ലോക്കല്‍ സെക്രട്ടറിയുടെ ആത്മഹത്യ: പാര്‍ട്ടി ഗ്രാമം നടുങ്ങി, മരണകാരണം അജ്ഞാതം, പനിയാണെന്ന് പറഞ്ഞ് രണ്ട് ദിവസമായി പാര്‍ട്ടി പരിപാടികളിലൊന്നും സംബന്ധിച്ചില്ല

ബേഡകം: (www.kasargodvartha.com 29.08.2018) ബേഡഡുക്ക പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും സിപിഎം ബീംബുങ്കാല്‍ ലോക്കല്‍ സെക്രട്ടറിയുമായി പായത്തെ സുകുമാരന്റെ (48) ആത്മഹത്യ വാര്‍ത്തയറിഞ്ഞ് പാര്‍ട്ടി ഗ്രാമം നടുങ്ങി. ആത്മഹത്യയിലേക്ക് നയിക്കാന്‍ തക്കതായ ഒരു കാരണവും ഉണ്ടായിരുന്നതായി പാര്‍ട്ടി നേതാക്കള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ അറിവില്ല. രണ്ടു ദിവസമായി പനിയാണെന്നു പറഞ്ഞ് പാര്‍ട്ടി പരിപാടികളിലോ മറ്റോ സുകുമാരന്‍ സംബന്ധിച്ചിരുന്നില്ല.

സാമ്പത്തികമായോ കുടുംബപരമായോ പ്രശ്‌നങ്ങളുള്ളതായും വിവരമില്ല. കഴിഞ്ഞ ദിവസം കുണ്ടംകുഴിയില്‍ സുകുമാരന്റെ അടുത്തബന്ധുവിന്റെ വിവാഹത്തില്‍ കുടുംബസമേതം സംബന്ധിച്ചിരുന്നു. ഭാര്യയും മക്കളും വിവാഹ വീട്ടില്‍ നിന്നും ചൊവ്വാഴ്ച ഉച്ചയോടെയാണ് മടങ്ങിയെത്തിയത്. എന്നാല്‍ സുകുമാരന്‍ അന്നു തന്നെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. അമ്മ അമ്മാളു മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടില്‍ നിന്ന് മാതാവിനോട് ആശുപത്രിയിലേക്കാണെന്ന് പറഞ്ഞാണ് സുകുമാരന്‍ പോയതെന്നും വിവരമുണ്ട്.



ഏറെ വൈകിയിട്ടും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാരും പാര്‍ട്ടി നേതാക്കളും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും റിംഗ് ചെയ്യുന്നതല്ലാതെ ഫോണെടുത്തിരുന്നില്ല. സുകുമാരന്റെ പിതാവ് ഗോപാലന്‍ നായരും സഹോദരി ഓമനയും നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. ഇതിന്റെ മാനസിക പ്രയാസം സുകുമാരനെയും അലട്ടിയതായി ഇപ്പോള്‍ സംശയമുയര്‍ന്നിട്ടുണ്ട്. അതേസമയം സുകുമാരന്‍ ആത്മഹത്യാ കുറിപ്പ് എഴുതി വെച്ചതായുള്ള പ്രചരണം നാട്ടില്‍ ശക്തമായിരുന്നു. എന്നാല്‍ ഇത്തരത്തിലൊരു ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടില്ലെന്ന് ബേഡകം എസ് ഐ കെ ദാമോദരന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിയുടെ ചുമതലയും മറ്റും സുകുമാരനായിരുന്നു. ഓണാവധി കഴിഞ്ഞ ശേഷം പാര്‍ട്ടി പരിപാടികളില്‍ അസുഖമാണെന്ന് പറഞ്ഞാണ് ഒഴിഞ്ഞു നിന്നതെന്ന് സഹപ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നു. സുകുമാരന്റെ ആത്മഹത്യയ്ക്കുള്ള കാരണം എന്താണെന്നറിയാതെ ആശങ്കയിലായിരിക്കുകയാണ് പാര്‍ട്ടി നേതൃത്വം. വീട്ടുകാരുടെ മൊഴി കൂടി രേഖപ്പെടുത്തിയാല്‍ മാത്രമേ കാരണം സംബന്ധിച്ച് സൂചനകള്‍ ലഭിക്കുകയുള്ളൂവെന്ന അനുമാനത്തിലാണ് പോലീസ്. സംഭവത്തില്‍ ബേഡകം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വീട്ടുപറമ്പിലെ കശുമാവിന്‍ കൊമ്പിലാണ് ബുധനാഴ്ച രാവിലെ ആറു മണിയോടെ സുകുമാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി സംസ്‌കരിക്കും.

നാട്ടുകാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമെല്ലാം പ്രിയപ്പെട്ട നേതാവായിരുന്നു സുകുമാരന്‍. അതുകൊണ്ടു തന്നെ സുകുമാരന്‍ എന്തിനീ കടും കൈ ചെയ്തുവെന്നാണ് എല്ലാവരും പരസ്പരം ചോദിക്കുന്നത്.

Related News:
വിവാഹത്തിനാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായ സിപിഎം ലോക്കല്‍ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Bedakam, Top-Headlines, CPM, Political party, Hanged, Death, Local Secretary's death; Party Village shocked
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?