മഞ്ചേശ്വരത്ത് മലയാളം പഠനമില്ല: ഭാഷാ സ്‌നേഹികള്‍ ഒന്നിക്കുന്നു
കാസര്‍കോട് (www.evisionnews.co): മാതൃഭാഷ പഠിക്കാനുള്ള അവകാശത്തിനായി കേരള നാട്ടിലെ അതിര്‍ത്തി താലൂക്കിലെ ഭാഷാ സ്‌നേഹികള്‍ ഒന്നിക്കുന്നു. താലൂക്കിലെ ദ്വിഭാഷാ സ്‌കൂളുകളില്‍ കന്നഡയോടൊപ്പം മലയാളവും പഠിപ്പിക്കാന്‍ സംവിധാനം ഒരുക്കണമെന്ന് മഞ്ചേശ്വരം താലൂക്ക് കേരള ഭരണഭാഷാ വികസന സമിതി ആവശ്യപ്പെട്ടു.
ജില്ലയിലെ കന്നഡ വിദ്യാലയങ്ങളില്‍ ഉള്‍പ്പെടെ മലയാളം പഠിപ്പിക്കുന്നത് നിര്‍ബന്ധമാക്കി ഉത്തരവുകള്‍ ഇറങ്ങിയെങ്കിലും മഞ്ചേശ്വരത്തെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ ഇതുവരെയും മലയാള ഭാഷാപഠനം പ്രാവര്‍ത്തികമാക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല. വിദ്യാലയങ്ങളില്‍ എത്തിയിരിക്കുന്ന പുസ്തകങ്ങള്‍ വിതരണം ചെയ്യാത്തത് പ്രതിഷേധാര്‍ഹവും ഖേദകരവുമാണ്. പി.ടി.എ കമ്മിറ്റികള്‍ ആവശ്യപ്പെട്ടിട്ടും മലയാളം പഠിപ്പിക്കാന്‍ തയാറാകാത്ത വിദ്യാലയങ്ങള്‍ താലൂക്കിന്റെ വിവിധയിടങ്ങളിലുണ്ട്.
മലയാളം സാര്‍വത്രികമാക്കിയതിന്റെ ഭാഗമായി എസ്.സി.ആര്‍.ടി.സി പുറത്തിറക്കിയ നമ്മുടെ മലയാളം പുസ്തകമെടുക്കാന്‍ തയാറാകാതെ നിഷേധ നിലപാടുകളാണ് സ്‌കൂള്‍ അധികൃതര്‍ കാണിക്കുന്നത്. താലൂക്കില്‍ 40സര്‍ക്കാര്‍ സ്‌കൂള്‍ ഉള്‍പ്പെടെ 85 വിദ്യാലയങ്ങളില്‍ മലയാളം ഡിവിഷനുള്ളത് 30സ്‌കൂളുകളില്‍ മാത്രം. സര്‍ക്കാര്‍ തലത്തില്‍ നാലിടത്തും എയ്ഡഡില്‍ അഞ്ചിടത്തുമാണ് മലയാളം ഡിവിഷനുള്ളത്. മലയാളവും കന്നഡയും ഡിവിഷനുള്ളത് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ 21, എയ്ഡഡ് മേഖലയില്‍ രണ്ടിടത്തുമാണ്. വോര്‍ക്കാടി പഞ്ചായത്തില്‍ ഒരു സര്‍ക്കാര്‍ വിദ്യാലയത്തിലും മലയാളം ഡിവിഷനില്ല. മലയാളം പഠിപ്പിക്കുന്നത് നിര്‍ബന്ധമാക്കുന്നതോടൊപ്പം മലയാളം അധ്യാപക തസ്തികയും സൃഷ്ടിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
Powered by Info News For You

Comments
Post a Comment