തുള്ളിക്കൊരുകുടം: പ്രകൃതി മുഴുവന്‍ വെള്ളത്തില്‍ മുങ്ങി, ഇതുപോലൊരു മഴ പാലക്കാട്ടുകാര്‍ കണ്ടിട്ടില്ല

പാലക്കാട്: (www.kvartha.com 11.08.2018) കലിതുളളി കര്‍ക്കിടകം കോരിചൊരിഞ്ഞപ്പോള്‍ പാലക്കാട്ടില്‍ കണ്ടത് ഇതുവരെ കാണാത്ത മഴ. ഇങ്ങിനെയൊരു മഴ പഴമക്കാരുടെ ഓര്‍മ്മകളില്‍ പോലും ഇല്ല. പതിറ്റാണ്ടുകള്‍ക്കുശേഷമാണ് പെരുംമഴ പാലക്കാട്ടില്‍ വെളളപ്പൊക്കമുണ്ടാക്കിയത്. നാടും നഗരവും ഇപ്പോള്‍ വെളളത്തിലാണ്. പലയിടത്തും വെളളം ഒഴിഞ്ഞുപോയി തുടങ്ങിയിട്ടുണ്ട്. അപ്പോഴും മഴ തുടരുന്നത് ആശങ്കപ്പെടുത്തുന്നുണ്ട്.

കഴിഞ്ഞ മൂന്നുദിവസമായി തുടരുന്ന മഴയില്‍ ജില്ലയിലെ ഡാമുകളെല്ലാം നിറഞ്ഞു. പ്രധാന ഡാമായ മലമ്പുഴ ദിവസങ്ങള്‍ക്കുമുമ്പുതന്നെ തുറന്നിരുന്നു. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടറുകള്‍ അധികമായി ഉയര്‍ത്തേണ്ട അവസ്ഥയാണ് നിലവില്‍. മലമ്പുഴ ഡാമിന്റെ നാലു ഷട്ടറുകളും കഴിഞ്ഞദിവസം പുലര്‍ച്ചെ മുതല്‍ 1.5 സെ.മീറ്ററില്‍ നിന്നും മൂന്നു സെ. മീറ്ററിലേക്ക് താഴ്ത്തി. ജില്ലയിലെ മറ്റൊരു ഡാമായ ശിരുവാണി വെള്ളിയാഴ്ച വൈകുന്നേരം തുറന്നു. കൂടാതെ മീങ്കര ഡാമും തുറക്കാനുളള നടപടികളിലേക്ക് അധികൃതര്‍ എടുത്തുകഴിഞ്ഞു.

മീങ്കര ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ ഏതാനും ദിവസങ്ങള്‍ക്കകം ഡാം തുറന്നുവിടുമെന്ന് ജില്ലാ കലക്ടര്‍ ഡി. ബാലമുരളി അറിയിച്ചു. അതിനാല്‍ ഗായത്രിപുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

കനത്ത മഴയില്‍ നാടും നഗരവും വെള്ളക്കെട്ടിലായതോടെ ജനജീവിതവും വാഹനഗതാഗതവും ദുഷ്‌കരമായി. പാലക്കാട് നഗരത്തെയാണ് മഴയുടെ കെടുതികള്‍ കൂടുതല്‍ ബാധിച്ചത്. പാലക്കാട് നഗരത്തിലും, പരിസരപ്രദേശങ്ങളിലും അപ്രതീക്ഷിത പ്രളയത്തിന് കാരണമായത് മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ ഉയര്‍ത്തിയതാണെന്ന് ആരോപണം ശക്തമാണ്. ഈ വിഷയത്തില്‍ ബിജെപി ജില്ലാഘടകം പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.

മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ മുന്‍ നിലയില്‍നിന്ന് അടിയന്തരമായി കൂടുതല്‍ ഉയര്‍ത്തിയതാണ് അര്‍ദ്ധരാത്രിയിലെ വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് ബിജെപി ആരോപിക്കുന്നു. മലമ്പുഴ ഡാമിലെ വെള്ളം തുറന്നു വിടുന്നതിന് വന്ന കാലതാമസവും, ആദ്യം തുറന്ന സമയത്തെ ഷട്ടറിന്റെ ഉയര്‍ച്ചയുടെ അളവില്‍ വന്ന വിശകലന കുറവുമാണ് അര്‍ദ്ധരാത്രിയിലെ സാഹസത്തിന് അധികൃതരെ പ്രേരിപ്പിച്ചത്. സ്വാഭാവികമായി തുലാവര്‍ഷത്തിലെ മഴയിലാണ് മലമ്പുഴ ഡാം നിറയുക എന്നിരിക്കെ കാലവര്‍ഷം മഴയും, വേനല്‍ മഴയും അധികമായി ലഭിച്ച സമയത്തുതന്നെ മുന്‍കൂട്ടിക്കണ്ട് ഷട്ടര്‍ തുറക്കേണ്ട കാര്യം പരിഗണിക്കാതിരുന്നത് ജലസേചന വകുപ്പിന്റെ അലംഭാവമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പി. ഭാസി ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ സ്വത്ത് നഷ്ടത്തിനും, ദുരിതങ്ങള്‍ക്കും ഇടയാക്കുകയും ദിവസങ്ങളോളം നഗരത്തിലെ ജനങ്ങള്‍ക്ക് കുടിവെള്ളം തടസ്സപ്പെടുത്തുന്നതിനും ഇടയാക്കിയ ഈ സംഭവം ജലസേചന വകുപ്പിന്റെയും, ബന്ധപ്പെട്ട മറ്റു വകുപ്പുകളുടെയും കെടുകാര്യസ്ഥത മൂലമാണെന്നും, ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥന്മാര്‍ക്ക് എതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴയുടെ സംഹാരതാണ്ഡവത്തില്‍ പെരുവഴിയിലായവര്‍ക്കായി ജില്ലയില്‍ 21 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ഇവിടങ്ങളിലേക്ക് ഇതുവരെ 2025 പേരെ മാറ്റിപാര്‍പ്പിച്ചു. പാലക്കാട് താലൂക്കില്‍ 20 ഉം മണ്ണാര്‍ക്കാട് താലൂക്കില്‍ ഒരു ക്യാമ്പുമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ക്യാമ്പുകളില്‍ ഭക്ഷണവും അവശ്യ മരുന്നും സജ്ജീകരിച്ചിട്ടുണ്ട്.

ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗം ശനിയാഴ്ച രാവിലെ മന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ ചേരും. ജില്ലയിലെ അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രി എ.കെ. ബാലന്‍ ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Trending, palakkad, Rain, Palakkad: Heavy rain affects Normal life
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?