സുന്നി വഖഫ് ബോര്‍ഡിന്റെ ഹര്‍ജി തള്ളി: നിസ്‌കാരത്തിന് പള്ളി നിര്‍ബന്ധമല്ലെന്ന വിധി പുനഃപരിശോധിക്കില്ലെന്ന് കോടതി
ന്യൂഡല്‍ഹി (www.evisionnews.co): ഇസ്ലാം മതവിശ്വാസിക്ക് പ്രാര്‍ത്ഥനക്ക് പള്ളി നിര്‍ബന്ധമല്ലെന്ന ഇസ്മയില്‍ ഫാറൂഖി കേസിലെ വിധി ഭരണഘടനാ ബെഞ്ചിന് വിടില്ലെന്ന് സുപ്രീം കോടതി. ഇസ്മയില്‍ ഫാറൂഖി കേസിലെ വിധി ഏഴംഗ ബെഞ്ചിന് വിടണമെന്ന സുന്നി വഖഫ് ബോര്‍ഡിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസും ജസ്റ്റിസ് അശോക് ഭൂഷണും ഒറ്റവിധി പ്രസ്താവം നടത്തിയപ്പോള്‍ ജസ്റ്റിസ് അബ്ദുല്‍ നാസര്‍ വ്യത്യസ്ത വിധിയാണ് പ്രസ്താവിച്ചത്. അയോധ്യ കേസില്‍ ഈ വിധി ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.
പ്രാര്‍ത്ഥന്ക്ക് പള്ളി നിര്‍ബന്ധമാണോ എന്ന കാര്യം വിശാല ബെഞ്ചാണ് പരിഗണിക്കേണ്ടതെന്ന് ജ. നസീര്‍ ജ. അശോക് ഭൂഷണ്‍ പ്രസ്താവിച്ച വിധിയോട് വിയോജിച്ചു. അയോധ്യ കേസില്‍ അടുത്ത മാസം 29 മുതല്‍ വാദം കേള്‍ക്കല്‍ ആരംഭിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. 1994ല്‍ ഇസ്മയില്‍ ഫാറൂഖി കേസിലാണ് സുപ്രീംകോടതി ഭരണഘടന ബെഞ്ചിലെ ഭൂരിപക്ഷം അംഗങ്ങള്‍ മുസ്ലീങ്ങള്‍ക്ക് ആരാധനയ്ക്ക് പള്ളികള്‍ നിര്‍ബന്ധമല്ലെന്ന വിധി പ്രസ്താവിച്ചത്. ഇതിനെതിരെ വിവിധ മുസ്ലിം സംഘടനകളുടെ അഭിഭാഷകനായ രാജീവ് ധവാന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് വിധി പ്രസ്താവിച്ചത്. സുപ്രീം കോടതിയുടെ മുന്‍നിരീക്ഷണം അനീതിയാണെന്നും അത് അയോധ്യ കേസിനെ ബാധിക്കുമെന്നും ധവാന്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
1994ല്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് നിസ്‌കാരത്തിന് പള്ളി അവിഭാജ്യമല്ലെന്ന് വിധിച്ചത്. 16-ാം നൂറ്റാണ്ടില്‍ അയോധ്യയില്‍ നിര്‍മ്മിച്ച ബാബറി മസ്ജിദ് 1992ല്‍ ഹിന്ദു കര്‍സേവകര്‍ തകര്‍ത്തിന് ശേഷം 2010ല്‍ അലഹാബാദ് ഹൈക്കോടതി ഭൂമി മൂന്ന് വിഭാഗങ്ങള്‍ക്കായി പകുത്ത് നല്‍കിയപ്പോള്‍ പ്രധാന ഭാഗം ഹിന്ദുക്കള്‍ക്കാണ് ലഭിച്ചത്. അലഹാബാദ് കോടതിയുടെ ഈ വിധി നിസ്‌കാരത്തിന് പള്ളി നിര്‍ബന്ധമല്ലെന്ന വിധി സ്വാധീനിച്ചതാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു.
ഇസ്മയില്‍ ഫാറൂഖി കേസിലെ വിധി മുസ്ലിം വിശ്വാസികളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ഹനിക്കുന്നതാണെന്നും വിവിധ മുസ്ലീം സംഘടനകളും സുന്നി വഖഫ് ബോര്‍ഡും ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് മുമ്പാകെ വാദിച്ചിരുന്നു. ഇക്കാര്യത്തില്‍ തീര്‍പ്പായതിന് ശേഷമേ അയോധ്യയിലെ തര്‍ക്കഭൂമി സംബന്ധിച്ച കേസില്‍ സുപ്രിംകോടതി വാദം കേള്‍ക്കാവൂയെന്നും സുന്നി വഖഫ് ബോര്‍ഡും ഇസ്ലാം സംഘടനകളും ആവശ്യപ്പെട്ടിരുന്നു. അതേസമയം, ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ അയോധ്യ ക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള പ്രചാരണം നടത്തി വോട്ട് ബാങ്ക് ലക്ഷ്യമിടുന്ന ബി.ജെ.പി ഇത് ക്ഷേത്രം നിര്‍മാണം വൈകിപ്പിക്കാനുള്ള നീക്കമാണിതെന്ന വാദവുമായി രംഗത്തു വന്നിരുന്നു.
Powered by Info News For You

Comments
Post a Comment