'അന്ത്യവിശ്രമം മറീനയില്‍ തന്നെ' കരുണാനിധിയുടെ സംസ്‌കാരത്തിലെ രാഷ്ട്രീയക്കളിയില്‍ കോടതിയുടെ തീര്‍പ്പ്
അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി എം.കരുണാനിധിയുടെ മൃതദേഹം മറീന ബീച്ചില്‍ തന്നെ സംസ്‌കരിക്കാമെന്ന് മദ്രാസ് ഹൈക്കോടതി. ഡി.എം.കെ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം. മറീന ബീച്ചിലെ സംസ്‌കാരത്തെ എതിര്‍ത്ത് കൊണ്ട് നല്‍കിയ അഞ്ചു ഹര്‍ജിയും രാവിലെ വാദം തുടങ്ങിയപ്പോള്‍ തന്നെ പിന്‍വലിച്ചിരുന്നു. കരുണാനിധിയുടെ സംസ്‌കാരത്തിനായി ഗാന്ധി മണ്ഡപത്തില്‍ രണ്ടേക്കര്‍ സ്ഥലം അനുവദിച്ചെന്നും പല സ്വാതന്ത്ര്യ സമര നേതാക്കളെയും അവിടെയാണ് അടക്കം ചെയ്തതെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം രാത്രി ഹര്‍ജി പരിഗണിച്ച ആക്ടിങ് ചീഫ് ജസ്റ്റിസ് എച്ച്.ജി രമേശും ജസ്റ്റിസ് എസ്.എസ് സുന്ദറും അടങ്ങുന്ന രണ്ടംഗ ബെഞ്ച് സംസ്ഥാന സര്‍ക്കാറിനോടും ചെന്നൈ കോര്‍പ്പറേഷനോടും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. മറീന ബീച്ചില്‍ അണ്ണാദുരൈയുടെ സ്മാരകത്തിന് സമീപം കരുണാനിധിയെ സംസ്‌കരിക്കണമെന്നാണ് ഡി.എം.കെയുടെ ആവശ്യം. ഇതിനെ എതിര്‍ത്ത തമിഴ്‌നാട് സര്‍ക്കാര്‍ അണ്ണാ യൂണിവേഴ്‌സിറ്റിക്ക് സമീപം ഗാന്ധി മണ്ഡപത്തില്‍ രണ്ടേക്കര്‍ സ്ഥലം അനുവദിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് 6.10ഓടെ അന്തരിച്ച കരുണാനിധിയുടെ മൃതദേഹം രാജാജി ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്.
മുഖ്യമന്ത്രിമാരായിരുന്ന സി.എന്‍.അണ്ണാദുരൈ, എം.ജി.ആര്‍, ജയലളിത എന്നിവരുടെ മൃതദേഹമാണ് മറീനാ ബീച്ചില്‍ സംസ്‌കരിച്ചിട്ടുള്ളത്. മുഖ്യമന്ത്രിമാരായിരുന്ന സി. രാജഗോപാലാചാരി, കെ.കാമരാജ്, ഭക്തവത്സലം എന്നിവരുടെ മൃതദേഹങ്ങള്‍ അടക്കം ചെയ്തത് ഗാന്ധി മണ്ഡപത്തിലായിരുന്നു. അണ്ണാ സ്മാരകം തീരദേശ നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നും അതിനാല്‍ അവിടെ കരുണാനിധിയെ സംസ്‌കരിക്കാന്‍ സ്ഥലം അനുവദിക്കുന്നതില്‍ തെറ്റില്ലെന്നും ഡി.എം.കെയ്ക്ക് വേണ്ടി ഹാജരായ ദുരൈ സ്വാമി അറിയിച്ചു.
അതിനിടെ മറീന ബീച്ചില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തുന്നതില്‍ നിന്ന ചെന്നൈ കോര്‍പ്പറേഷനെ വിലക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷക വി. ഗാന്ധിമതി നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പിന്‍വലിച്ചു. രാവിലെ എട്ടു മുതലാണ് കോടതിയില്‍ വാദം ആരംഭിച്ചത്.. ഡിഎംകെയുടെ വാദത്തിന് മറുപടി നല്‍കുന്നതിനു തമിഴ്‌നാട് സര്‍ക്കാര്‍ കൂടുതല്‍ സമയം ചോദിച്ചിരുന്നു. കരുണാനിധിയുടെ നിര്യാണത്തിനു പിന്നാലെ തമിഴ്‌നാട്ടില്‍ പലയിടത്തും സംഘര്‍ഷമുണ്ടായി.
Powered by Info News For You
Comments
Post a Comment