22 മുതല്‍ ഒക്ടോബര്‍ രണ്ട് വരെ തീവ്ര ശുചീകരണ പ്രവര്‍ത്തനങ്ങള്‍, അന്താരാഷ്ട്ര നിലവാരമുളള ഐടിഐ, നവകേരള നിര്‍മിതിക്ക് ക്രൗഡ് ഫണ്ടിങ് മോഡല്‍ അംഗീകരിച്ചു; മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

തിരുവനന്തപുരം: (www.kvartha.com 19.09.2018) പ്രളയാനന്തര ശുചീകരണത്തിന്റെ തുടര്‍ച്ചയായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ രണ്ട് വരെ സംസ്ഥാനത്ത് തീവ്ര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.

ഇതിന്റെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും ഉളള മാലിന്യങ്ങള്‍ സംസ്‌കരിക്കുകയും വേര്‍തിരിച്ച് പുനചംക്രമണത്തിന് കൈമാറുകയും ചെയ്യും. ഇതോടൊപ്പം നദികള്‍ തോടുകള്‍ മറ്റ് ജലാശയങ്ങള്‍ പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് ശുചീകരിക്കും.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത്, നഗരകാര്യം ഗ്രാമവികസനം എന്നീ വകുപ്പുകള്‍ ഏകോപിപ്പിച്ച് നടത്തും. ഹരിതകേരള മിഷന്‍, ശുചിത്വ മിഷന്‍, ക്ലീന്‍ കേരള കമ്പനി, കുടുംബശ്രീ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് മിഷന്‍ എന്നിവയുടെ സംയുക്ത നേതൃത്വവും ഏകോപനവും ജില്ലാസംസ്ഥാന തലങ്ങളില്‍ ഉണ്ടാകും. ജില്ലാതല പ്രവര്‍ത്തനങ്ങളുടെ ഏകോപനം ജില്ലാ കലക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എന്നിവര്‍ക്കായിരിക്കും.


വിദ്യാലയങ്ങളില്‍ ഹരിത കേരള മിഷന്റെ സഹകരണത്തോടെ നടത്തുന്ന ഹരിതോത്സവം പരിപാടിയുടെ ഭാഗമായി മാലിന്യം വേര്‍തിരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ അവബോധം ഉണ്ടാക്കും. ഇതിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണമുണ്ടാകും. എല്ലാ സര്‍ക്കാര്‍ ഓഫീസുകളും നവംബര്‍ ഒന്നുമുതല്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ജലാശയങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിനും ജലാശയ തീരത്തുളള മാലിന്യം നീക്കുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണം. ജലാശയങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്ക് കേരള ഇറിഗേഷന്‍ ആന്റ് വാട്ടര്‍ കണ്‍സര്‍വേഷന്‍ (ഭേദഗതി) ഓര്‍ഡിനന്‍സ് 2017, കേരള പഞ്ചായത്ത് രാജ് ആക്ട് 1994, കേരള മുനിസിപ്പാലിറ്റി ആക്ട് 1994 എന്നിവ പ്രകാരമുളള ശിക്ഷയും പിഴയും നല്‍കുന്നതടക്കമുളള നിയമ നടപടികളും സ്വീകരിക്കണം.

നിലവില്‍ ജില്ലകളുടെ ചാര്‍ജുളള മന്ത്രിമാര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്തുകള്‍ക്ക് പരമാവധി 10,000 രൂപയും നഗരസഭകള്‍ / കോര്‍പ്പറേഷനുകള്‍ എന്നിവക്ക് 25,000 രൂപയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനതു/പ്ലാന്‍ ഫണ്ടില്‍ നിന്ന് വിനിയോഗിക്കാവുന്നതാണ്.

ജില്ലാതലത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഐഇസി പ്രവര്‍ത്തനങ്ങള്‍ക്ക് ശുചിത്വ മിഷന്റെ ഐഇസി ഫണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ വീതം ലഭ്യമാക്കും. തീവ്ര ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാ വകുപ്പുകളുടേയും പങ്കാളിത്തം ജില്ലാ കലക്ടര്‍മാര്‍ ഉറപ്പുവരുത്തേണ്ടതാണ്.

കേരള മീഡിയ അക്കാദമിയിലെ സര്‍ക്കാര്‍ അംഗീകാരമുളള ജീവനക്കാര്‍ക്ക് ശമ്പളം പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു. കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ ആന്‍ഡ് ഇമ്മ്യൂണോ ഹെമറ്റോളജി വിഭാഗത്തില്‍ ഒരു അസോസിയേറ്റ് പ്രൊഫസറുടെ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

പെരുമാട്ടി ഗ്രാമപഞ്ചായത്തില്‍ അന്താരാഷ്ട്ര നിലവാരമുളള ഐടിഐ

പെരുമാട്ടി ഗ്രാമപഞ്ചായത്തില്‍ അന്താരാഷ്ട്ര നിലവാരമുളള ഐടിഐ സ്ഥാപിക്കുന്നതിന് ചിറ്റൂര്‍ താലൂക്കില്‍ മൂലത്തറ വില്ലേജില്‍ ജലസേചന വകുപ്പിന്റെ കൈവശമുളള 3.5 ഹെക്ടര്‍ ഭൂമിയില്‍ നിന്നും അഞ്ച് ഏക്കര്‍ ഭൂമിയുടെ കൈവശാവകാശം വ്യാവസായിക പരിശീലന വകുപ്പിന് കൈമാറാന്‍ തീരുമാനിച്ചു.

ക്രൗഡ് ഫണ്ടിങ് മോഡല്‍ അംഗീകരിച്ചു

പ്രളയക്കെടുതികള്‍ക്കു ശേഷമുളള പുനര്‍നിര്‍മാണ സംരംഭങ്ങള്‍ക്കായി കെപിഎംജി സമര്‍പ്പിച്ച ക്രൗഡ് ഫണ്ടിംഗ് മാതൃക അംഗീകരിച്ചു. ഇത് നടപ്പാക്കുന്നതിനായി മിഷന്‍ സ്ഥാപിക്കും. വീടുകള്‍, ഉപജീവന മാര്‍ഗ്ഗങ്ങള്‍ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്കായി നിബന്ധനകള്‍ക്ക് വിധേയമായി സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കുന്നതിനും പദ്ധതി നിര്‍ദേശം വ്യവസ്ഥ ചെയ്യുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Flood, Trending, Rain, State, Government, Ministers, Meeting, Intensive Cleaning from 22 . 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?