പ്രതി സൗമ്യയുടെ മൃതദേഹം ആരും ഏറ്റെടുത്തില്ല: രണ്ടുദിവസത്തിന് ശേഷം പൊലീസ് സംസ്‌കരിച്ചേക്കും

(www.evisionnews.co) ജയിലില്‍ ആത്മഹത്യ ചെയ്ത പിണറായി കൂട്ടക്കൊല കേസിലെ പ്രതി സൗമ്യയുടെ മൃതദേഹം ആരും ഏറ്റെടുത്തില്ല. പരിയാരം മെഡിക്കല്‍ കോളേജിലെത്തിച്ച് പോസ്റ്റമോര്‍ട്ടം ചെയ്ത സൗമ്യയുടെ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ ആരും എത്താത്തതിനെ തുടര്‍ന്ന് അവിടെ തന്നെ സുക്ഷിച്ചിരിക്കുകയാണ്. രണ്ടു ദിവസം കൂടി സൂക്ഷിച്ച ശേഷം ആരുമെത്തിയില്ലെങ്കില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പയ്യാമ്പലത്തെ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.
വെള്ളിയാഴ്ചയാണ് കണ്ണൂര്‍ വനിതാ ജയിലിലെ കശുമാവില്‍ തൂങ്ങിയ നിലയില്‍ സൗമ്യയുടെ മൃതദേഹം കണ്ടെത്തിയത്. കേസില്‍ വിചാരണ തുടങ്ങാനിരിക്കേയാണ് ഏക പ്രതിയായ സൗമ്യ വനിതാ സബ് ജയിലില്‍ ജീവനൊടുക്കിയത്. തുടര്‍ന്ന് സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത് വന്നിരുന്നു. സംഭവത്തില്‍ അസ്വാഭാവികതയുണ്ടെന്നും അതിനാല്‍ മൃതദേഹം ഏറ്റുവാങ്ങില്ലെന്നുമുള്ള നിലപാടിലാണ് ബന്ധുക്കള്‍.
അതേസമയം, സൗമ്യ ജീവനൊടുക്കിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കണ്ണൂര്‍ വനിതാ ജയില്‍ അധികൃതര്‍ക്കെതിരെയാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരിക്കുന്നത്. മാതാപിതാക്കളേയും മകളേയും എലിവിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയിയിരുന്നു സൗമ്യ.
Powered by Info News For You
Comments
Post a Comment