വെള്ളപ്പൊക്ക മാപ്പിംഗും മാനേജ്‌മെന്റ് പ്ലാനുമില്ല: ഇരുട്ടില്‍ തപ്പി ജലകമ്മിഷനും സര്‍ക്കാരും
കേരളം (www.evisionnews.co): വെള്ളപ്പൊക്ക മാപ്പിംഗും മാനേജ്‌മെന്റ് പ്ലാനുമില്ലാതെ കേന്ദ്രജല കമ്മീഷനും കേരള സര്‍ക്കാരും ഇരുട്ടില്‍ തപ്പുന്നു. കേരളം കടുത്ത മണ്‍സൂണിലൂടെ കടന്നുപോയപ്പോഴും കേന്ദ്ര ജലകമ്മിഷനോ സംസ്ഥാന ജലവിഭവ വകുപ്പിനോ വെള്ളപ്പൊക്ക മാനേജ്‌മെന്റ് പദ്ധതിയില്ലായിരുന്നു. എവിടെയൊക്കെ വെള്ളം പൊങ്ങുമെന്ന ധാരണപോലും റവന്യൂ വകുപ്പിനും കെ.എസ്.ഇ.ബിക്കും ദുരന്തനിവാരണ അതോറിറ്റിക്കും വ്യക്തമായി ഉണ്ടായിരുന്നില്ല.
അണക്കെട്ടുകള്‍ ഉള്ള പുഴകള്‍ക്കാണ് പ്രത്യേകം പ്രത്യേകം വെള്ളപ്പൊക്ക മാപ്പിങ്ങും മാനേജ്‌മെന്റ് പ്ലാനും വേണ്ടത്. അണക്കെട്ടിലെ വെള്ളം ഉയരുകയും നിശ്ചിത അളവില്‍ തുറന്നുവിടേണ്ടി വരികയും ചെയ്താല്‍ എവിടെയൊക്കെ വെള്ളം എത്രവെള്ളം പൊങ്ങും എന്നതാണ് വെള്ളപ്പൊക്ക മാപ്പിംഗ്. ഇതിന് ആധുനികമായ ഇലക്ട്രോണിക് സംവിധാനങ്ങളുണ്ട്. പുഴയുടെ നീരൊഴുക്ക്, പുഴയോരത്തിന്റെ ഭൂപ്രകൃതി എന്നിവകൂടി പരിഗണിച്ചാണ് ഇതു തീരുമാനിക്കപ്പെടുക. സമതലങ്ങളിലെ മഴയുടെ തോതും കണക്കിലെടുക്കും. ഇടുക്കി അണക്കെട്ട് സംബന്ധിച്ചുപോലും വ്യക്തമായ വെള്ളപ്പൊക്കമാപ്പില്ല.
കേന്ദ്രജലകമ്മിഷന്‍ ആണ് ഇത് തയാറാക്കേണ്ടത്. സ്വതന്ത്രമായി സംസ്ഥാന ഏജന്‍സികള്‍ക്കും പ്രധാനപ്പെട്ട പുഴകള്‍ക്കായി ഇത് തയ്യാറാക്കാം. കോഴിക്കോട്ടെ സിഡബ്യുആര്‍ഡിഎം, തിരുവനന്തപുരത്തെ ഭൗമശാസ്ത്ര പഠനകേന്ദ്രം എന്നിവക്ക് ഇതിനുള്ള സാങ്കേതിക പരിജ്ഞാനമുണ്ട്. വെള്ളപ്പൊക്കസാധ്യത മുന്‍കൂട്ടികാണാനും മുന്നറിയിപ്പ് സംവിധാനം കുറ്റമറ്റതാക്കാനും എല്ലാ മഴക്കാലത്തും കരുതല്‍ പുലര്‍ത്താനും ഫ്‌ളഡ് മാപ്പിംഗ് വേണം. ഇത് ഇല്ലാത്തതിനാല്‍ പ്രളയ മാനേജ്‌മെന്റ് കേരളത്തിലെ സര്‍ക്കാര്‍ വകുപ്പുകള്‍ക്കോ ഏജന്‍സികള്‍ക്കോ ഇല്ലെന്നതാണ് സ്ഥിതി കൈവിട്ടു പോകാനുള്ള പ്രധാന കാരണം.
Powered by Info News For You

Comments
Post a Comment