കരുണാനിധി: നിശ്ചയദാര്‍ഢ്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ആള്‍രൂപം

ചെന്നൈ: (www.kvartha.com 08.08.2018) തമിഴ്‌നാട് രാഷട്രീയത്തിലെ അതികായകന്‍ ഇനി ഓര്‍മ്മയാകുന്നു. 95 വര്‍ഷം നീണ്ട തന്റെ ജീവിതം കൊണ്ട് തമിഴ് മണ്ണിന്റെ നെഞ്ചില്‍ കരുണാനിധി കുറിച്ചിട്ടത് തങ്ക ലിപികളില്‍ തീര്‍ത്ത ചരിത്രമാണ്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ തലതൊട്ടപ്പന് തമിഴ് മക്കള്‍ കണ്ണീരോടെ വിട പറയുമ്പോള്‍ കാലം കാത്തു വെച്ചിരിക്കുന്ന ചരിത്രം ഇനി ലോകമുള്ളടിത്തോളം നാള്‍ തമിഴ് മക്കള്‍ വാഴ്ത്തിപ്പാടും. 

അഞ്ച് തവണ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് കരുണാനിധി. നാഗപട്ടണത്ത് മുത്തുവേലുവിന്റെയും അഞ്ചുവിന്റെയും മകനായി ജനിച്ച കരുണാനിധിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ അര നൂറ്റാണ്ട് തികയ്ക്കുന്ന 2018 വരെയുള്ള ചരിത്രം എടുത്ത് പരിശോധിച്ചാല്‍ നിശ്ചയദാര്‍ഢ്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ആള്‍രൂപമായിരുന്നു. ദക്ഷിണാമൂര്‍ത്തി എന്ന പേരില്‍ നിന്ന് തമിഴ് മണ്ണിന്റെ ഹൃദയതാളമുള്ള കരുണാനിധി എന്ന നിറ തേജസായി മാറാന്‍ അദ്ദേഹം നടത്തിയ പടയോട്ടം ഏറെയാണ്. 14-ാം വയസില്‍ സ്പീക്കര്‍ അഴഗിരി സാമിയുടെ വാക്കുകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് പൊതു പ്രവര്‍ത്തനത്തില്‍ എത്തിയതാണ് കരുണാനിധി .

 ‘Kalaignar’ M Karunanidhi Passes Away, Leaves Void In Politics, Media, Cinema, Chennai, News, Politics, Chief Minister, Dead, Protest, National

സര്‍വ വിദ്യാര്‍ത്ഥി ക്ലബ് എന്ന പേരില്‍ രൂപപ്പെട്ട സംഘടനയിലൂടെ ദ്രാവിഡ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് തുടക്കം കുറിച്ചു. 1953ല്‍ കല്ലഗുഡി എന്ന സ്ഥലത്തിന് ഡാല്‍മിയപുരം എന്ന പേരിടാനുള്ള ശ്രമമുണ്ടായപ്പോള്‍ അതിനെതിരെ ശക്തമായി പോരാടി. ജനമനസില്‍ ഇടം നേടിത്തുടങ്ങിയ സജീവ രാഷ്ട്രീയ ജീവിതം തമിഴ് മണ്ണിന്റെ തലവര തന്നെ മാറ്റി മറിക്കുകയാണുണ്ടായത്.

ഡാല്‍മിയ കമ്പനിക്കെതിരെ നടത്തിയ പ്രക്ഷോഭത്തില്‍ ട്രെയിന്‍ തടഞ്ഞ സംഭവം വരെയുണ്ടാകുകയും കരുണാനിധി അറസ്റ്റിലാകുകയും ചെയ്തിരുന്നു. പിന്നീടിങ്ങോട്ട് തമിഴ്‌നാട് കണ്ടത് കരുണാനിധിയെന്ന ശക്തനായ പോരാളിയെയാണ്. പൊതു പ്രവര്‍ത്തനവും കലയുമായിരുന്നു അദ്ദേഹത്തിന്റെ ജീവശ്വാസം. നാഗപട്ടണത്ത് തിരുക്കുവളൈ ഗ്രാമത്തില്‍ മുത്തുവേലുവിന്റെയും അഞ്ചുവിന്റെയും മകനായാണ് കരുണാനിധി ജനിച്ചത്.

ദക്ഷിണാ മൂര്‍ത്തിയെന്നായിരുന്നു ആദ്യം അദ്ദേഹത്തിന്റെ പേര്. മൂന്നു ഭാര്യമായിരുന്നു കരുണാനിധിക്ക്. പത്മാവതി, രാസാത്തി അമ്മാള്‍, ദയാലു അമ്മാള്‍ എന്നിവരില്‍ ആറ് മക്കളാണ് ഇദ്ദേഹത്തിന്. മുത്തു, അഴഗിരി, സ്റ്റാലിന്‍, തമിഴരസ്, സെല്‍വി, കനിമൊഴി എന്നിവരാണ് മക്കള്‍. മകന്‍ സ്റ്റാലിന്‍ തമിഴ്‌നാട് മുഖ്യമന്ത്രി പദത്തിലും അഴഗിരി കേന്ദ്ര മന്ത്രിയും കനിമൊഴി രാജ്യസഭാംഗവുമായിരുന്നു. കലയോട് ഏറെ തല്‍പരനായിരുന്നു കരുണാനിധി. എഴുത്തിന് ഏറെ പ്രാധാന്യം കൊടുത്ത ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.

നാടകങ്ങളും, കവിതകളും സിനിമാ തിരക്കഥകളും എഴുതുന്നതില്‍ തല്‍പരനായിരുന്നു അദ്ദേഹം. അഭിമന്യു എന്ന പുരാണ ചിത്രത്തിനായി അദ്ദേഹം ആദ്യം സംഭാഷണങ്ങള്‍ എഴുതിയിരുന്നെങ്കിലും ചിത്രത്തില്‍ അദ്ദേഹത്തിന്റെ പേര് വന്നില്ല. അതില്‍ നിരാശനായ അദ്ദേഹം തിരുവാരൂരേക്ക് മടങ്ങി രാഷ്ട്രീയത്തില്‍ തന്നെ ശ്രദ്ധിച്ചു. സിനിമാ ഗാനങ്ങളെഴുതിയിരുന്ന കെ.എം ഷെരീഫിന്റെ സഹായത്തോടെ മോഡേണ്‍ തിയേറ്ററില്‍ പ്രതിമാസം 500 രൂപ ശമ്പളത്തില്‍ ജോലിക്ക് ചേര്‍ന്നു.

അക്കാലത്ത് തിയേറ്റര്‍ ഉടമയായ ടി.ആര്‍ സുന്ദരത്തിന്റെ ആഗ്രഹപ്രകാരം മന്ത്രികുമാരി എന്ന നാടകം സിനിമ തിരക്കഥയായി അദ്ദേഹം മാറ്റി. എല്ലിസ് ആര്‍ ഡങ്കണായിരുന്നു അത് സംവിധാനം ചെയ്തത്. ഒട്ടേറെ എതിര്‍പ്പ് നേരിട്ടെങ്കിലും ചിത്രം വന്‍ വിജയമാണ് നേടിയത്. കണ്ണമ്മ, പരാശക്തി, മന്ത്രികുമാരി, പാസ പറൈവകള്‍, മണ്ണിന്‍ മൈന്തന്‍, പാടാത തേനീച്ചകള്‍, മനോഹര, ഒളിയിന്‍ ഓസൈ തുടങ്ങിയ തിരക്കഥകളും ചിലപ്പതികാരം, മണിമകുടം, ഒരേ രക്തം നാനേ അറിവാളി തുടങ്ങിയ നാടകങ്ങളും, കുറളോവിയം, നെഞ്ചുക്ക് നീതി, തെല്‍പാപ്പിയ ഉരൈ, സംഗ തമിഴ്, തെന്‍പാണ്ടി സിങ്കം, പൊന്നര്‍ സംഘര്‍ തുടങ്ങിയ കൃതികളും കരുണാനിധിയുടെ തൂലികയില്‍ നിന്നും ലോകത്തിന് ലഭിച്ച വലിയ സംഭാവനകളാണ്.

തമിഴ് നാട്ടിലെ മുന്‍ മുഖ്യമന്ത്രിയായിരുന്ന കരുണാനിധി 1969 ജൂലൈ 27 നാണ് ഡി എം കെ പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നത്. നാല്‍പ്പത്തിനാലാം വയസ്സിലാണ് ഡി എം കെയുടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്തുന്നത്. പിന്നീട് ആ കേഡര്‍ പാര്‍ട്ടിയിലെ ചോദ്യം ചെയ്യപ്പെടാത്ത ശബ്ദമായി പ്രസിഡന്റ്. ഡി എം കെ സ്ഥാപകനായ സി എന്‍ അണ്ണാദുരൈയുടെ നിര്യാണത്തെ തുടര്‍ന്ന് 1969 ഫെബ്രുവരി പത്തിനാണ് നിയമസഭാ കക്ഷി നേതാവായും പിന്നീട് മുഖ്യമന്ത്രിയായും കരുണാനിധി തിരഞ്ഞെടുക്കപ്പെടുന്നത്.

പതിനാലാം വയസില്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിലേയ്ക്ക് കടന്നു വന്ന ദ്രാവിഡ രാഷ്ട്രീയത്തിലെ ഈ തീനാവ് 94 -ാം വയസിലും ആ കരുത്തിന്റെ പിന്‍ബലത്തില്‍ ദേശീയതലത്തില്‍ വരെ ശ്രദ്ധ പിടിച്ചുപറ്റുന്ന നേതാവായി തുടര്‍ന്നു. 1957ല്‍ മുപ്പത്തിമൂന്നാം വയസില്‍ കുഴിത്തലയില്‍ നിന്ന് എംഎല്‍എ ആയി വിജയിച്ച കരുണാനിധി പതിമൂന്ന് തവണ എംഎല്‍എയും അഞ്ചു തവണ മുഖ്യമന്ത്രിയുമായി.

പ്രസിഡന്റില്ലാതെ ആരംഭിച്ച രാഷ്ട്രീയപാര്‍ട്ടിയായിരുന്നു ഡി.എം.കെ. അണ്ണാദുരൈ അതിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. പ്രസിഡന്റ് സ്ഥാനം ഒഴിച്ചിട്ടിരിക്കുകയായിരുന്നു. ദ്രാവിഡ കഴകം സ്ഥാപകനും അണ്ണാദുരൈയുടെ നേതാവുമായിരുന്ന പെരിയാര്‍ ഇ.വി രാമസ്വാമിക്ക് വേണ്ടിയായിരുന്നു അത്. ഡി കെയില്‍ നിന്നും വേര്‍പിരഞ്ഞ് അണ്ണാദുരൈ ഡി എം കെ സ്ഥാപിക്കുകയായിരുന്നു. പെരിയാര്‍ ഡി.എം.കെയിലേയ്ക്ക് വരുമ്പോള്‍ അദ്ദേഹത്തിന് നല്‍കാനായിട്ടായിരുന്നു ആ സ്ഥാനം ഒഴിച്ചിട്ടിരുന്നത്. ഡി.എം.കെ 1960 സെപ്റ്റംബര്‍ 25 ന് പ്രസിഡീയം ചെയര്‍മാന്‍ എന്ന തസ്തികയാണ് സൃഷ്ടിച്ചത്.

അതില്‍ ആദ്യമെത്തിയത് ഇ.വി.കെ സമ്പത്ത് എന്ന നേതാവായിരുന്നു. അദ്ദേഹം പാര്‍ട്ടി വിട്ടതിനെ തുടര്‍ന്ന് വി.ആര്‍ നെടുഞ്ചേഴിയന്‍ ആ സ്ഥാനത്തെത്തി. കരുണാനിധിയും 1970 ല്‍ ചുമതലയേല്‍ക്കുമ്പോള്‍ ചെയര്‍മാന്‍ എന്നായിരുന്നു സ്ഥാനം. പിന്നീട് അത് പ്രസിഡന്റ് ആയി മാറുകയായിരുന്നു. രാഷ്ട്രീയത്തിലെ ദീര്‍ഘദൃഷ്ടി, നര്‍മ്മബോധം തമിഴ് ഭാഷയിലുള്ള സ്വാധീനം, പ്രസംഗ പാടവം, മൂര്‍ച്ചയേറിയ എഴുത്ത് ശൈലി, ഓര്‍മ്മശക്തി എന്നിവയൊക്കെ അദ്ദേഹത്തിനെ സമാനതകളില്ലാത്ത രാഷ്ടീയ നേതാവാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

ഡി എം കെ പ്രസിഡന്റായി ചുമതലയേറ്റ ശേഷം രണ്ട് വര്‍ഷത്തിനുള്ളില്‍ നടന്ന തമിഴ്‌നാട് നിയമസഭയിലേയ്ക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍ കരുണാനിധി തന്റെ കരുത്ത് തെളിയിച്ചു. 1971 ല്‍ ഡിഎം കെ തമിഴ് നാട് തൂത്തുവാരി. രാഷ്ട്രീയ നിലപാടുകളില്‍ അതിശക്തമായി ഉറച്ചുനില്‍ക്കുന്ന ശീലമുള്ള കരുണാനിധി അടിന്തരാവസ്ഥക്കാലത്ത് ഇന്ത്യയില്‍ നിലനിന്നിരുന്ന ഏക കോണ്‍ഗ്രസിതര സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായിരുന്നു. അതിനാല്‍ തന്നെ സോഷ്യലിസ്റ്റ് നേതാക്കളടക്കം ഇന്ദിരാഗാന്ധിയുടെ കണ്ണിലെ കരടായുള്ള നേതാക്കളുടെ അഭയസ്ഥാനവും തമിഴ് നാടായിരുന്നു.

അടിയന്തരവാസ്ഥയെ എതിര്‍ത്ത് നിലകൊണ്ട കരുണാനിധിക്ക് അതിന് ബലികഴിക്കേണ്ടി വന്നത് തന്റെ മുഖ്യമന്ത്രി സ്ഥാനവും ഡി എം കെയുടെ തമിഴ്‌നാട്ടിലെ ഭരണവുമായിരുന്നു. ഇന്ദിരാഗന്ധി ഡി എം കെ സര്‍ക്കാരിനെ പിരിച്ചുവിട്ടാണ് പകവീട്ടിയത്. 1976 ല്‍ തന്റെ സര്‍ക്കാരിനെ പിരിച്ചുവിട്ട കോണ്‍ഗ്രസുമായി കൂട്ട് ചേര്‍ന്നാണ് 1980 അദ്ദേഹം തെരഞ്ഞെടുപ്പിനെ നേരിട്ടത്.

എം ജി ആറും കരുണാനിധിയും വേര്‍പിരിയുകയും അവരിരുവരും തമ്മിലുള്ള പോരാട്ടം ശക്തമാകുകയും ചെയ്ത കാലമായിരുന്നു അത്. എം ജി ആറിന്റെ മരണശേഷമാണ് ഡി എം കെ വീണ്ടും അധികാരത്തിലെത്തുന്നത്. 1989ല്‍ ദേശീയ തലത്തില്‍ രൂപപ്പെട്ട ഐക്യമുന്നണി സര്‍ക്കാരില്‍ ഡി എം കെ യ്ക്കും ഇടമുണ്ടായി. കരുണാനിധിയുടെ അനിന്തിരവനായ മുരൈശൊലി മാരന്‍ വി പി സിങ് മന്ത്രിസഭയില്‍ മന്ത്രിയായി.

കോണ്‍ഗ്രസില്‍ നിന്നും വിട്ട് തമിഴ് മാനില കോണ്‍ഗ്രസ് രൂപീകരിച്ച ജി.കെ മൂപ്പനാരെയും പി. ചിദംബരത്തെയും കൂട്ടിയായിരന്നു 1996ലെ കരുണാനിധിയുടെ പോരാട്ടം. ദേവഗൗഡയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഐക്യമുന്നണി സര്‍ക്കാരിലും 1999 രൂപീകരിച്ച എ ബി വാജ്‌പേയിയുടെ ബിജെപി സര്‍ക്കാരിലും ഡി എം കെ ഇടം കണ്ടെത്തി.

2004 ലെ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ കോണ്‍ഗ്രസിനൊപ്പം നിലപാട് സ്വീകരിച്ച ഡി എം കെ യു പി എ സര്‍ക്കാരിന്റെ ഭാഗമായി. 2014 ല്‍ തനിച്ച് മത്സരിച്ചുവെങ്കിലും കനത്ത പരാജയം ഏറ്റുവാങ്ങി. എന്നാല്‍ 2016 ലെ തമിഴ് നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ് നാട്ടിലെ പ്രധാന പ്രതിപക്ഷമായി ഡി എം കെ തങ്ങളുടെ വീര്യം നഷ്ടമായില്ലെന്ന് ഉറപ്പിച്ചു.

Keywords: ‘Kalaignar’ M Karunanidhi Passes Away, Leaves Void In Politics, Media, Cinema, Chennai, News, Politics, Chief Minister, Dead, Protest, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?