പ്രഭാവതി അമ്മ പ്രചോദനമാകട്ടെ..

കൂക്കാനം റഹ് മാന്‍

(www.kvartha.com 24.08.2018) വര്‍ പ്രഭാവതി അമ്മ. ഞാന്‍ നേരിട്ടു കണ്ടിട്ടില്ല. കേട്ടറിഞ്ഞിട്ടുണ്ട്. കേട്ടറിവു വെച്ചു പറയുകയാണ്, പ്രഭാവതി അമ്മ കേരളക്കരയില്‍ വേദന കടിച്ചമര്‍ത്തിക്കഴിയുന്ന നിരവധി അമ്മമ്മാര്‍ക്ക് പ്രചോദനവും മാതൃകയുമായ വ്യക്തിയാണ്. 'ഇനിയൊരമ്മയും എന്റേതുപോലുള്ള അനുഭവമുണ്ടാകരുതെന്ന്' ഉള്ളുതട്ടി പറയുമ്പോള്‍ അതെന്താണെന്നറിയാന്‍ നമുക്ക് താല്‍പ്പര്യമുണ്ടാവുക സ്വാഭാവികം. പൊന്നുപോലെ വളര്‍ത്തിയ സ്വന്തം മകനെ നിയമപാലകര്‍ ഉരുട്ടി കൊലപ്പെടുത്തിയ ദാരുണ സംഭവം പ്രഭാവതിയമ്മ നേരിട്ടതെങ്ങനെയെന്ന് പഠിക്കേണ്ടതും, ഉള്‍ക്കൊണ്ട് പ്രചരിപ്പിക്കേണ്ടതുമാണ്.

സത്യം പറയിക്കാനും തെളിയിക്കാനും ആധുനികകാലത്ത് നിരവധി ശാസ്ത്രീയ മാര്‍ഗ്ഗങ്ങളുണ്ടായിട്ടും, നിയമപാലകര്‍ ചെയ്ത ക്രൂരകൃത്യം സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. മോഷണക്കുറ്റം തെളിയിക്കാനായിരുന്നു പോലീസുകാര്‍ ക്രൂരകൃത്യം ചെയ്തത്. സ്വന്തം മകനെ കൊടിയ മര്‍ദ്ദനമുറകളുപയോഗിച്ച് കൊലപ്പെടുത്തിയ പോലീസുകാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും, അര്‍ഹമായ ശിക്ഷാ വിധി നേടുവാനും പ്രായാധിക്യത്തിലും പ്രഭാവതി അമ്മ നടത്തിയ പോരാട്ടം അഭിനന്ദനമര്‍ഹിക്കുന്നു.

2005 സപ്തംബര്‍ 27 ന് ഒരു ഓണനാളിലാണ് പോലീസ് പ്രഭാവതി അമ്മയുടെ ഏകമകന്‍ ഉദയകുമാറിനെ അറസ്റ്റ് ചെയ്യുന്നത്. കസ്റ്റഡിയെടുത്ത് മൂന്നാംനാള്‍ കഴിഞ്ഞപ്പോഴാണ് ഉദയകുമാറിന്റെ ചേതനയറ്റ ശരീരം ആശുപത്രിയിലെ മോര്‍ച്ചറിയില്‍ അമ്മ കണ്ടത്. പട്ടിണിയിലും പാടുപെട്ടാണ് അമ്മ മകനെ വളര്‍ത്തിയത്. വീടുകളില്‍ വീടുപണിക്ക് ചെല്ലുമ്പോള്‍ മകനെയും ഒക്കത്തെടുത്താണ് അമ്മ പോയിരുന്നത്. പലയിടത്തും വാടകയ്ക്ക് താമസിച്ചതിനാല്‍ മകന്റെ പഠനം മുന്നോട്ടു കൊണ്ടുപോകാന്‍ അവര്‍ക്കായില്ല. മകനില്ലാത്ത ഒരു ലോകം പ്രഭാവതിയമ്മക്കില്ലായിരുന്നു. തിരിച്ച് ഉദയകുമാറിനും അമ്മയെ വിട്ടൊരു ലോകമില്ല.
Prabhavathi Amma, The iron lady, Article, Kookkanam Rahman, Mother

ഇരുപത് വയസ്സായപ്പോള്‍ അവന്‍ ജോലിക്കുപോകാന്‍ തുടങ്ങി. കിട്ടുന്ന കൂലി കൃത്യമായി അമ്മയെ ഏല്‍പ്പിക്കും. ഒരു തെറ്റും ചെയ്യാത്ത പാവം പയ്യനായിരുന്നു എന്നാണ് പ്രഭാവതി അമ്മ തറപ്പിച്ചു പറയുന്നത്. അമ്മയ്ക്ക് താങ്ങും തണലുമായി നില്‍ക്കേണ്ട 26 വയസ്സുവരെ പോറ്റിവളര്‍ത്തിയവനെയാണ് കുറ്റമാരോപിച്ച് പോലീസുകാര്‍ ഇഞ്ചിഞ്ചായി വേദനിപ്പിച്ച് കൊന്നത്. പന്ത്രണ്ടു വര്‍ഷത്തിനപ്പുറമുള്ള ഓണക്കാലത്ത് അമ്മയ്ക്കും തനിക്കും ഓണക്കോടി വാങ്ങാന്‍ പോയതായിരുന്നു ഉദയകുമാര്‍. ഓണക്കോടിയുമായി മകന്‍ തിരിച്ചെത്തുന്നത് കാത്തിരിക്കുകയായിരുന്നു അമ്മ. അന്ന് വൈകിട്ട് ആ അമ്മയുടെ പ്രിയപ്പെട്ട മകന്‍ തിരിച്ചെത്തിയില്ല.

മകനില്ലാത്ത പതിനാലാമത്തെ ഓണമാണ് പ്രഭാവതിക്കിത്. അവര്‍ എല്ലാം ത്യജിച്ച് മകനെ കൊന്നവര്‍ക്കെതിരെ നിയമപോരാട്ടം നടത്തുകയാണ് ചെയ്തത്. പതിമൂന്ന് വര്‍ഷമായി ഈ വയസ്സുകാലത്ത് ഒരുപാട് അലഞ്ഞു. അവര്‍ പിന്തിരിഞ്ഞില്ല. അത്രയ്ക്കും അമര്‍ഷം ഉള്ളിലൊതുക്കിയാണ് അവര്‍ പോരാടിക്കൊണ്ടിരുന്നത്. ഫോര്‍ട്ട് സ്റ്റേഷനില്‍ ഉദയകുമാര്‍ എന്ന ചെറുപ്പക്കാരനെ ഉരുട്ടിക്കൊന്ന പോലീസുകാര്‍ക്ക് വധശിക്ഷയുള്‍പ്പെടെയുള്ള ശിക്ഷ വിധിച്ചപ്പോള്‍ പ്രഭാവതി അമ്മയ്ക്ക് ആശ്വാസമായി. ഒരു മകനും ഈ ഗതി വരരുത് എന്നാണവര്‍ ഉറക്കെ പറയുന്നത്. നീതി കിട്ടിയിട്ടേ മരിക്കുകയെന്ന നിശ്ചയദാര്‍ഢ്യത്തോടെയുള്ള പോരാട്ടമായിരുന്നു പ്രഭാവതിയെന്ന നാട്ടിന്‍പുറത്തുകാരി സ്ത്രീ നടത്തിയത്.

മക്കളെ നഷ്ടപ്പെട്ട ഒരുപാട് അമ്മമ്മാരുണ്ട് നമ്മുടെ നാട്ടില്‍. രാഷ്ട്രീയത്തിന്റ പേരില്‍, വര്‍ഗ്ഗീയതയുടെ പേരില്‍ വെട്ടി നുറുക്കിയ നിരവധി യുവാക്കളുടെ അമ്മമ്മാര്‍ ഒന്നും ചെയ്യാനാവാതെ ദു:ഖമടക്കിപ്പിടിച്ച് ജീവിച്ചു വരുന്ന നാടാണ് നമ്മുടേത്. കൊല നടത്തിയവരും കൊല നടത്താന്‍ പ്രേരിപ്പിച്ചവരും കൂസലന്യേ നടക്കുന്നുമുണ്ട്. ആളും അര്‍ത്ഥവുമുണ്ടായിട്ടും മക്കള്‍ നഷ്ടപ്പെട്ട അമ്മമാര്‍ക്ക് നിയമ മാര്‍ഗ്ഗം തേടി നീതിക്കായി ശ്രമിക്കാന്‍ കഴിയുന്നില്ല.

പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അതിനെ അതിജീവിക്കാനുള്ള കരുത്ത് നേടിയെടുക്കണം. ജീവിതത്തില്‍ ഒരു ധൈര്യവുമില്ലാത്തവളായിരുന്നു പ്രഭാവതി അമ്മ എന്നാണ് അറിയാന്‍ കഴിഞ്ഞത്. പക്ഷേ ധൈര്യം വേണ്ടതിലധികം സംഭരിക്കാന്‍ സ്വന്തം മകനെ കൊന്നവരോടുള്ള അമര്‍ഷം മൂലം അവര്‍ക്ക് സാധിച്ചു. ഭര്‍ത്താവ് ഉപേക്ഷിച്ച പ്രഭാവതി ഒറ്റക്കായി. ഏകമകനെ വളര്‍ത്തിയെടുക്കാന്‍ പ്രഭാവതി പാടുപെട്ടു. അങ്ങനെ വളര്‍ത്തിയെടുത്ത മകനെ കൊന്നു കളഞ്ഞവരോട് മനസ്സില്‍ അടങ്ങാത്ത അഗ്നി ജ്വാലയുമായി മുന്നോട്ട് കുതിക്കുകയായിരുന്നു അവര്‍. ദു:ഖിച്ച് പ്രയാസപ്പെട്ട് ഒതുങ്ങിക്കൂടാന്‍ പ്രഭാവതിയിലെ അമ്മ തയ്യാറായില്ല. വിജയം വരെ പോരാടും എന്ന ഉറച്ച തീരുമാനത്തില്‍ സ്വയം ശക്തിയാര്‍ജ്ജിച്ച് മുന്നേറിയ പ്രഭാവതിയെന്ന സ്ത്രീയെ അഭിമാനത്തോടെ വേണം സ്ത്രീസമൂഹം നോക്കിക്കാണാന്‍..

പതിനാലാമത്തെ ഓണക്കാലത്ത് തന്റെ മകന്റെ കൊലയാളികള്‍ക്ക് ശിക്ഷ കിട്ടിയല്ലോ എന്ന ആശ്വാസവുമുണ്ട് പ്രഭാവതിയമ്മയ്ക്ക്. മകന്‍ മരിച്ചതിന് ശേഷം അവര്‍ ഓണം ആഘോഷിച്ചിട്ടില്ല. എങ്ങും പോകാതെ വീട്ടില്‍ തനിച്ചിരിക്കും. മകന്‍ വാങ്ങിക്കൊണ്ടുവരാന്‍ പോയ ഓണക്കോടിയെയോര്‍ത്ത് പൊട്ടിക്കരയും. മകന്റെ മരിക്കാത്ത ഓര്‍മ്മകളുമായുള്ള ജീവിതമാണ് പ്രഭാവതിയമ്മയുടെ ഇനിയുള്ള ഓരോ ഓണക്കാലവും.

പ്രഭാവതിയമ്മയ്ക്ക് ചില വിശ്വാസങ്ങളുണ്ട്. അവര്‍ താമസിക്കുന്ന വീടിന്റെ അടുത്തേക്ക് എന്നും ഒരു കാക്ക വരും പോലും.. അതിന് അവര്‍ ഭക്ഷണം കൊടുക്കും. ആരെയും കണ്ടില്ലെങ്കില്‍ കാക്ക ശബ്ദമുണ്ടാക്കും. അവര്‍ അതിനോട് സങ്കടം പറയും. മകന്‍ തന്നെക്കാണാനാണ് വരുന്നത് എന്ന ചിന്തയാണ് അമ്മയുടെ മനസ്സില്‍.. ദൃഢനിശ്ചയത്തോടെയുള്ള അവരുടെ പോക്കിലും ഇത്തരം നൈര്‍മല്യഭാവമുള്ള ചിന്തയും പ്രവര്‍ത്തിയും അമ്മയെന്ന നിലയില്‍ പ്രഭാവതിക്കുണ്ടായിട്ടുണ്ട്.

സാധാരണക്കാരിയായ ഒരു വീട്ടമ്മ പതിമൂന്ന് വര്‍ഷം തനിച്ചു നടത്തിയ പോരാട്ടമാണ് കഴിഞ്ഞ ദിവസം സഫലമായത്. ഉന്നതര്‍ പ്രതികളായ കേസുകള്‍ തേഞ്ഞു മാഞ്ഞു പോകുന്നത് സ്ഥിരം സംഭവമാകുമ്പോള്‍ പ്രഭാവതിയെന്ന നാട്ടിന്‍ പുറത്തുകാരി വയോധികയുടെ നിയമപോരാട്ടവും അതിനു ലഭിച്ച അനുകൂല വിധിയും നീതിതേടുന്ന എല്ലാ സാധാരണക്കാര്‍ക്കും ആശ്വാസമേകുന്നതായിത്തീര്‍ന്നു. നീതി തേടുന്ന എല്ലാ അമ്മമ്മാര്‍ക്കും വേണ്ടിയാണ് താന്‍ പോരാടിയതെന്നും ഒരു മകനും ഇനി ഈ ഗതി വരരുതെന്നുള്ള പ്രഭാവതി അമ്മയുടെ വാക്കുകള്‍ ഇതിന് തെളിവാണ്.

പ്രഭാവതിയമ്മയുടെ വാക്കുകള്‍ ഇങ്ങനെ: 'നീതിക്കായ് ഈ വയസ്സുകാലത്ത് ഒരുപാട് അലഞ്ഞു. കൊല്ലം പതിമൂന്ന് കഴിഞ്ഞു, ഇപ്പോള്‍ എനിക്ക് നീതി കിട്ടി. ഇത് ഒരു പാഠമാകണം. ഒരു മക്കള്‍ക്കും ഇനിയീ ഗതി വരരുത്. അതിനു വേണ്ടിയാണ് ഞാന്‍ കോടതി കയറിയിറങ്ങിയത്.'

ഈ പ്രസ്താവന സ്ത്രീകളുടെ പ്രത്യേകിച്ച് അമ്മമ്മാരുടെ മനസ്സില്‍ തറച്ചു നില്‍ക്കണം. നീതി നിഷേധിക്കപ്പെടുന്ന ഏതവസ്ഥയിലും രംഗത്തിറങ്ങി നീതി ലഭിക്കും വരെ പോരാടുമെന്ന പ്രഭാവതിയമ്മയുടെ ധീരോജ്വലമായ പോരാട്ടകഥ അമ്മമ്മാര്‍ക്ക് വഴി കാട്ടിയാവട്ടെ.

Keywords: Prabhavathi Amma, The iron lady, Article, Kookkanam Rahman, Mother


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?