എണ്ണക്കൊള്ളയ്ക്ക് പിന്നിലെ കേന്ദ്രത്തിന്റെ കളികള്‍; പൊള്ളവാദങ്ങള്‍ ഇനിയും വിശ്വസിക്കണോ?

നിഷ്ത്തര്‍ മുഹമ്മദ്

(www.kvartha.com 15.09.2018) സോഷ്യലിസ്റ്റ്-മുതലാളിത്ത സമ്പദ് വ്യവസ്ഥകളുടെ നല്ല വശങ്ങളെ സംയോജിപ്പിച്ചുകൊണ്ടുള്ള മിശ്രസമ്പദ് വ്യവസ്ഥയാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യ സ്വീകരിച്ചത്. പൊതുമേഖലയ്ക്കായിരുന്നു ഈ സമ്പദ് വ്യവസ്ഥയില്‍ കൂടുതല്‍ പ്രാധാന്യം പിന്നീട് 1991 ലെ സാമ്പത്തിക നയംമാറ്റത്തിന് ശേഷം സ്വകാര്യമേഖലയ്ക്ക് പ്രാധാന്യമുള്ള രീതിയില്‍ സമ്പദ് വ്യവസ്ഥ പരിഷ്‌കരിക്കപ്പെട്ടു. ഇതോടെ പൊതുമേഖലയുടെ ഭാഗമായിരുന്ന പെട്രോളിയം മേഖലയില്‍ സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ പങ്കാളിത്തം ലഭിച്ചു.

2010ല്‍ മന്‍മോഹന്‍ സിങ്ങിന്റെ യു പി എ ഗവണ്‍മെന്റ് ഇന്ധനവിലയില്‍ 'ഡീറെഗുലേഷന്‍' നടപ്പാക്കിയതോടെ ഇന്ധനവില നിയന്ത്രിക്കാനുള്ള അവകാശം പെട്രോളിയം കമ്പനികളുടെ കരങ്ങളില്‍ നിക്ഷിപ്തമായി. പൊതുമാര്‍ക്കറ്റ് മൂലധന ശക്തികള്‍ക്ക് തുറന്നുകൊടുത്ത് ബഹുരാഷ്ട്ര കമ്പനികള്‍ക്കും കോര്‍പ്പറേറ്റ് കുത്തകകള്‍ക്കും പരവതാനി വിരിച്ച മന്‍മോഹന്‍ സിങ്ങ് തന്നെയാണ് പെട്രോളിയം മേഖലയില്‍ സ്വകാര്യകമ്പനികള്‍ക്ക് സര്‍വ്വാധികാരം പതിച്ചുനല്‍കിയത്.


മന്‍മോഹന്‍സിങ്ങിന്റെ കാലത്തെ ഇന്ധനവിലവര്‍ധനവും രൂപയുടെ മൂല്യത്തകര്‍ച്ചയും 'ആയുധമാക്കി' വാചകകസര്‍ത്ത് നടത്തിയാണ് നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രിക്കസേരയില്‍ ഉപവിഷ്ടനായത്. ഇന്നും സോഷ്യല്‍ മീഡിയയില്‍ നരേന്ദ്രമോദിയുടെ അന്നത്തെ പ്രസംഗങ്ങള്‍ വോട്ടുകുത്തിയവരെ കൊഞ്ഞനംകുത്തി പറന്നുനടക്കുന്നുണ്ട്. പെട്രോള്‍ വില ലിറ്ററിന് 40 രൂപയാക്കുമെന്നും ഡോളറിനെതിരെ രൂപ മലമറിക്കുമെന്നും വാഗ്ദാനം ചെയ്താണ് മോദി അധികാരത്തിലേറിയത്. ഇപ്പോള്‍ പെട്രോള്‍ വില അരലിറ്ററിന് 40 കടന്ന് കുതിക്കുന്നു. ഡോളറിനെതിരെ മൂക്കുംകുത്തി വീണ രൂപ ഏഷ്യയിലെ ഏറ്റവും ദുര്‍ബലമായ കറന്‍സിയായി മാറിക്കൊണ്ടിരിക്കുന്നു.

2017 ജൂണിലാണ് മാസത്തില്‍ രണ്ടുതവണ ഇന്ധനവില പരിഷ്‌കരിക്കുന്ന രീതിയില്‍ മാറ്റം വരുത്തി അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍ക്കനുസൃതമായി ദിനംപ്രതി ഇന്ധനവില പരിഷ്‌കരിക്കാന്‍ തുടങ്ങിയത്. ദിനംപ്രതി ഇന്ധനവിലയില്‍ വരുന്ന മാറ്റം, വിലയില്‍ വരുന്ന മാറ്റങ്ങള്‍ കാര്യമായി ശ്രദ്ധിക്കപ്പെടാതിരിക്കാന്‍ കാരണമാവുന്നു. ഇന്ധനവിലയിലെ വ്യതിയാനങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയാവാതിരിക്കാനും ഇത് കാരണമാവുന്നു.

പെട്രോള്‍ വിലയില്‍ 46 ശതമാനവും കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കുള്ള നികുതിയാണെന്ന് തിരിച്ചറിയുമ്പോഴാണ് ഇന്ധനവില അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് വര്‍ധിക്കുന്നതാണെന്നും ഞങ്ങള്‍ക്കിതിലൊന്നും പങ്കില്ലെന്നും വാദിച്ച് പെട്രോള്‍ വിലവര്‍ധന വിഷയത്തില്‍ അനങ്ങാപ്പാറ നിലപാട് സ്വീകരിക്കുന്ന കേന്ദ്രഗവണ്‍മെന്റിന്റെ പൊള്ളത്തരം ബോധ്യപ്പെടുക. 2016ല്‍ അന്താരാഷ്ട്രവിപണിയില്‍ എണ്ണവില ബാരലിന് 26 ഡോളറിലേക്ക് കൂപ്പുകുത്തിയിരുന്നു. പച്ചവെള്ളത്തെക്കാള്‍ തുച്ഛമായ വില. അന്ന് ഒമ്പതു തവണ എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ചാണ് തദ്ദേശീയ എണ്ണവിപണിയില്‍ വില തകര്‍ച്ച പിടിച്ചുനിര്‍ത്തി നരേന്ദ്ര മോദി സര്‍ക്കാര്‍ ഇന്ധനവിലകുറഞ്ഞതിന്റെ ആനുകൂല്യം സാധാരണക്കാരന് ലഭിക്കുന്നത് തടഞ്ഞത്. ചുരുക്കിപ്പറഞ്ഞാല്‍, അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞാലും ജനങ്ങള്‍ക്ക് അതിന്റെ ആനുകൂല്യം ലഭിക്കാത്ത അവസ്ഥയാണ്. എന്നാല്‍ രാജ്യാന്തര വിപണിയില്‍ എണ്ണവില വര്‍ധിക്കുമ്പോള്‍ അതിന്റെ സകലഭാരവും ജനങ്ങളുടെ തലയില്‍ കെട്ടിവെക്കുകയും ചെയ്യുന്നു.

കഴിഞ്ഞവര്‍ഷം പെട്രോളിയം ഉത്പന്നങ്ങളുടെ നികുതിയിനത്തില്‍ 2,29,019 കോടി രൂപയാണ് കേന്ദ്രത്തിനു ലഭിച്ചത്. 2014-15 ല്‍ ഇതു 99,184 കോടി മാത്രമായിരുന്നു. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഇന്ധനവിലയില്‍ പത്തുരൂപയിലേറെ വര്‍ധനവുണ്ടായി. കേന്ദ്രത്തിന്റെ പോക്കറ്റില്‍ അധികമെത്തിയത് ഏകദേശം ഒന്നരലക്ഷം കോടി രൂപ.

യു പി എ ഭരണകാലത്ത് 2012 മെയ് മാസത്തില്‍ പെട്രോള്‍ വില 77.50 രൂപയിലെത്തിയിരുന്നു. എന്നാല്‍ നൂറുഡോളറിലേറെയായിരുന്നു അന്ന് അന്താരാഷ്ട്രവിപണിയിലെ ക്രൂഡ് ഓയില്‍ വില. ഇന്ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 68.99 ഡോളറാണ്. പെട്രോള്‍ വില മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളില്‍ 90ല്‍ മുട്ടി.

ഇന്ത്യയില്‍ നിന്ന് പെട്രോള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ പോലും ഇന്ത്യയെക്കാള്‍ കുറഞ്ഞ വിലയ്ക്ക് പെട്രോള്‍ വില്‍ക്കുന്നുണ്ട്. അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നതുപോലെ തന്നെ ശുദ്ധീകരിച്ച എണ്ണ വന്‍ തോതില്‍ ഇന്ത്യ കയറ്റുമതി ചെയ്യുന്നുമുണ്ട്. പെട്രോള്‍ ഏകദേശം 34 രൂപയ്ക്കും ഡീസല്‍ 37 രൂപയ്ക്കുമാണ് ഇന്ത്യ മറ്റുരാജ്യങ്ങള്‍ക്ക് വില്‍ക്കുന്നത്. ഇന്ത്യയിലാകട്ടെ പെട്രോള്‍ വില 80നും ഡീസല്‍ വില 70നും മുകളില്‍.

അവസാനം രാജ്യത്ത് ഇന്ധനവില ശീഘ്രം കുതിക്കുന്നതിന്റെ കാരണം ഒരു ബി ജെ പി എം പി തന്നെ കണ്ടു പിടിച്ചു. കേരളത്തിന് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 600 കോടി നല്‍കിയതിന്റെ നഷ്ടം നികത്താനാണത്രെ രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. ശുഭം!

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Article, India, Petrol, diesel, Price, Crude Oil, Narendra Modi, Central Government, National, Central government plays trick in oil price hike


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?