'ആ ട്വീറ്റ് നമ്മളെ ഉദ്ദേശിച്ചല്ല': ദുര്‍വ്യാഖ്യാനം നടത്തരുതെന്ന് മാധ്യമ പ്രവര്‍ത്തകന്റെ എഫ്ബി പോസ്റ്റ്


കാസര്‍കോട് (wwwEvisionnews.co): സാമൂഹ്യമാധ്യമങ്ങളിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും ചര്‍ച്ചയായ യു.എ.ഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ ട്വീറ്റുകള്‍ കേരളത്തേയോ കേന്ദ്രത്തേയോ ഉദ്ദേശിച്ചല്ലെന്ന് ദുബൈയിലെ മലയാളി മാധ്യമപ്രവര്‍ത്തകന്‍. കേരളത്തിന് വാഗ്ദാനം ചെയ്ത 700 കോടി നിരസിച്ച കേന്ദ്രസര്‍ക്കാരിനെതിരെയാണ് ആ ട്വീറ്റെന്ന് ദുര്‍വ്യാഖ്യാനം നടത്തരുതെന്ന് കെ.ആര്‍ അരുണ്‍കുമാര്‍ പറയുന്നു.

ദുബൈയിലെ സര്‍ക്കാര്‍ ഓഫീസുകളിലെ ഉദ്യോഗസ്ഥരെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ശൈഖ് ബിന്‍ റാഷിദിന്റെ ട്വീറ്റുകളെന്നും നേരത്തെ നടത്തിയ ട്വീറ്റുകളുടെ തുടര്‍ച്ചയാണിതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അരുണ്‍കുമാര്‍ പറഞ്ഞു. 

കെ.ആര്‍ അരുണ്‍കുമാറിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കഥയറിയാതെ ആട്ടം കാണല്ലേ, ആ ട്വീറ്റ് നമ്മളെ ഉദ്ദേശിച്ചല്ല!

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ സുഹൃത്തുക്കള്‍ ഏറ്റുപിടിച്ച സാഹചര്യത്തിലാണ് ഈ കുറിപ്പ്. അത് കേന്ദ്രത്തെയോ കേരളത്തെയോ ഉദ്ദശിച്ചുകൊണ്ടുള്ളതല്ല. യുഎഇയില്‍ മലയാളി സുഹൃത്തുക്കളെങ്കിലും ഈ ട്വീറ്റിന് വ്യാഖ്യാനങ്ങള്‍ നല്‍കരുത്. ദുബായിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ സാധാരണക്കാരന് സേവനം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ഷെയ്ഖ് മുഹമ്മദ് പല സന്ദര്‍ഭങ്ങളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ജോലിയില്‍ ഉഴപ്പുകാട്ടുന്നവര്‍ക്കെതിരെ നടപടികളും കൈക്കൊള്ളാറുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ദുബായിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഭരണാധികാരി പരിശോധന നടത്തിയപ്പോഴുണ്ടായ അനുഭവമാണ് കുറിപ്പിന് ആധാരം...

'രണ്ട് തരം ഉദ്യോഗസ്ഥര്‍ ഉണ്ട്. ഒന്ന് നല്ല ആളുകളാണ്. അവര്‍ക്ക് ജനങ്ങളെ സേവിക്കാന്‍ ഇഷ്ടമാണ്. അവര്‍ക്ക് സഹായം ചെയ്യുന്നതിലൂടെയും ചെയ്യാന്‍ ഉദ്ദേശിക്കുന്നതിലൂടെയും അവര്‍ ജീവിത്തില്‍ സന്തോഷം കണ്ടെത്തുകയും അതിന് മൂല്യം കല്‍പിക്കുകയും ചെയ്യുന്നു. അത് അവരുടെ ജീവിതത്തില്‍ ഏറ്റവും നല്ല മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്നു. പ്രയാസങ്ങള്‍ ലഘൂകരിക്കുക. പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുക. ജനങ്ങളുടെ സന്തോഷത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

ഭൂരിഭക്ഷം ഉദ്യോഗസ്ഥരും മനുഷ്യര്‍ക്ക് കുടുതല്‍ പ്രയാസപ്പെടുത്തുന്ന കാര്യങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. ജനങ്ങള്‍ അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി അവരുടെ ഓഫീസ് വാതിലുകളില്‍ കാത്ത് നില്‍ക്കുന്നതാണ് അവരുടെ സന്തോഷം. ഇത്തരം ആളുകള്‍ രണ്ടാം സ്ഥാനത്തേക്ക് വന്നാല്‍ (കുറഞ്ഞാല്‍) മാത്രമേ ഭരണകൂടവും സര്‍ക്കാറും വിജയിക്കുകയുള്ളൂ.'

അതായത് ആത്മാര്‍ത്ഥമായി ജോലിചെയ്യുന്ന ഉദ്യോഗസ്ഥരേയും കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തുന്നവരേയും പരാമര്‍ശിച്ചുകൊണ്ടുള്ള എഴുത്താണത്.. അത് മനസ്സിലാകണമെങ്കില്‍ ദുബായി ഭരണാധികാരിയുടെ അഞ്ചുദിവസം മുമ്പുള്ള ട്വീറ്റ് വായിച്ചാല്‍ മതി. അതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ പോസ്റ്റ്

ഇന്ത്യക്കാരെകുറിച്ച് പ്രത്യേകിച്ച് മലയാളികളെ കുറിച്ച് മികച്ച അഭിപ്രായമാണ് യുഎഇ ഭരണകൂടത്തിന് നിലവിലുള്ളതെന്നും കഥയറിയാതെ ആട്ടം കാണരുതെന്നും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?