മാടക്കാല്‍- തൃക്കരിപ്പൂര്‍ പാലം പുനര്‍നിര്‍മിക്കണം: അടിയന്തിര നടപടികള്‍ക്ക് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

കാസര്‍കോട് (www.evisionnews.co): വലിയപറമ്പ് പഞ്ചായത്തിലെ മാടക്കാല്‍ ദ്വീപിനെ തൃക്കരിപ്പൂര്‍ കടപ്പുറവുമായി ബന്ധിക്കുന്ന പാലം പുനര്‍നിര്‍മിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

2013ല്‍ നാലുകോടിയോളം മുടക്കി നിര്‍മിച്ച പാലം ഉദ്ഘാടനത്തിന് രണ്ടുമാസത്തിനകം തകര്‍ന്നു വീണിരുന്നു. തുടര്‍ന്ന് കമ്മീഷന്‍ ജില്ലാ കലക്ടറില്‍ നിന്നും റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു. തൂക്കുപാലം നിര്‍മിച്ചത് കെ.ഇ.എല്‍ എന്ന സ്ഥാപനമാണെന്നും പണി പൂര്‍ത്തിയാക്കിയ ശേഷം പാലം തകര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പാലത്തിന്റെ പുനര്‍നിര്‍മാണം സംബന്ധിച്ച് 2017 നവംബര്‍ എട്ടിന് തൃക്കരിപ്പൂര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നെങ്കിലും 2015ല്‍ കെ.ഇ.എല്‍ സമര്‍പ്പിച്ച എസ്റ്റിമേറ്റ് പ്രകാരം പാലം പുനര്‍ നിര്‍മിക്കാന്‍ കഴിയില്ലെന്നാണ് അറിയിച്ചത്. പുതിയ ഡിസൈനും പ്ലാനും എസ്റ്റിമേറ്റും കെഇഎല്‍ അധികൃതര്‍ സമര്‍പ്പിക്കുമ്പോള്‍ സാങ്കേതിക ഏജന്‍സിയുമായി കൂടിയാലോചിച്ച് പ്രവര്‍ത്തനാനുമതിക്കായി സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. 

പഞ്ചായത്തിന്റെ വിവിധ ഫണ്ടുകള്‍ അനിവാര്യ ചെലവുകള്‍ക്ക് പോലും തികയുന്നില്ലെന്നായിരുന്നു വലിയ പറമ്പ് പഞ്ചായത്ത് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. തൂക്കുപാലം പുനര്‍ നിര്‍മിക്കാന്‍ കഴിയില്ലെന്നും യന്ത്രവത്കൃതതോണി ഉപയോഗിച്ച് കടത്തു നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ 2013ല്‍ തകര്‍ന്ന പാലത്തിന്റെ പുതിയ എസ്റ്റിമേറ്റ് 2015ല്‍ സമര്‍പ്പിച്ചെങ്കിലും 2017ലും തീരുമാനമെടുത്തിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

പുതിയ എസ്റ്റിമേറ്റും പ്ലാനും യഥാസമയം പരിശോധിക്കുന്നതിന് ഉദേ്യാഗസ്ഥര്‍ താത്പര്യം പ്രകടിപ്പിച്ചതായി കാണുന്നില്ലെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. സമയബന്ധിതമായി എസ്റ്റിമേറ്റും പ്ലാനും സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ല. പാലം തകര്‍ന്നതിന്റെ ഉത്തരവാദിത്വം കണ്ടെത്താനും ശ്രമം നടത്തിയിട്ടില്ല. ഉത്തരവാദപ്പെട്ടവര്‍ അലംഭാവം തുടരുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവ് റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും കലക്ടര്‍ക്കും കൈമാറി. ഉടുമ്പുതലെ സ്വദേശി വി.ടി. ഷാഹുല്‍ ഹമീദ് നല്‍കിയ പരാതിയിലാണ് നടപടി.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?