പമ്പയും കക്കിയും അണക്കെട്ട് തുറന്നു; വെള്ളം കുതിച്ചെത്തി, കുട്ടനാട് വീണ്ടും കണ്ണീര്‍ പ്രളയത്തില്‍

ഹരിപ്പാട്: (www.kvartha.com 12.08.2018) രണ്ട് തവണ പ്രളയക്കെടുതി അനുഭവിച്ച കുട്ടനാടന്‍ ജനതയ്ക്ക് പമ്പയും കക്കി ഡാമും തുറന്നതോടെ കലങ്ങിമറിഞ്ഞ് കുതിച്ച് പാഞ്ഞെത്തിയ കിഴക്കന്‍ വെള്ളം കുട്ടനാടന്‍ ജനതയുടെ കണ്ണീര്‍ പ്രളയമായി മാറി. പമ്പ ഡാമിന്റ നാലു ഷട്ടറുകളിലൂടെ പുറം തള്ളുന്ന പ്രളയജലത്തെ അതിജീവിക്കാന്‍ കുട്ടനാടന്‍ ജനതയ്ക്ക് കഴിയാത്ത അവസ്ഥയാണ്.

തുടര്‍ച്ചയായുണ്ടായ രണ്ട് വെള്ളപ്പൊക്കത്തിലൂടെ ദുരിതം പേറിയ ജനത വീണ്ടും വെള്ളത്തിലായി. താഴ്ന്ന പ്രദേശങ്ങള്‍ വീണ്ടും വെള്ളത്തിനടിയിലായി. വീടുകളില്‍ വെള്ളം കയറിയതോടെ ഇനിയും വീടിനുള്ളില്‍ താമസിക്കണമെങ്കില്‍ ഏറെ അധ്വാനിക്കേണ്ടി വരും. വെള്ളം ഇറങ്ങിയതോടെ ഓണത്തിന് മുമ്പേ തൊഴിലവസരങ്ങള്‍ ഉണ്ടാകും എന്ന പ്രതീക്ഷയില്‍ കഴിഞ്ഞവര്‍ക്കാണ് വീണ്ടും ഒരു വെള്ളപ്പൊക്കത്തിനെ കൂടി നേരിടേണ്ടി വന്നിരിക്കുന്നത്. വീയപുരം- മാന്നാര്‍, മേല്‍പാടം- മാന്നാര്‍, എടത്വാ- വീയപുരം, പായിപ്പാട്- കരുവറ്റാ, ചെറുതന- ഹരിപ്പാട്, മുട്ടാര്‍- കിടങ്ങറ തുടങ്ങിയ റോഡുകളെല്ലാം വീണ്ടും വെള്ളത്തിനടിയിലായി.

ഇതില്‍ മിക്ക റോഡുകളിലൂടെയുമുള്ള വാഹന ഗതാഗതവും നിലച്ചു. മേല്‍പ്പാടം പാളയത്തില്‍ കോളനി, നാല്‍പത്തഞ്ചില്‍ കോളനി, വീയപുരം നന്ദന്‍കേരില്‍ കോളനി, പാളയത്തില്‍ കോളനി ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ നിരവധി വീടുകളും വെള്ളത്തിനടിയിലായി. ഇവിടെ ജനജീവിതം പൂര്‍ണ്ണമായും തകരാറിലാണ്. ഇവിടെ ക്യാമ്പുകള്‍ പുനരാരംഭിക്കേണ്ട അവസ്ഥയാണ്. മാസങ്ങളായി തൊഴില്‍ മേഖല സ്തംഭിച്ചു കിടക്കുകയും മൂന്നാം പ്രാവശ്യവും വെള്ളപ്പൊക്കം ദൈനം ദിന ജീവിതം താളം തെറ്റിക്കുകയും ചെയ്തിട്ടും ക്യാമ്പുകള്‍ ആരംഭിച്ചിട്ടില്ല. വെള്ളം ശക്തമായി ഉയര്‍ന്നാല്‍ ക്യാമ്പ് ആരംഭിക്കുന്നതിനു തടസ്സമില്ലെന്നും നിലവിലെ സാഹചര്യത്തില്‍ ക്യാമ്പിന്റെ ആവശ്യമില്ലെന്നുമാണ് വീയപുരം വില്ലേജ് ഓഫീസര്‍ പറയുന്നത്. ചെറുതന ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന പോച്ച, ചെങ്ങാരപ്പള്ളിച്ചിറ, പെരുമാങ്കര, കാഞ്ഞിരംതുരുത്ത് തുടങ്ങിയ പ്രദേശങ്ങള്‍ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ്.

പമ്പയറിന് കുറുകെയുള്ള പെരുമാങ്കര പാലത്തിന്റെ നിര്‍മ്മാണത്തിലെ അശാസ്ത്രീയത കാരണം ഒരു പ്രദേശം മുഴുവനും ഗുണത്തേക്കാളേറെ ദോഷം അനുഭവിക്കുകയാണെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ട് നിര്‍മ്മിച്ച പാലമാണിത്. ക്വാര്‍ട്ടര്‍ ബ്രിഡ്ജായി പണിത പാലത്തിന് അടുത്തടുത്തായി അമ്പതിലധികം പയലുകളാണുള്ളത്. ഇവിടെ പയലില്‍ വന്‍തോതില്‍ ആഴത്തില്‍ മാലിന്യങ്ങള്‍ അടിഞ്ഞു കിടക്കുന്നതിനാല്‍ നീരൊഴുക്ക് തടസ്സപ്പെടുകയാണ്. അതിനാല്‍ പ്രദേശത്ത് ജലനിരപ്പ് ശക്തമായി ഉയരുന്നതിനാല്‍ മുഴുവന്‍ വീടുകളും വെള്ളത്തിനടിയിലാണ്. മാലിന്യങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ ദുരവസ്ഥ ഇരട്ടിയിലധികമാകുമെന്നും ആക്ഷേപമുണ്ട്. ഇതിനിടെ വീടിനുള്ളില്‍ വെള്ളം കയറിയവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ചെങ്കിലും അതും പ്രാവര്‍ത്തികമായില്ല എന്ന ആരോപണവുമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Trending, Rain, Dam, Heavy Rain; Flood in Kuttanad
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?