രണ്ടാം ദിവസവും ബിഷപ്പ് ചോദ്യം ചെയ്യലിന് ഹാജരായി; മറുപടിയില്‍ പതര്‍ച്ച, ഉത്തരം മൂട്ടിയപ്പോള്‍ കൈക്കൂപ്പി നിന്നു, അറസ്റ്റ് ഉടന്‍

കൊച്ചി: (www.kvartha.com 20.09.2018) കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ രണ്ടാം ദിവസവും ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ചോദ്യം ചെയ്യലിന് ഹാജരായി. തൃപ്പൂണിത്തുറയിലെ പോലീസ് കേന്ദ്രത്തിലാണ് ചോദ്യം ചെയ്യല്‍. ചോദ്യങ്ങള്‍ക്കു വ്യക്തമായ മറുപടി പറയാനായില്ലെങ്കില്‍ ബിഷപ്പിനെ അറസ്റ്റു ചെയ്‌തേക്കുമെന്നാണു സൂചന. ആദ്യദിവസത്തെ ചോദ്യം ചെയ്യലില്‍ ബിഷപ്പ് നല്‍കിയ വിശദീകരണങ്ങള്‍ തൃപ്തികരമല്ലെന്ന് ഐജി: വിജയ് സാക്കറെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.

അറസ്റ്റ് അനിവാര്യമാണെന്ന് അന്വേഷണ സംഘം യോഗത്തില്‍ ആവര്‍ത്തിച്ചു. ബിഷപ്പിന്റെ അറസ്റ്റിനായുള്ള തയ്യാറെടുപ്പുകള്‍ പോലീസ് തുടങ്ങിയതായും വിവരമുണ്ട്. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത്, ചോദ്യം ചെയ്യല്‍ നടക്കുന്ന തൃപ്പൂണിത്തുറയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു.

Kerala nun molest case: Jalandhar Bishop Franco Mulakkal’s questioning continues for second day, Kochi, News, Religion, Police, Trending, Molestation, Arrest, Kerala

മാനഭംഗപ്പെടുത്തിയെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ പോലീസ് സാഹചര്യത്തെളിവുകള്‍ നിരത്തിയപ്പോള്‍ ബിഷപ്പ് കൈകൂപ്പി കുനിഞ്ഞിരുന്നു. മിക്ക ചോദ്യങ്ങള്‍ക്കും താന്‍ നിരപരാധിയാണെന്ന മറുപടിയാണ് ഫ്രാങ്കോ ആവര്‍ത്തിച്ചത്. ചോദ്യങ്ങള്‍ക്ക് ഉത്തരം വേണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധം പിടിച്ചപ്പോഴും കൈകൂപ്പി.

ഏഴേ കാല്‍ മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിലും ജലന്ധറില്‍ വച്ച് നല്‍കിയ മൊഴിയില്‍ കടിച്ചുതൂങ്ങി നില്‍ക്കുകയാണ് ബിഷപ്പ്. ഇതോടെ വ്യാഴാഴ്ച രാവിലെ 11 മണിക്ക് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നോട്ടീസ് ബിഷപ്പിന് നേരിട്ട് നല്‍കി. ഇതംഗീകരിച്ച ബിഷപ്പ് മരടിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ തങ്ങുകയാണ്.

തൃപ്പൂണിത്തുറയില്‍ കൊച്ചി സിറ്റി പോലീസിന്റെ അത്യാധുനിക ചോദ്യം ചെയ്യല്‍ കേന്ദ്രത്തില്‍ നിന്ന് പുറത്തിറങ്ങിയ ബിഷപ്പിന്റെ കാര്‍ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചു. കരിങ്കൊടി വീശി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

2014 മേയ് അഞ്ചിന് കുറവിലങ്ങാട് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമില്‍ രാത്രി 10.45 ന് ബിഷപ്പ് പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീയുടെ മൊഴി. ആ ദിവസം അവിടെ എത്തിയിട്ടില്ലെന്നാണ് ജലന്ധറില്‍ വച്ച് ഫ്രാങ്കോ മൊഴി നല്‍കിയത്. ബുധനാഴ്ചത്തെ ചോദ്യം ചെയ്യലില്‍ മഠത്തില്‍ എത്തിയെങ്കിലും അവിടെ താമസിച്ചില്ലെന്ന് മാറ്റിപ്പറഞ്ഞു. രജിസ്റ്ററില്‍ 'വിസിറ്റിംഗ് ' എന്നാണ് രേഖപ്പെടുത്തിയതെന്നാണ് പുതിയ വാദം.

മഠത്തില്‍ തങ്ങിയതിന് രണ്ടു സാക്ഷികളും ഡ്രൈവറുടെ മൊഴിയും ഉണ്ടെന്ന് അന്വേഷണസംഘം പറഞ്ഞപ്പോള്‍ കൈകൂപ്പി. അറസ്റ്റിന് പര്യാപ്തമായ തെളിവുകള്‍ നിരത്തിയായിരുന്നു ചോദ്യം ചെയ്യല്‍. അതിനാല്‍ ബിഷപ്പിന് വ്യാഴാഴ്ച നിര്‍ണായക ദിനമായിരിക്കും.

കന്യാസ്ത്രീക്കെതിരെ നടപടിയെടുത്തതിന്റെ പകപോക്കലെന്ന മറുപടിയാണ് മിക്ക ചോദ്യങ്ങള്‍ക്കും ബിഷപ്പ് നല്‍കിയത്. 13 തവണ കുറവിലങ്ങാട് മഠത്തിലെത്തിയെന്ന് ബിഷപ്പ് സമ്മതിച്ചില്ല. സ്വന്തം താത്പര്യങ്ങള്‍ക്കു വേണ്ടി കന്യാസ്ത്രീ സഭയെ അപമാനിക്കുകയാണ്. സഭയില്‍ നിന്ന് പുറത്തു പോകാന്‍ അവര്‍ ശ്രമിച്ചു. അതിന്റെ കാരണങ്ങള്‍ തേടിയതും ശത്രുതയുണ്ടാക്കി.

സ്വഭാവ ദൂഷ്യമുള്ളതിനാലാണ് അവരെ ചുമതലയില്‍ നിന്ന് മാറ്റിയത്. അതിന്റെ പക പീഡനമെന്ന പരാതിയിലൂടെ തീര്‍ക്കുകയാണ്. തന്നെ അപമാനിച്ച് സഭയില്‍ നിന്ന് പുറത്താക്കുകയാണ് കന്യാസ്ത്രീയുടെ ലക്ഷ്യമെന്നും ബിഷപ്പ് പറഞ്ഞു. കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍, അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ഹൈക്കോടതി തടയാത്ത സാഹചര്യത്തില്‍ അറസ്റ്റിന് തടസമില്ലെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. ആദ്യമൊഴിയിലെ വൈരുദ്ധ്യങ്ങള്‍ മാറിയില്ലെങ്കിലും ബിഷപ്പിനെതിരെ സാഹചര്യത്തെളിവുകള്‍ ശക്തമാണ്. കന്യാസ്ത്രീ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നു. ഐ.ജി. അനുമതി നല്‍കിയാന്‍ വ്യാഴാഴ്ച ബിഷപ്പിനെ അറസ്റ്റ് ചെയ്യാനാണ് സാധ്യത.

ചോദ്യം ചെയ്യലിനിടയില്‍ വെള്ളം മാത്രമാണ് ബിഷപ്പ് കുടിച്ചത്. ഉച്ചയ്ക്ക് ചോറ് വാങ്ങിയെങ്കിലും കഴിച്ചില്ല. ചോദ്യം ചെയ്യല്‍ മുറിയിലെ അഞ്ചു ക്യാമറകള്‍ നടപടികളെല്ലാം വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala nun molest case: Jalandhar Bishop Franco Mulakkal’s questioning continues for second day, Kochi, News, Religion, Police, Trending, Molestation, Arrest, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?