കാവല്‍ക്കാര്‍ തന്നെ കൊലയാളികള്‍ ആകുമ്പോള്‍! ഉദയകുമാര്‍ ഉരുട്ടിക്കൊല വാതില്‍ തുറക്കുന്നത് ഭയാനകമായ ചില സത്യങ്ങളുടെ നേര്‍ക്ക്

ജോസഫ് ആന്റണി

(www.kvartha.com 01.08.2018) രണ്ടു പോലീസുകാര്‍ക്ക് വധശിക്ഷ ലഭിക്കുന്നന്നതിന് കാരണമായ ഉദയകുമാറിന്റെ ഉരുട്ടിക്കൊല തുറക്കുന്ന വാതില്‍ നമ്മെ നയിക്കുന്നത് ഭയാനകമായ ചില സത്യങ്ങളുടെ നേര്‍ക്കാണ്. കാവല്‍ക്കാര്‍ കൊലയാളികളാകുന്നുവെന്ന ഞെട്ടിക്കുന്ന യാഥാര്‍ഥ്യത്തിലേക്ക്. നിരപരാധികളെ നിഷ്‌കരുണം വേട്ടയാടി പീഡിപ്പിച്ചു നിഗ്രഹിക്കുന്ന നിയമപാലകര്‍. അഭയകേന്ദ്രം അറവുശാലയായി മാറുന്ന വിരോധാഭാസം. ചുടുചോരയുടെ ചൂരും നിസ്സഹായതയുടെ നിലവിളിയും പ്രാണവേദനയുടെ ഞരക്കങ്ങളും പ്രതിധ്വനിക്കുന്ന സെല്ലുകള്‍.
Police atrocities, Udayakumar, Sreejith,Criminals among the police, Custody torture, death, Murder

കസ്റ്റഡി മരണങ്ങളുടെ നാള്‍വഴിയില്‍ ഇടംനേടിയ ഉദയകുമാര്‍ വധം നടന്നത് 2005 സെപ്റ്റംബര്‍ 27 നായിരുന്നു. നിയമപാലകര്‍ തന്നെ നിയമലംഘകരാകുന്ന ഇത്തരം സംഭവങ്ങളില്‍ പലതും ആരും അറിയാതെ മറച്ചുവെക്കപ്പെടുന്നു. പുറംലോകം അറിഞ്ഞവയില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നവ ചുരുക്കം മാത്രം. പരസ്പരം തുണയ്ക്കുന്ന സേനാംഗങ്ങള്‍ ഇത്തരം സംഭവങ്ങളില്‍ എപ്പോഴും തങ്ങളുടെ ആളുകള്‍ക്കൊപ്പം ആയിരിക്കും.

നമുക്കിടയില്‍ ഓരോ നിമിഷവും അരങ്ങേറുന്ന സംഭവങ്ങളെ നാം സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ കുറ്റവാസനയുള്ളവരുടെ എണ്ണം തീരെ കുറവല്ല എന്ന് കാണാം. സോള്‍ കസിന്‍, ഡേവിഡ് കാന്റര്‍, ജെയിംസ് ചാറ്റേഴ്സ് തുടങ്ങിയ നിരവധി മനഃശാസ്ത്രജ്ഞരുടെ അഭിപ്രായപ്രകാരം ആയിരം ആളുകളില്‍ ഏകദേശം നൂറ് പേരെങ്കിലും കുറ്റവാസനയുള്ളവരായിരിക്കും. എന്നാല്‍ കുറ്റവാസനയുള്ളവര്‍ എല്ലാവരും കുറ്റം ചെയ്യണമെന്നില്ല. തങ്ങളില്‍ ഗുപ്തമായിരിക്കുന്ന കുറ്റവാസനയെ ഉണര്‍ത്താന്‍ പ്രചോദകമായ സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ ഇവര്‍ തീര്‍ച്ചയായും കുറ്റം ചെയ്തിരിക്കും. എന്നാല്‍ ജന്മനാ കുറ്റവാസന ഇല്ലാത്തവര്‍ ഇതേ സാഹചര്യങ്ങളില്‍ കുറ്റം ചെയ്യണമെന്നില്ല. സമൂഹത്തിന്റെ ഒരു പരിച്ഛേദമെന്ന നിലയ്ക്ക് പോലീസ് സേനാംഗങ്ങളുടെ കാര്യത്തിലും ഈ വസ്തുത പ്രസക്തമാണ്.

വരാപ്പുഴയിലെ ശ്രീജിത്ത് എന്ന യുവാവ് പോലീസുകാരുടെ കിരാതമായ മര്‍ദ്ദനം മൂലം ആന്തരാവയവങ്ങള്‍ക്കേറ്റ ക്ഷതത്തിനാലാണ് കൊല്ലപ്പെട്ടത്. പോലീസുകാരുടെ ഉരുട്ടല്‍ പ്രയോഗത്തില്‍ തുടയിലെ രക്തധമനികള്‍ മുറിഞ്ഞാണ് ഉദയകുമാര്‍ മരണപ്പെട്ടത്. ഉദയകുമാറിന്റെ കൊലയില്‍ എ എസ് ഐ ആയ കെ ജിതകുമാറും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എസ് വി ശ്രീകുമാറും കുറ്റക്കാരാണെന്ന് തെളിയിക്കപ്പെടുകയും തുടര്‍ന്ന് വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ചെയ്തു. ഒന്നരമണിക്കൂര്‍ നീണ്ടുനിന്ന പൈശാചികമായ പീഡനം ഉദയകുമാറിന്റെ മരണത്തില്‍ അവസാനിച്ചു. തന്റെ മകന് നീതി ലഭിക്കുന്നതിനായി ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ നടത്തിയ ഐതിഹാസിക പോരാട്ടം സമൂഹത്തിലെ അശരണര്‍ക്കും നീതി നേടാനാവും എന്ന് തെളിയിച്ചു.

വാരാപ്പുഴ പോലീസ് സ്റ്റേഷനില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ മരണം ഉദയകുമാറിന്റെ കേസില്‍നിന്ന് ഭിന്നമാകുന്നത് ശ്രീജിത്തിന്റെ കൊലയ്ക്കുത്തരവാദികളായ 'നിയമപാലകര്‍' ആരെന്ന കാര്യത്തില്‍ വ്യക്തതയില്ല എന്നതാണ്. ശ്രീജിത്ത് വധക്കേസില്‍ നീതിപൂര്‍വ്വകമായ വിധി ലഭിക്കുന്നതില്‍ ഇത് എത്രത്തോളം നിര്‍ണായക സ്വാധീനം ചെലുത്തുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. തങ്ങള്‍ നടത്തിയ ഹീനകൃത്യങ്ങള്‍ പുറത്തറിയാതിരിക്കാന്‍ പോലീസുകാര്‍ ഏതറ്റംവരെയും പോകുമെന്നതിനു തെളിവാണ് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തതിനെ സംബന്ധിച്ച സ്റ്റേഷന്‍ രേഖകളില്‍ കൃത്രിമം കണ്ടെത്തിയത്.

മൂന്നാംമുറ പോലീസ് ഉപേക്ഷിച്ചുവെന്നു പറയാന്‍ തുടങ്ങിയിട്ട് കാലമേറെയായി. എന്നാല്‍ വസ്തുതകള്‍ തെളിയിക്കുന്നത് മറ്റൊന്നാണ്. നീതിനിര്‍വ്വഹണത്തില്‍ പോലീസിന്റെ പങ്കു വളരെ സുപ്രധാനമാണ്. തങ്ങളില്‍ നിക്ഷിപ്തമായ ചുമതല കാര്യക്ഷമമായി നിറവേറ്റാനുള്ള സാമര്‍ഥ്യം കേരളാ പോലീസ് നിസ്സംശയം അനവധി തവണ തെളിയിച്ചിട്ടുള്ളതാണ്. പക്ഷേ, സേനയില്‍ കടന്നുകൂടുന്ന ജന്മനാ കുറ്റവാസനയുള്ള വ്യക്തികള്‍ പോലീസിനെന്നും അപമാനമാണ്. സാധാരണ ജനങ്ങള്‍ 'പോലീസ്' എന്നു കേള്‍ക്കുമ്പോള്‍ നടുങ്ങുന്നുവെങ്കില്‍ അതിനു കാരണക്കാര്‍ സേനയിലെ ക്രിമിനലുകളാണ്. ഇവര്‍ പോലീസിനു മാത്രമല്ല സമൂഹത്തിനും മാനവകുലത്തിനുതന്നെയും അപമാനമാണ്.

പോലീസ് സേനയിലെ ക്രിമിനലുകള്‍ നടത്തുന്ന നരഹത്യകളും മറ്റതിക്രമങ്ങളും അന്വേഷിക്കുന്നതിന് സംസ്ഥാന പോലീസിനെ തന്നെ ഏല്‍പ്പിക്കുന്നത് കള്ളന്റെ കയ്യില്‍ താക്കോല്‍ ഏല്‍പ്പിക്കുന്നതിനു സമാനമാണ്. ഉദയകുമാറിന്റെ ഘാതകര്‍ക്കു അവരര്‍ഹിക്കുന്ന ശിക്ഷ തന്നെ ലഭിക്കാന്‍ കാരണം പുറമേ നിന്നുള്ള ഏജന്‍സി കേസന്വേഷിച്ചതുകൊണ്ടാണ്. ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ വിധി പ്രസ്താവിച്ച ദിവസം കോടതി വളപ്പില്‍ പോലീസുകാര്‍ പ്രതികളോട് പ്രകടിപ്പിച്ച ഐക്യദാര്‍ഢ്യം അസന്ദിഗ്ധമായി തെളിയിക്കുന്ന വസ്തുതയും ഇതുതന്നെയാണ്. പോലീസുകാര്‍ പ്രതികളാകുന്ന കേസുകള്‍ അന്വേഷിക്കേണ്ടത് പോലീസിന്റെ തന്നെ മറ്റേതെങ്കിലും ഏജന്‍സി അല്ല. അല്ലാത്തപക്ഷം ഇത്തരക്കാര്‍ക്ക് അവരര്‍ഹിക്കുന്ന ശിക്ഷ ഒരിക്കലും ലഭിക്കില്ലെന്ന സത്യത്തിനു ഉദാഹരണങ്ങള്‍ നിരവധിയുണ്ടല്ലോ നമ്മുടെ മുന്നില്‍.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട നിയമപാലകര്‍ തങ്ങളുടെ അധികാരം ദുര്‍വിനിയോഗം ചെയ്യുന്നതും മറ്റതിക്രമങ്ങള്‍ ചെയ്യുന്നതും പോലീസിലെ ബഹുഭൂരിപക്ഷം വരുന്ന സത്യസന്ധരായ സേനാംഗങ്ങളുടെ കീര്‍ത്തിപോലും കെടുത്തിക്കളയും. പുതിയവരെ പോലീസില്‍ എടുക്കുന്ന പ്രക്രിയയില്‍ കുറ്റവാസനയുള്ളവരെ കണ്ടെത്തി ഒഴിവാക്കേണ്ടതാണ്. മാത്രമല്ല, നിലവില്‍ പോലീസിലുള്ള ക്രിമിനലുകളെ കണ്ടുപിടിച്ചു അവര്‍ക്കെതിരെ ഉചിതമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം; ഇനിയെങ്കിലും പോലീസ് സ്റ്റേഷനുകള്‍ കശാപ്പുശാലകള്‍ ആകാതിരിക്കാന്‍!

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Police atrocities, Udayakumar, Sreejith,Criminals among the police, Custody torture, death, Murder


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?