'ഇരയ്‌ക്കൊപ്പം ഒരു ദിവസം'

ജോസഫ് ആന്റണി

(www.kvartha.com 14.08.2018) കേരളത്തിലെ ക്രൈസ്തവ വിശ്വാസികള്‍ ഉള്‍പ്പെടുന്ന പൊതുസമൂഹം ഇക്കഴിഞ്ഞ മൂന്നുമാസത്തിലേറെയായി കാത്തിരിക്കുന്ന കാര്യമാണ് കന്യാസ്ത്രീ പീഡനക്കേസില്‍ കുറ്റാരോപിതനായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ എന്തു നിയമനടപടി സ്വീകരിക്കും എന്നത്. ജലന്തര്‍ രൂപതയുടെ കീഴില്‍ കോട്ടയം കുറവിലങ്ങാടുള്ള കോണ്‍വെന്റിലെ ആറു കന്യാസ്ത്രീകള്‍ക്കെതിരെ കോട്ടയം എസ് പി ഹരി ശങ്കര്‍ മുന്‍പാകെ 2018 ജൂണ്‍ 21 നു ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പരാതി നല്‍കിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.

ഒരു കന്യാസ്ത്രിക്കെതിരെ താന്‍ സ്വീകരിച്ച അച്ചടക്ക നടപടികള്‍ക്ക് പ്രതികാരമായി അവര്‍ തന്നെ ഭീഷണിപ്പെടുത്തുന്നു എന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ജൂണ്‍ 27 ന് ബിഷപ്പിന്റെ പരാതിയില്‍ ഉള്‍പ്പെട്ട ഒരു കന്യാസ്ത്രീ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ നിരവധി തവണ മാനഭംഗം ചെയ്തു എന്നാരോപിച്ചു പരാതി കൊടുത്തു. തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നും പരാതിക്കാരി ആരോപിച്ചു.

ജലന്തര്‍ രൂപതയില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനൊപ്പം ഈ കന്യാസ്ത്രിയും സേവനമനുഷ്ഠിച്ചിരുന്നു. 2014 ഇല്‍ കുറവിലങ്ങാട് പുതിയ കോണ്‍വെന്റ് ആരംഭിച്ചപ്പോള്‍ അതിന്റെ മദര്‍ സുപ്പീരിയറായി അവര്‍ സ്ഥാനമേറ്റു. കോണ്‍വെന്റിനോടനുബന്ധിച്ചു ഒരു വൃദ്ധസദനവും വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലും പ്രവര്‍ത്തിക്കുന്നുണ്ട്. 2016 ഇല്‍ കന്യാസ്ത്രീയെ മദര്‍ സുപ്പീരിയര്‍ സ്ഥാനത്തുനിന്നും മാറ്റി. കന്യാസ്ത്രിയുടെ പരാതിയില്‍ പറയുന്നത് 2014 നും 2016 നും ഇടയില്‍ ബിഷപ് തന്നെ 13 തവണ മാനഭംഗം ചെയ്തുവെന്നാണ്. മഠത്തിലെ ഇരുപതാം നമ്പര്‍ മുറിയില്‍ വെച്ചാണ് പീഡനങ്ങള്‍ നടന്നത്. ഭീഷണിപ്പെടുത്തിയാണ് തന്നെ പീഡനത്തിനിരയാക്കിയതെന്ന് അവര്‍ പറഞ്ഞു.

കന്യാസ്ത്രീയുടെ ആരോപണങ്ങള്‍ എല്ലാം നിഷേധിച്ച ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ താന്‍ നിരപരാധിയാണെന്നും തനിക്കെതിരെയുള്ള ആരോപണങ്ങളെ കോടതിയില്‍ നേരിടുമെന്നും പറഞ്ഞു. ജലന്തര്‍ രൂപതയിലെ മദര്‍ ജനറല്‍ ആയ സിസ്റ്റര്‍ റെജീന ബിഷപ്പിനെ പിന്തുണയ്ക്കുന്നു. കന്യാസ്ത്രിക്കെതിരെ അവരുടെ ബന്ധുവായ ഒരു സ്ത്രീ പരാതി നല്‍കിയെന്നും ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ ബിഷപ് തനിക്കു നിര്‍ദ്ദേശം നല്‍കിയെന്നും മദര്‍ ജനറല്‍ പറഞ്ഞു.

പീഡനത്തിന് ഇരയായ കന്യാസ്ത്രി തന്റെ മേലധികാരികള്‍ക്കെല്ലാം പരാതി നല്‍കിയിരുന്നു; ജലന്തര്‍ രൂപതയിലെ മദര്‍ ജനറലിനും സീറോ മലബാര്‍ സഭയുടെ തലവനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും ഉജ്ജയിന്‍ ബിഷപ്പിനും ഉള്‍പ്പെടെ. എന്നാല്‍ പാലാ ബിഷപ് കന്യാസ്ത്രി തന്നോട് പീഡനത്തെക്കുറിച്ചു പരാതി പറഞ്ഞിരുന്നുവെന്നു സമ്മതിച്ചു. മേലധികാരികളെ അറിയിക്കാന്‍ താന്‍ ഉപദേശിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കേസന്വേഷണത്തിനായി വൈക്കം ഡിവൈഎസ്പി കെ സുബാഷിന്റെ നേതൃത്വത്തില്‍ ആറംഗ അന്വേഷണ സംഘത്തെ നിയോഗിച്ചു. കുറവിലങ്ങാട് മഠത്തിലെത്തിയ അന്വേഷണസംഘം പരാതിക്കാരിയായ കന്യാസ്ത്രി ഉള്‍പ്പെടെ എല്ലാവരുടെയും മൊഴി രേഖപ്പെടുത്തി. 114 പേജ് വരുന്ന വിശദ വിവരങ്ങളാണ് ഇവരില്‍നിന്നും ശേഖരിച്ചിട്ടുള്ളത്.

തികച്ചും ലജ്ജാകരമായ ഈ സംഭവങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിച്ച നടുക്കം നിസ്സാരമല്ല. കോടതിയുടെ മേല്‍നോട്ടത്തില്‍ സമയബന്ധിതമായ അന്വേഷണം നടത്തണമെന്നും ഈ കേസിലെ സാക്ഷികളുടെ സംരക്ഷണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് കേരളാ കാത്തലിക് ചര്‍ച്ച് റീഫോമേഷന്‍ മൂവ്‌മെന്റിനു വേണ്ടി കെ ജോര്‍ജ് ജോസഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. അതേസമയം കേസ് ഇഴഞ്ഞുനീങ്ങുന്നതില്‍ ചര്‍ച്ച് ആക്ഷന്‍ കൗണ്‍സില്‍ അംഗമായ ഇന്ദുലേഖ ജോസഫും അതൃപ്തി പ്രകടിപ്പിച്ചു.

ഇതിനിടെ രണ്ട് ഓഡിയോ ക്ലിപ്പിംഗുകള്‍ ചാനലുകള്‍ പുറത്തുവിടുകയുണ്ടായി. കേസില്‍ നിന്ന് പിന്മാറാന്‍ കോടികളുടെ വാഗ്ദാനം. തനിക്ക് ഇതിലൊന്നും പങ്കില്ലെന്ന് ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞെങ്കിലും ആകെ കൂട്ടുമ്പോള്‍ കിട്ടുന്ന ഉത്തരം ശരിയാകുന്നില്ല. ബിഷപ്പിനെ ചോദ്യം ചെയ്യാനും വേണ്ടിവന്നാല്‍ അറസ്റ്റ് ചെയ്യാനും ജലന്ധറില്‍ എത്തിയ അന്വേഷണ സംഘം കാണിച്ച സ്ഥലജല വിഭ്രാന്തി വിവരണാതീതമാണ്. ആഗസ്റ്റ് 13 ന് വൈകിട്ട് ഒമ്പത് മണിക്കൂര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്ത അന്വേഷണ സംഘം അദ്ദേഹത്തെ അറസ്റ്റ് ചെയ്യാതെ മടങ്ങി.

'ഇടയാനൊപ്പം ഒരു ദിവസം' എന്ന നിഷ്‌കളങ്കമെന്നു തോന്നിക്കുന്ന ബിഷപ്പിന്റെ എല്ലാ മാസവും നടത്താനുദ്ദേശിച്ചു തുടങ്ങിയ അത്ര നിഷ്‌കളങ്കമല്ലാതിരുന്ന പരിപാടി പലരും ഉയര്‍ത്തിയ പരാതിയെ തുടര്‍ന്ന് നിര്‍ത്തേണ്ടി വന്നു.

അന്വേഷണവും കേസുമൊക്കെ അതിന്റെ വഴിക്കു നടക്കട്ടെ. ഇവിടെ പ്രസക്തമായ ചോദ്യം എന്തുകൊണ്ട് കുറ്റാരോപിതനായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ബഹുമാന്യമായ ആ സ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്തുന്നില്ല? കുറ്റാരോപിതനായ ബിഷപ് നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ അദ്ദേഹത്തിന് തല്‍സ്ഥാനത്തു തുടരാമല്ലോ? മറിച്ചു കുറ്റം തെളിയിക്കപ്പെട്ടാല്‍ അദ്ദേഹം ഐ പി സി അനുസരിച്ചു ശിക്ഷിക്കപ്പെടണം . അവിടെ മതം ഒരു പരിചയാകരുത്. കുറ്റവാളി ആരായാലും അവര്‍ അര്‍ഹിക്കുന്ന ശിക്ഷ തന്നെ കൊടുക്കണം.

Sexual abuse, Nuns, Misuse of power, Blind following, Religious fanaticism, Religion as a shield against crime, need for justice, Kerala, Article, Religion, Joseph Antony

Keywords: Sexual abuse, Nuns, Misuse of power, Blind following, Religious fanaticism, Religion as a shield against crime, need for justice, Kerala, Article, Religion, Joseph Antony



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?