ദുരന്തഭൂമിയിലേക്ക് കാസര്‍കോട്ടു നിന്നും സഹായമൊഴുകുന്നു; മുസ്ലിം ലീഗ് ബലിപെരുന്നാള്‍ ദിവസം ഫണ്ട് ശേഖരണം നടത്തും, എസ് ടി യു ചുമട്ട് തൊഴിലാളികള്‍ സൗജന്യമായി കയറ്റിറക്ക് നടത്തും

പ്രളയ ദുരിതാശ്വാസം: മുസ്ലിം ലീഗ് പെരുന്നാള്‍ ദിവസം ഫണ്ട് ശേഖരിക്കും

കാസര്‍കോട്: (www.kasargodvartha.com 19.08.2018) സംസ്ഥാനത്ത് പ്രളയക്കെടുതികളില്‍ സര്‍വ്വതും നഷ്ടപ്പെട്ട സഹോദരന്മാരെ സഹായിക്കുന്നതിനായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം ഓഗസ്റ്റ് 22ന് പെരുന്നാള്‍ ദിവസം ഫണ്ട് ശേഖരിക്കും. ഓഗസ്റ്റ് 17 ന് മുനിസിപ്പല്‍ - പഞ്ചായത്ത്- വാര്‍ഡ് തലങ്ങളില്‍ ഫണ്ട് ശേഖരണം നടത്താന്‍ സാധിക്കാത്തവരും, പൂര്‍ത്തീകരിക്കാത്തവരുമാണ് പെരുന്നാള്‍ ദിവസം ഫണ്ട് ശേഖരണം നടത്തുക.

പണം ബന്ധപ്പെട്ട നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ഏറ്റുവാങ്ങി ഓഗസ്റ്റ് 23ന് തന്നെ ജില്ലാ കമ്മിറ്റിയെ ഏല്‍പിക്കുമെന്ന് ജില്ലാ പ്രസിഡണ്ട് എം.സി. ഖമറുദ്ദീന്‍, ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍ എന്നിവര്‍ അറിയിച്ചു.


പ്രളയ ബാധിതര്‍ക്ക് എസ് ടി യുവിന്റെ കൈതാങ്ങ്

കാസര്‍കോട്: സംസ്ഥാനത്ത് മഴക്കെടുതി മൂലം ദുരിതമനുഭിക്കുന്ന സഹോദരങ്ങളെ സഹായിക്കാന്‍ സര്‍ക്കാറും വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനകളും സ്ഥാപനങ്ങളും നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൈതാങ്ങായി എസ്. ടി. യു പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി.

കാസര്‍കോട് നഗരത്തില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കയറ്റി അയക്കുന്ന സാധന സാമഗ്രികളത്രയും സൗജന്യമായി കയറ്റിറക്ക് നടത്തി കൊടുത്ത് കൊണ്ടാണ് കാസര്‍കോട് നഗരത്തിലെ എസ്.ടി.യു. പ്രവര്‍ത്തകരായ ചുമട്ട് തൊഴിലാളികള്‍ മാതൃകയായത്. 

ആവശ്യമായ ഘട്ടങ്ങളില്‍ ദുരിതബാധിതര്‍ക്ക് അയക്കുന്ന സാധന സാമഗ്രികള്‍ തുടര്‍ന്നും എസ്.ടി.യു ചുമട്ട് തൊഴിലാളികള്‍ സൗജന്യമായി കയറ്റിറക്ക് നടത്തുമെന്ന് കാസര്‍കോട് ടൗണ്‍ ചുമട്ട് തൊഴിലാളി യൂണിയന്‍ (എസ്.ടി.യു.) ജനറല്‍ സെക്രട്ടറി മുത്തലിബ് പാറക്കട്ട അറിയിച്ചു.

ദുരിതബാധിതര്‍ക്കുവേണ്ടി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സമാഹരിച്ചത് ടണ്‍ കണക്കിന് സാധനങ്ങള്‍

മഞ്ചേശ്വരം: മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ദുരിതബാധിതര്‍ക്കുവേണ്ടി സമാഹരിച്ചത് ടണ്‍ കണക്കിന് സാധനങ്ങള്‍. ആദ്യ ലോഡ് കണ്ടെയ്നര്‍ ഞായറാഴ്ച വയനാട്ടിലേക്ക് പുറപ്പെട്ടു. നിരവധി ലോഡ് സാധനങ്ങള്‍ വയനാട്ടിലേക്കും മറ്റു ജില്ലകളിലേക്കും ദുരിതബാധിതരെ തേടി വരും ദിവസങ്ങളില്‍ പുറപ്പെടുമെന്ന് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം. അഷറഫ് അറിയിച്ചു. 

ദുരിതബാധിത മേഖല നേരിട്ട് സന്ദര്‍ശിച്ച് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. സാധന സാമഗ്രികളുമായുള്ള ആദ്യ വാഹനത്തിന്റെ ഫ്ളാഗ് ഓഫ് വ്യവസായ പ്രമുഖന്‍ അബ്ദുല്‍ ലത്വീഫ് ഉപ്പള ഗേറ്റ് നിര്‍വ്വഹിച്ചു. പ്രസിഡണ്ട് എ.കെ.എം. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് മമത ദിവാകര്‍, മംഗല്‍പ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് ബന്തിയോട്, മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡണ്ട് റസാഖ് ഹാജി, യൂസഫ് ഉളുവാര്‍, റഹ് മാന്‍ ഗോള്‍ഡന്‍ സംബന്ധിച്ചു.


ഇരുപത് വളണ്ടിയര്‍സും ആറുലക്ഷം രൂപയുടെ അവശ്യസാധനങ്ങളുമായി ടീം അമാസ്‌ക് ദുരിതമേഖലയിലേക്ക് 

കാസര്‍കോട്: സന്തോഷ് നഗര്‍ ടീം അമാസ്‌ക് ക്ലബിന്റെ ഇരുപത് വളണ്ടിയര്‍സും ആറുലക്ഷം രൂപയുടെ അവശ്യസാധനങ്ങളുമായി പ്രളയക്കെടുതിയില്‍ നാശം വിതച്ച മേഖലകളിലേക്ക് യാത്ര തിരിച്ചു. ടീം അമാസ്‌കിന്റെ പ്രവര്‍ത്തകര്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി സന്തോഷ് നഗറില്‍ പ്രത്യേകം തുറന്ന ഷെല്‍ട്ടറില്‍ കേന്ദ്രീകരിച്ച് നടത്തിയ ശേഖരത്തില്‍ എല്ലാ വിഭാഗം ആളുകള്‍ക്കുള്ള പുത്തന്‍ വസ്ത്രങ്ങള്‍, ധാന്യങ്ങള്‍, സോപ്പ്, സാനിറ്ററി നാപ്കിന്‍സ്, ഭക്ഷണ പാത്രങ്ങള്‍, മറ്റു ഭക്ഷ്യ ഉത്പന്നങ്ങള്‍ തുടങ്ങിയവ ശേഖരിച്ച് പ്രത്യേകം പാക്ക് ചെയ്താണ് ദുരന്തഭൂമിയില്‍ എത്തിക്കുക. 

നേരിട്ട് ദുരന്തബാധിതരില്‍ എത്തിക്കുന്നതിനു വേണ്ടി ടീം അമാസ്‌കിന്റെ ഇരുപത് സജീവ പ്രവര്‍ത്തകരും വളണ്ടിയാറായി പുറപ്പെട്ടിട്ടുണ്ട്. സന്തോഷ് നഗര്‍ ജുമാ മസ്ജിദ് പരിസരത്തു നിന്നും അവശ്യസാധനങ്ങള്‍ നിറച്ച് ആരംഭിച്ച വാഹനങ്ങള്‍ ടീം അമാസ്‌ക് ചെയര്‍മാന്‍ ശാഫി റിലയന്‍സ് ഫ്‌ളാഗ് ഓഫ് ചെയ്തു. ജാസിം മാര, റഷീദ് ഖത്തര്‍, സിദ്ദീഖ് മുഹമ്മദ് കുഞ്ഞി, ഹമീദ് നെക്കര, ഖാദര്‍ പാലോത്ത്, മന്‍സൂര്‍ ഖത്തര്‍, ഷഫീഖ് പി.കെ, ഖാലിദ് ബദ് രിയ, സിദ്ദീഖ് സന്തോഷ് നഗര്‍, സലീം ഹാജി, സാജിദ് പൈക്ക, ഷബീര്‍, ഷഫീഖ് റിപ്പര്‍, താഹിര്‍, സവാദ് പൈക്ക,  ഉനൈസ് തുടങ്ങിയവര്‍ അവശ്യസാധന ശേഖരണത്തിനും മറ്റും നേതൃത്വം നല്‍കി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Trending, Rain, Flood: helping hands from Kasaragod
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?