത്ത് നിരവധി ആളുകള്‍ വന്നെത്തി. വീല്‍ചെയറില്‍ ഇരുന്ന് റാബിയ വേദിയിലെത്തുമ്പോള്‍ ഹര്‍ഷാരവം മുഴങ്ങി. ജോസ് നാഞ്ഞിലത്ത് എന്നെ സദസ്സിന് പരിചയപ്പെടുത്തി. പ്രശസ്ത കവി രാവണ പ്രഭുവില്‍ നിന്ന് ഞാന്‍ അവാര്‍ഡ് സ്വീകരിച്ചു.

റാബിയ നടത്തുന്ന നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് ഞാന്‍ മറുപടി പ്രസംഗത്തില്‍ സൂചിപ്പിച്ചത്. മലമൂത്ര വിസര്‍ജ്ജനത്തിനു പോലും മറ്റുള്ളവരുടെ സഹായം വേണ്ടിവരുന്ന റാബിയയാണ് തന്റെ ശാരീരിക അസ്വസ്ഥതകള്‍ മറന്ന്, തന്നേക്കാള്‍ മാനസിക പ്രയാസം അനുഭവിക്കുന്നവര്‍ക്ക് കരുത്ത് നല്‍കാന്‍ ഇറങ്ങി പുറപ്പെട്ടതെന്നറിഞ്ഞപ്പോള്‍ തന്നെ അഭിമാനം തോന്നി. നേരിട്ടു കാണാന്‍ കഴിഞ്ഞതിലും സ്വയം ചലിക്കാന്‍ കഴിയാത്ത വ്യക്തി 'ചലനം' എന്ന സാംസ്‌കാരിക സംഘടന ഉണ്ടാക്കി അതിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് വാങ്ങാനും കഴിഞ്ഞതിലുള്ള അതിരറ്റ സന്തോഷം സദസ്സുമായി പങ്കുവെച്ചു.

പരിപാടി കഴിഞ്ഞു വീട്ടിലെത്തിയ റാബിയ ഞങ്ങളുമായി സംസാരിച്ചതു മുഴുവന്‍ ഗുരുനിത്യ ചൈതന്യയതിയെക്കുറിച്ചാണ്. സ്വന്തം മകളെപ്പോലെയാണ് ഗുരു റാബിയയെ കാണുന്നതെന്നും, കരുതല്‍ തരുന്നതെന്നും പറയുകയുണ്ടായി. റാബിയ ഗുരുവിനോട് തന്റെ ലക്ഷ്യം സൂചിപ്പിച്ചതിങ്ങനെ, 'ഒരു സാമൂഹിക ജീവിയായി ജീവിക്കണം. ജനനമെന്ന മൂന്നക്ഷരത്തില്‍ നിന്ന് മരണമെന്ന മൂന്നക്ഷരത്തിലേക്ക് കടക്കും മുമ്പ് ജീവിതം എന്ന മൂന്നക്ഷരം ആശയാര്‍ത്ഥത്തില്‍ സമൂഹത്തില്‍ ഉപകാരപ്പെടുന്നതായി സാമൂഹിക ജീവിയായി ജീവിച്ചു മരിക്കണം.'

ഗുരു റാബിയയെക്കുറിച്ചു സൂചിപ്പിച്ച കാര്യങ്ങള്‍, ഒന്നും ശരിയാവില്ല എന്ന് വിലപിക്കുന്ന ആളുകളെ ചിന്തിപ്പിക്കുന്നതായിരുന്നു. 'പരാതി പറയാതെ ആരെയും കുറ്റപ്പെടുത്താതെ തന്നില്‍ കുടികൊള്ളുന്ന ശക്തിയെ വികസിപ്പിച്ച് മറ്റുള്ളവരെ കൂടെ ഉയര്‍ത്താന്‍ ശ്രമിക്കുകയാണ് റാബിയ. അവളുടെ ശാരീരിക ബലഹീനത പ്രവര്‍ത്തിക്കാനും നന്മ ചെയ്യുന്നതിനുമുള്ള അവസരത്തെ ഇല്ലാതാക്കുന്നില്ല. നന്മ ചെയ്യുന്നതിനുള്ള ആഗ്രഹം അവളുടെ ചലനത്തെ ശക്തിപ്പെടുത്തി എന്നാണ്.

യാഥാസ്തികരായ ആളുകളുടെ സങ്കചിത വീക്ഷണത്തിനപ്പുറം വളര്‍ന്ന ഒരു ഗുരുശിഷ്യ ബന്ധമാണ് റാബിയക്കും ഗുരുവിനും ഇടയില്‍ വളര്‍ന്നു വന്നത്. ഗുരുവിന് സുഖമില്ലെന്നറിഞ്ഞപ്പോള്‍ റാബിയ ഗുരുവിനെഴുതിയ കത്ത് ഈ കാര്യം ബോധ്യപ്പെടുത്തുന്ന ഒന്നായിരുന്നു. 'അങ്ങേയ്ക്ക് സുഖമില്ലെന്നറിഞ്ഞതു മുതല്‍ ഞാന്‍ സങ്കടപ്പെടുകയാണ്. ഗുരുവിന് ഒരാപത്തും വരരുതെന്ന് ദിവസവും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.'

ജാതിയും മതവുമൊന്നും അദ്ദേഹത്തിന്റെ ലോകത്തില്‍ കടന്നു വരാറില്ല. ഇക്കാര്യം സമര്‍ത്ഥിക്കുന്നതിന് നല്ലൊരു അനുഭവകഥ ഗുരു തന്റെ ജീവിതാനുഭവത്തില്‍ നിന്നും പറയുന്നതിങ്ങനെ: ഗുരു പ്രൈമറി ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് മതം തിരിച്ച് കുട്ടികളുടെ എണ്ണം തിട്ടപ്പെടുത്തുകയായിരുന്നു ക്ലാസ്സധ്യാപകനായ ഗോപാലപിള്ള സര്‍. ക്രിസ്ത്യാനികള്‍ എല്ലാം എഴുന്നേറ്റു നില്‍ക്കാന്‍ പറഞ്ഞപ്പോള്‍ പീറ്റര്‍ എണീക്കുന്നത് കണ്ടു. ഞാനും എഴുന്നേറ്റു ക്രിസ്ത്യാനിയെന്നു പറഞ്ഞാല്‍ ആരെന്ന് എനിക്കറിയില്ലായിരുന്നു. പീറ്റര്‍ എന്റെ കൂട്ടുകാരനായതിനാല്‍ ഞാനും എഴുന്നേറ്റു. സര്‍ ദേഷ്യത്തോടെ എന്നോടിരിക്കാന്‍ പറഞ്ഞു. മുസ്ലീംങ്ങള്‍ എഴുന്നേല്‍ക്കാന്‍ പറഞ്ഞപ്പോഴും ഞാന്‍ എഴുന്നേറ്റു നിന്നു. സര്‍ ശരിക്കും കോപിച്ച് എന്നോട് 'ഇരിക്കെടാ അവിടെ എന്ന് കല്‍പ്പിച്ചു. പിന്നീട് ഹിന്ദുക്കള്‍ എഴുന്നേല്‍ക്കാന്‍ പറഞ്ഞു. ഇനിയും സാറിന്റെ ശകാരം കേള്‍ക്കേണ്ട എന്നു കരുതി ഞാന്‍ എഴുന്നേറ്റില്ല. അപ്പോള്‍ സര്‍ പറഞ്ഞു. എണീക്കെടാ കഴുതേ, നീ ഹിന്ദുവാണ്. ഞാന്‍ എഴുന്നേറ്റു നിന്നു. അങ്ങനെയാണ് ഞാന്‍ ഹിന്ദുവായതും ഒപ്പം കഴുതയും.

ഇങ്ങനെ ഒരുപാട് അനുഭവങ്ങള്‍ ഗുരു റാബിയയുമായി പങ്കിട്ടുണ്ട്. മതത്തിനപ്പുറം മനുഷ്യസ്‌നേഹം ഊട്ടി ഉറപ്പിക്കാനുള്ള ശ്രമമാണ് ഗുരു നടത്തിക്കൊണ്ടിരുന്നത്. ഗുരു റാബിയക്കെഴുതിയ വേറൊരു കത്തും ഞങ്ങളെ കാണിച്ചു. ചില കാര്യങ്ങളില്‍ ഇസ്ലാമിക മനോഭാവമുള്ള വ്യക്തിയാണ് താനെന്ന് സൂചിപ്പിക്കുന്നതായിരുന്നു അതിലെ വരികള്‍. ദൈവത്തെ അല്ലാതെ വേറെ ആരെയും ആരാധിക്കാതിരിക്കുക. സര്‍വ്വ വന്ദനവും ദൈവത്തിനു കൊടുക്കുക. നമ്മുടെ മഹിമകള്‍ സ്വമഹിമയാണെന്നു കരുതാതെ ദൈവ കാരുണ്യമായി കാണുക. തുടങ്ങിയ കാര്യങ്ങളാണ്. കത്തവസാനിപ്പിക്കുന്നത് ഇങ്ങനെ, 'തുടര്‍ന്നുള്ള കത്തുകള്‍ക്ക് കാത്തിരുന്നു കൊണ്ട് ഒരു പരിശുദ്ധ പുഷ്പത്തെയെന്ന പോലെ ഞാന്‍ മകളെ ദൈവത്തിന്റെ തൃപ്പാദങ്ങളില്‍ വെച്ചു നമസ്‌കരിക്കുന്നു.

ഇതൊക്കെ കേട്ടുകഴിഞ്ഞപ്പോള്‍ റാബിയയോടു വല്ലാത്തൊരു സ്‌നേഹബന്ധം തോന്നി. അവര്‍ നല്‍കുന്ന രണ്ടു സന്ദേശങ്ങളുണ്ട്. വൈകല്യത്തെ വിജയത്തിലേക്കുള്ള പടികളാക്കി മാറ്റാമെന്നും, ജീവിതം ദുര്‍വ്വഹമായി ഒരു ഭാരമല്ല, രസകരമായ ഒരു സാഹസമാണെന്നും റാബിയ ബോധ്യപ്പെടുത്തുന്നു.

പോരുമ്പോള്‍ ഞാന്‍ ഒരപേക്ഷ വെച്ചു. ഒന്ന് ഞങ്ങളുടെ നാട്ടിലേക്ക് വരാന്‍ പറ്റുമോ?. ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാണാനും മറ്റുള്ളവര്‍ക്ക് ഒരു പ്രോത്സാഹനമാവാനും അതുവഴി സാധിക്കുമെന്നും പറഞ്ഞപ്പോള്‍ എന്തു വിഷമം സഹിച്ചും വരാമെന്ന് വാക്കുതന്നു. തൊട്ടടുത്ത മാസം ജോസ് നാഞ്ഞിലത്തും, സുഹൃത്തുക്കളും റാബിയയുമൊത്ത് കരിവെള്ളൂരിലെത്തി. എന്റെ വീട്ടില്‍ വന്നു. ശാരീരിക വൈകല്യം മറന്ന് ഇത്രയും ദൂരം സഞ്ചരിച്ചെത്തിയ റാബിയയെ വീട്ടുകാരൊക്കെ സ്‌നേഹാദരത്തോടെ സ്വീകരിച്ചു. വണ്ടിയില്‍ വീല്‍ചെയറും പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള ഉപകരണങ്ങളൊക്കെ കരുതിയാണ് വന്നത്.

ഭക്ഷണവും വിശ്രമവും കഴിഞ്ഞ ശേഷം, കരിവെള്ളൂര്‍ ദിനേശ് ബീഡിത്തൊഴിലാളികളുമായി അഭിമുഖം നടത്തി. നീലേശ്വരത്തെത്തി സാക്ഷരതാ പ്രവര്‍ത്തകരുമായി സംവദിച്ചു. അവരുടെ വര്‍ത്തമാനവും ചിരിയും ഊര്‍ജ്ജ ദായകമായ വാക്കുകളും എല്ലാവര്‍ക്കും നന്നേ ഇഷ്ടപ്പെട്ടു. അന്ന് വൈകിട്ട് തന്നെ വെള്ളിനക്കാട്ടേക്ക് റാബിയയും സംഘവും തിരിച്ചുപോയി.

അതിനുശേഷം പത്രത്താളുകളില്‍ അവര്‍ നിറഞ്ഞു നില്‍ക്കുന്ന വാര്‍ത്തകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. സംസ്ഥാന ദേശീയ തലത്തില്‍ നിരവധി അവാര്‍ഡുകള്‍ അവരെ തേടിയെത്തി. ഇപ്പോള്‍ ശാരീരിക അസ്വസ്ഥത മൂലം പഴയപോലെ പ്രവര്‍ത്തിക്കാന്‍ പറ്റുന്നില്ലായെന്ന് ഇടയ്ക്ക് വിളിച്ചു പറഞ്ഞിരുന്നു.

ശരീരത്തില്‍ അതി കഠിനമായ വേദന അനുഭവിക്കുമ്പോഴും മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതിനും അവരുടെ ജീവിതത്തില്‍ നല്ലതുണ്ടാകുന്നതിനും സഹമനുഷ്യരില്‍ ആശ്വാസം പകര്‍ന്നു കൊടുക്കാനും ശ്രമിച്ച റാബിയക്ക് നല്ലതേ വരുമെന്ന് നമുക്ക് ആശ്വസിക്കാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: A motivational story of Rabiya, Rabiya Vellilakkadu, Article, Kookkanam Rahman


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?