കാസര്‍കോട്ടെ കൊലപാതകത്തിന് പിന്നിലെ ആര്‍എസ്എസ് - ബിജെപി ബന്ധം പുറത്തുകൊണ്ടുവരണം, ഡമ്മി പ്രതികളെ വെച്ച് കേസ് ക്ലോസ് ചെയ്യുന്നത് കൊലപാതകങ്ങള്‍ തുടരാന്‍ കാരണമാകുന്നു; കലാപശ്രമത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും; സംഘ്പരിവാരിനെതിരെ ലീഗും വെല്‍ഫയര്‍ പാര്‍ട്ടിയും

കാസര്‍കോട്: (www.kvartha.com 06.08.2018) കാസര്‍കോട് ജില്ലയില്‍ നിരന്തരമായി ആര്‍എസ്എസ്, സംഘ്പരിവാര്‍ സംഘം കൊലപാതകം നടത്തുകയാണെന്നും ഇതിന് ഒത്താശ ചെയ്തു കൊടുക്കുന്നവരെയും കൊലയാളി സംഘത്തെ സംരക്ഷിക്കുന്നവരെയും കൊലപാതകങ്ങള്‍ക്കും കലാപങ്ങള്‍ക്കും ഗൂഢാലോചന നടത്തി പറഞ്ഞയക്കുന്നവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാതെ കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ കൊലപാതകങ്ങള്‍ക്ക് അറുതി വരില്ലെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീരും ജനറല്‍ സെക്രട്ടറി ടി ഡി കബീറും പറഞ്ഞു.

കഴിഞ്ഞ കുറെകാലമായി ഇടവേളകളില്ലാതെ സംഘ്പരിവാര്‍ സംഘം ജില്ലയില്‍ ആസൂത്രിതമായി കൊലപാതകങ്ങള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം കാസര്‍കോട് ചൂരിയില്‍ പള്ളിയില്‍ കയറി റിയാസ് മൗലവിയെ കൊലപ്പെടുത്തിയവര്‍, കഴിഞ്ഞ ദിവസം ഉപ്പള സോങ്കാലില്‍ അബൂബക്കര്‍ സിദ്ദീഖിനെയും വെട്ടിക്കൊലപ്പെടുത്തി. ഇതിനിടയില്‍ നിരന്തരമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കലാപങ്ങള്‍ക്കുള്ള ശ്രമങ്ങളുംഇക്കൂട്ടര്‍ നടത്തിയിരുന്നുവെന്നും യൂത്ത് ലീഗ് ആരോപിച്ചു.

സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പ്രതികളായി വരുന്ന കൊലപാതകങ്ങളില്‍ പലപ്പോഴും കണ്ടെടുക്കുന്ന ആയുധങ്ങളും, കൊലയുടെ രീതികളും സാമ്യമുള്ളതാകുന്നതില്‍ നിന്നും വ്യക്തമാകുന്നതാണ് കൊലകളുടെ ഉറവിടങ്ങള്‍ ഒരേ സ്ഥലത്ത് നിന്നാണെന്നാണ്. കൊലപാതകങ്ങള്‍ക്ക് ശേഷം ഹാജരാക്കുന്ന വാടക പ്രതികളെ മാത്രം വെച്ച് അന്വേഷണം അവസാനിപ്പിക്കുന്നതാണ് പതിവ് രീതി. ഒരു കേസിലും ഗൂഡാലചനകളെക്കുറിച്ച് അന്വേഷിക്കുകയോ, യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുകയോ ചെയ്യാത്തതാണ് പല കൊപാതകകേസുകളിലും പ്രോസിക്യൂഷന്‍ പരാജയപ്പെടാന്‍ കാരണമെന്നും യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു.

വര്‍ഗ്ഗീയ സംഘര്‍ഷം സൃഷ്ടിച്ച് മുതലെടുക്കാനുള്ള സംഘ് പരിവാര്‍ ശ്രമം കരുതിയിരിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി മഞ്ചേശ്വരം മണ്ഡലം അടിയന്തിര സെക്രട്ടറിയറ്റ് യോഗം മുന്നറിയിപ്പ് നല്‍കി. ജന പിന്തുണ നഷ്ടപ്പെടുമ്പോള്‍ കലാപം ഉണ്ടാക്കുക എന്നത് രാജ്യവ്യാപകമായി സംഘപരിവാര്‍ ഭീകരര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കാര്യമാണ്. അത് കാസര്‍കോട് ജില്ലയിലും നടപ്പിലാക്കി വരുന്ന തെരെഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാമെന്നാണ് അവര്‍ കരുതുന്നത്. മഞ്ചേശ്വരം മണ്ഡലത്തിലും അത് നടപ്പിലാക്കാനുള്ള ശ്രമം പൊതു സമൂഹം തിരിച്ചറിഞ്ഞു ചെറുത്ത് തോലപിക്കുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു.

മദ്യ മയക്കുമരുന്ന് മാഫിയയുമായി ഇവര്‍ക്കുള്ള ബന്ധം കൂടി അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. ഉപ്പളയില്‍ ഞായറാഴ്ച രാത്രി അതിദാരുണമായി കൊല്ലപ്പെട്ട സിദ്ദീഖിന്റെ കൊലയാളികളെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രതികളെ സംരക്ഷിക്കുന്നവരെയും നിയമ സഹായം ചെയ്ത് സഹായിക്കുന്നവരെയും ശിക്ഷിക്കാനുള്ള നിയമം കൂടി ഉണ്ടാവണം. കൊല നടത്തി ജയിലില്‍ പോയാല്‍ കുടുംബത്തെ സംരക്ഷിക്കാനും ജയിലില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ അവര്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുക്കുന്നവരുമാണ് യഥാര്‍ത്ഥത്തില്‍ ഉത്തരവാദികള്‍. അവരെ സമൂഹം ഒറ്റപ്പെടുത്തേണ്ടതുണ്ടെന്നും വെല്‍ഫയര്‍ പാര്‍ട്ടി കൂട്ടിച്ചേര്‍ത്തു.

സെക്രട്ടറിയറ്റ് യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ ലത്ത്വീഫ് കുമ്പള അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ രാമകൃഷ്ണന്‍, ജില്ലാ സെക്രട്ടറി ഫെലിക്സ് ഡിസൂസ എന്നിവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി ബഷീര്‍ മഞ്ചേശ്വരം സ്വാഗതവും ലൈല ടീച്ചര്‍ നന്ദിയും പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, kasaragod, News, Politics, Murder, Youth League, RSS, BJP, Youth League and Welfare party against RSS


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?