ദേശീയ പാതയിലെ കുഴിയടക്കല്‍: എം.പിക്കെതിരെ യൂത്ത് ലീഗ് നേതാവിന്റെ എഫ്.ബി പോസ്റ്റ്
കാസര്‍കോട് (www.evisionnews.co): തകര്‍ന്ന് തരിപ്പണമായി കിടക്കുന്ന ജില്ലയിലെ ദേശീയ പാതയിലെ കുഴികള്‍ അടക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ആലോചിക്കുന്നതിന് വേണ്ടി കാസര്‍കോട് എം.പി വിളിച്ചുചേര്‍ത്ത യോഗത്തെ പരിഹസിച്ച് യൂത്ത് ലീഗ് നേതാവിന്റെ എഫ്.ബി പോസ്റ്റ്. കാസര്‍കോട്ടുകാരുടെ എംപിക്ക് നേരം വെളുത്തത് ഇന്നാണെന്ന തലക്കെട്ടിലാണ് പോസ്റ്റ്. കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്നിന്റെയും മുസ്്‌ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കളുടെയുടെ ഇടപെടലില്‍ കുഴികളടക്കുന്ന നടപടികള്‍ ആരംഭിച്ചതിന് ശേഷം എം.പി യോഗം വിളിച്ചത് ജനകീയ പ്രശ്‌നങ്ങളില്‍ താന്‍ പുലര്‍ത്തുന്ന അനങ്ങാപ്പാറ നയത്തിനെതിരെ ഉയര്‍ന്ന പൊതുജന രോഷത്തില്‍ നിന്നും തടിയൂരാനാണെന്നാണ് എം.പിക്കെതിരെയുള്ള ആരോപണം.
ദേശീയപാതയിലെ കുഴികള്‍ അടക്കുന്നതിനുള്ള കാര്യങ്ങള്‍ ആലോചിക്കുന്നതിന് വേണ്ടി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം പി. കരുണാകരനാണ് വിളിച്ച് ചേര്‍ത്തത്. മാസങ്ങളായി തകര്‍ന്നു കിടക്കുന്ന പാതയിലെ കുഴികള്‍ അടച്ച് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് മുസ്്‌ലിം ലീഗ് പ്രവര്‍ത്തകര്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ നേതൃത്വത്തില്‍ ജൂലൈ 23ന് കാസര്‍കോട് പൊതുമരാമത്ത് ദേശീയപാത വിഭാഗം ഓഫീസ് ഉപരോധിച്ചിരുന്നു. ഇതേതുടര്‍ന്ന് ഏറ്റവും കൂടുതല്‍ തകര്‍ന്ന പെര്‍വാഡ്- അണങ്കൂര്‍ ദേശീയപാതയിലെ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിന് 75ലക്ഷം രൂപയും തലപ്പാടി- ഉപ്പള ഭാഗങ്ങള്‍ക്ക് 20ലക്ഷം രൂപയും അനുവദിച്ച് അന്ന് തന്നെ ദേശീയപാത വിഭാഗം ചീഫ് എഞ്ചിനീയര്‍ ഉത്തരവിറക്കുകയും ചെയ്തതാണ്.
തുടര്‍ന്ന് പ്രവൃത്തി ആരംഭിക്കാത്ത സാഹചര്യത്തില്‍ ജൂലൈ 30ന് കാസര്‍കോട് ദേശീയപാത വിഭാഗം അസി എക്‌സിക്യൂട്ടീവ് എഞ്ചിനിയറെയും മറ്റു ഉദ്യോഗസ്ഥരെയും യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം, മുനിസിപ്പല്‍ ഭാരവാഹികളോടൊപ്പം കാണുകയും നിജസ്ഥിതി അന്വേഷിക്കുകയും ചെയ്തിരുന്നു. വലിയ കുഴികള്‍ അടിയന്തിരമായി നികത്തുന്നതിനുള്ള ചുമതല ഏറ്റടുത്തവര്‍ പ്രവൃത്തിയില്‍ കൃത്രിമം കാണിച്ച സാഹചര്യത്തില്‍ ടെണ്ടര്‍ ചെയ്യാതെ കുഴികള്‍ അടക്കുന്ന പണികള്‍ ആരംഭിക്കുന്നതിന് തടസങ്ങള്‍ ഉണ്ടായതായും ആഗസ്റ്റ് ഒന്നുവരെ ടെണ്ടര്‍ ക്വട്ടേഷന്‍ ചെയ്യാനുള്ള സമയവും രണ്ടാം തിയ്യതി ടെണ്ടര്‍ ഓപ്പണ്‍ ചെയ്ത് അന്ന് തന്നെ വര്‍ക്ക് ഓര്‍ഡര്‍ നല്‍കി നാലാം തിയതി മുതല്‍ പണി ആരംഭിക്കുമെന്നും ഉറപ്പുനല്‍കുകയും ചെയ്തിരുന്നതായും പോസ്റ്റില്‍ പറയുന്നു. തുടര്‍ന്ന് ടെണ്ടര്‍ കഴിഞ്ഞ് വര്‍ക്ക് ഓര്‍ഡറും കൈപ്പറ്റി മറ്റു നടപടികളെല്ലാം പൂര്‍ത്തികരിച്ച് ഇന്നലെ രാവിലെ മുതല്‍ ദേശീയ പാതയിലെ കുഴികള്‍ അടക്കുന്ന ജോലികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.
Powered by Info News For You

Comments
Post a Comment