ആറന്മുളയില്‍ വ്യോമമാര്‍ഗം ഭക്ഷണം വിതരണം ചെയ്യും; തിരുവല്ലയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം

പത്തനംതിട്ട: (www.kvartha.com 17.08.2018) തിരുവല്ലയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പുലര്‍ച്ചെ തന്നെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തി. നീണ്ടകരയില്‍ നിന്നും എത്തിച്ച നാല് വലിയ ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ആറു ബോട്ടുകള്‍ കൂടി നീണ്ടകരയില്‍ നിന്നും തിരുവല്ലയിലേക്ക് ഉടന്‍ എത്തും. എന്‍ഡിആര്‍എഫിന്റെ അഞ്ചു ടീമുകള്‍ കൂടി ഉടന്‍ എത്തും.

പുതിയ ആറു ബോട്ടുകള്‍ കൂടി എത്തുന്നതോടെ 50 ബോട്ടുകള്‍ ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിനുണ്ടാകും. റാന്നിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ച ബോട്ടുകളില്‍ ഒരെണ്ണം പാറയില്‍ ഇടിച്ചു തകരാറിലായി. ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനങ്ങളും പുനരാരംഭിച്ചു. ആറന്മുള, കോഴഞ്ചേരി ഭാഗങ്ങളില്‍ ഒറ്റപ്പെട്ടവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനായി തിരുവനന്തപുരത്തുനിന്നും 500 പേര്‍ക്കുള്ള ഭക്ഷണവുമായി ആദ്യ ഹെലികോപ്ടര്‍ ഏഴുമണിയോടെ എത്തും. വ്യാഴാഴ്ച കളക്ടറേറ്റില്‍ ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റി യോഗത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ ഹെല്‍പ്പ് ലൈന്‍ നമ്പരുകളിലേക്ക് നിരവധി പേരാണ് സഹായത്തിനായി ബന്ധപ്പെടുന്നത്. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കുന്നതിന് ഇതിനായി നിയോഗിച്ച പ്രത്യേക ടീം രാവിലെ തന്നെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഒറ്റപ്പെട്ടു കിടക്കുന്നവരെ കണ്ടെത്തുന്നതിന് ഗൂഗിള്‍ കോഓര്‍ഡിനേറ്റ്സ് സംവിധാനം ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തകര്‍ക്ക് വിവരങ്ങള്‍ കൈമാറുന്നുണ്ട്.

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി ജില്ലയിലെ ഉയര്‍ന്ന സ്ഥലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ ഉടമകള്‍ സ്വമേധയാ തുറന്നു നല്‍കണം. ഇത്തരത്തില്‍ തുറക്കാത്ത സ്ഥാപനങ്ങള്‍ പോലീസിന്റെ സഹായത്തോടെ തുറന്ന് ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തഹസീല്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. ജില്ല ഒരു വലിയ ദുരന്തം നേരിടുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിന് എല്ലാവരും തങ്ങളാല്‍ കഴിയുന്ന സേവനങ്ങള്‍ നല്‍കുവാന്‍ സ്വയം മുന്നോട്ടു വരണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു. ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് വ്യാഴാഴ്ച രാത്രി കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ എത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു വരികയാണ്. മന്ത്രിയോടൊപ്പം ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള ഡിഐജി ഷെഫീന്‍ അഹമ്മദ്, കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ എന്നിവരും ജില്ലാ കളക്ടര്‍ പി.ബി. നൂഹും പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ മേല്‍നോട്ടം വഹിച്ചു വരുന്നു. 

പ്രളയബാധിതരെ സഹായിക്കാന്‍ ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍

പ്രളയത്തില്‍പ്പെട്ട് ഒറ്റപ്പെട്ടു പോയവര്‍ക്ക് സഹായം അഭ്യര്‍ഥിക്കുന്നതിന് പ്രത്യേക ഹെല്‍പ്പ്ലൈന്‍ നമ്പരുകള്‍ പത്തനംതിട്ട ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി. 9188294112, 9188295112, 9188293112 എന്നീ നമ്പരുകളില്‍ 24 മണിക്കൂറും വിവരങ്ങള്‍ അറിയിക്കാം. 9188293112 എന്ന നമ്പരില്‍ വിളിക്കുന്നതിനു പുറമേ, വാട്സ്ആപ്പ് സന്ദേശങ്ങളും കൈമാറാം. കളക്ടറേറ്റില്‍ തുറന്ന പ്രത്യേക സെല്ലില്‍ ഇതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ പരിശോധിച്ച് ബന്ധപ്പെട്ട ഫീല്‍ഡ് തല ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. ഇതിനു പുറമേ, കളക്ടറേറ്റിലെ 04682322515, 2222515 എന്നീ നമ്പരുകളിലും വിവരങ്ങള്‍ അറിയിക്കാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Pathanamthitta, Trending, Food distributed by Air Force in Aranmula
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?