കനത്ത മഴയില്‍ കുന്നുങ്കൈ ടൗണില്‍ മണ്ണിടിഞ്ഞു: വന്‍ ദുരന്തം ഒഴിവായി
കുന്നുങ്കൈ (www.evisionnews.co): രണ്ടു ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ കുന്നുങ്കൈ ടൗണില്‍ മണ്ണിടിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെയാണ് ഏറെ ഭീഷണിയായി നിന്ന മുപ്പത് മീറ്ററോളം പൊക്കമുള്ള വന്‍ മണ്‍കൂന റോഡിലേക്ക് നിലംപൊത്തിയത്. ഭീമനടി മുക്കട റോഡില്‍ അവസാന ബസ് സര്‍വീസ് കടന്നുവരുന്നതിനു അഞ്ചുമിനുട്ട് മുമ്പാണ് നാടിനെ നടുക്കിയ മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചലിനെ തുടര്‍ന്ന് വൈദ്യുതി തൂണുകള്‍ പൊട്ടി വീണു.
സംഭവ സ്ഥലത്ത് രണ്ടുപേര്‍ ബസ് കാത്തു നിന്നിരുന്നതായുള്ള അഭ്യൂഹത്തെ തുടര്‍ന്ന് പെരിങ്ങോത്ത് നിന്നും തൃക്കരിപ്പൂരില്‍ നിന്നും രണ്ടു യൂണിറ്റ് അഗ്‌നി ശമനസേനയും പൊലീസും ചേര്‍ന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണുമാറ്റി തെരച്ചില്‍ നടത്തി. പുലര്‍ച്ചെ അഞ്ചു മണിക്കാണ് പരിശോധന പൂര്‍ത്തിയാക്കിയത്. സ്‌കൂള്‍ കുട്ടികള്‍ അടക്കം നിരവധി യാത്രക്കാര്‍ ബസ് കാത്ത് നില്‍ക്കുന്ന സ്ഥലത്താണ് മണ്ണിടിച്ചിലുണ്ടായത്. മൂന്നുമാസം മുമ്പാണ് കാസര്‍കോട് പാക്കേജില്‍ ഉള്‍പ്പെടുത്തി ഒരു കോടിയോളം രൂപ ചെലവഴിച്ച് ടൗണില്‍ നവീകരണം പൂര്‍ത്തിയാക്കിയത്. പ്രവൃത്തി നടക്കുമ്പോള്‍ തന്നെ അപകട സാധ്യത അധികൃതരെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞ മാസം ശക്തമായ മഴയില്‍ ഇതേ സ്ഥലത്ത് മണ്ണിടിഞ്ഞിരുന്നു. ടൗണിലെ പലയിടത്തും മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നുണ്ട്. നിര്‍മാണ സമയത്ത് ഏകദേശം മുപ്പത് മീറ്റര്‍ ഉയരത്തിലുള്ള മണ്‍തിട്ട മാറ്റുമ്പോള്‍ പാലിക്കേണ്ട യാതൊരുവിധ മുന്‍ കരുതലോ മറ്റോ എടുക്കാത്തതും അശാസ്ത്രീയ നിര്‍മാണവുമാണ് അപകടം വരുത്തിവെച്ചതെന്ന് ആക്ഷേപമുണ്ട്. പി. കരുണാകരന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ്, വെസ്റ്റ് എളേരി പഞ്ചായത്ത് ഗ്രാമ പ്രസിഡണ്ട് പ്രസീത രാജന്‍, പൊലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍, വിവിധ രാക്ഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ചു.
Powered by Info News For You

Comments
Post a Comment