അസമില്‍ കാണുന്നത് ബിജെപിയുടെ അപകടകരമായ വര്‍ഗീയക്കളി; തോമസ് ഐസക്ക്

തിരുവനന്തപുരം: (www.kvartha.com 01.08.2018) പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ ബിജെപി ആവിഷ്‌കരിക്കുന്ന ഏറ്റവും അപകടകരമായ വര്‍ഗീയക്കളിയുടെ കര്‍ട്ടനാണ് അസാമില്‍ പൊങ്ങുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്ക്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി ബി ജെ പിക്ക് നേരെ ആഞ്ഞടിച്ചത്.

ജനിച്ചു വളര്‍ന്ന നാട്ടില്‍ റേഷന്‍ കാര്‍ഡും പാസ്‌പോര്‍ട്ടും തിരിച്ചറിയല്‍ രേഖയുമുണ്ടായിട്ടും ജനങ്ങള്‍ക്ക് പൗരത്വം നിഷേധിച്ചുകൊണ്ട് സൃഷ്ടിക്കുന്ന ഭീകരമായ അരക്ഷിതാവസ്ഥയ്ക്ക് വ്യക്തമായ ലക്ഷ്യമുണ്ടെന്നും അദ്ദേഹം പറയുന്നു.

Thomas Issac against BJP Govt, Thiruvananthapuram, News, BJP, Facebook, post, Politics, Threatened, Prime Minister, Narendra Modi, Kerala

പൗരത്വം തെളിയിക്കാനാകാത്ത എല്ലാ അസാംകാരെയും നാടുകടത്തുമെന്ന് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ബിജെപി നേതാവ് ഹിമന്ത ബിസ്വ സര്‍മ ഉയര്‍ത്തിയ ഭീഷണിയുടെ വ്യാപ്തി അന്നാരും തിരിച്ചറിഞ്ഞിരുന്നില്ല. എന്നാല്‍ ഇന്ന് 40 ലക്ഷം പേരാണ് ഒറ്റയടിയ്ക്ക് പൗരത്വാവകാശത്തില്‍ നിന്നു പുറത്തായത്. ബി.ജെ.പിയുടെ കുടിലമായ രാഷ്ട്രീയലക്ഷ്യത്തിന് സാങ്കേതികസഹായം നല്‍കുകയാണ് ഭരണസംവിധാനമെന്നും തോമസ് ഐസക്ക് കുറ്റപ്പെടുത്തുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം;

നരേന്ദ്രമോഡിയെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ ബിജെപി ആവിഷ്‌കരിക്കുന്ന ഏറ്റവും അപകടകരമായ വര്‍ഗീയക്കളിയുടെ കര്‍ട്ടനാണ് ആസാമില്‍ പൊങ്ങുന്നത്. ജനിച്ചു വളര്‍ന്ന നാട്ടില്‍ റേഷന്‍ കാര്‍ഡും പാസ്‌പോര്‍ട്ടും തിരിച്ചറിയല്‍ രേഖയുമുണ്ടായിട്ടും ജനങ്ങള്‍ക്ക് പൗരത്വം നിഷേധിച്ചുകൊണ്ട് സൃഷ്ടിക്കുന്ന ഭീകരമായ അരക്ഷിതാവസ്ഥയ്ക്ക് വ്യക്തമായ ലക്ഷ്യമുണ്ട്.

പൗരത്വം തെളിയിക്കാനാകാത്ത എല്ലാ അസാംകാരെയും നാടുകടത്തുമെന്ന് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ബിജെപി നേതാവ് ഹിമന്ത ബിസ്വ സര്‍മ ഉയര്‍ത്തിയ ഭീഷണിയുടെ വ്യാപ്തി അന്നാരും തിരിച്ചറിഞ്ഞിരുന്നില്ല. ഇന്ന് 40 ലക്ഷം പേരാണ് ഒറ്റയടിയ്ക്ക് പൗരത്വാവകാശത്തില്‍ നിന്നു പുറത്തായത്. ബി.ജെ.പിയുടെ കുടിലമായ രാഷ്ട്രീയലക്ഷ്യത്തിന് സാങ്കേതികസഹായം നല്‍കുകയാണ് ഭരണസംവിധാനം.

ഇന്ത്യയില്‍ പിറന്നു വീണ്, വളര്‍ന്ന്, പണിയെടുത്ത്, നികുതി കൊടുക്കുന്നവരാണ് പുറത്തായവര്‍. അവര്‍ ഇന്ത്യാക്കാരല്ലെന്നു തീര്‍ച്ചപ്പെടുത്തുകയും രാജ്യത്തിനു പുറത്തുപോകണമെന്ന് കല്‍പ്പിക്കുകയും ചെയ്യുകയാണ് ബിജെപി നേതാക്കള്‍. അമിത്ഷാ പാര്‍ലമെന്റില്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണ്. ആരാണ് ഇന്ത്യാക്കാരനെന്നു തീരുമാനിക്കാനുള്ള അവകാശമൊന്നും അമിത്ഷായ്‌ക്കോ മറ്റേതെങ്കിലും ബിജെപിക്കാര്‍ക്കോ ജന്മസിദ്ധമായി ലഭിച്ചിട്ടില്ല. അക്കാര്യം ഓര്‍ക്കുന്നത് നന്ന്.

പത്തൊമ്പതാം നൂറ്റാണ്ടില്‍ അസാമില്‍ വ്യാപകമായി തോട്ടങ്ങള്‍ സ്ഥാപിച്ചതിന്റെ ഭാഗമായി ഇന്ത്യയുടെ തന്നെ നാനാഭാഗങ്ങളില്‍ നിന്ന് അസാമിലേയ്ക്ക് ആളുകള്‍ കുടിയേറിയിട്ടുണ്ട്. ഇത്തരത്തിലുള്ള മലയാളി കുടിയേറ്റത്തെക്കുറിച്ച് പ്രതിപാദിച്ചുകൊണ്ട് 'ആസാമിലെ പണിക്കാര്‍' എന്ന പേരിലുള്ള കവിത തന്നെ വൈലോപ്പിള്ളി എഴുതിയിട്ടുണ്ട്.

നാടും വീടും വിട്ട് അസാമിലെ കൊടും തണുപ്പിലേക്ക് വിഷസര്‍പ്പങ്ങളെയും മലമ്പനിയെയും കൂസാതെ ഇറങ്ങിപ്പുറപ്പെട്ട ഒരു കൂട്ടം മലയാളികളെക്കുറിച്ചാണ് ആ കവിത. അതു വായിച്ച മലയാളിയ്ക്ക് കുടിയേറ്റക്കാര്‍ക്കെതിരെയുള്ള ബി.ജെ.പിയുടെ ജല്‍പനങ്ങളെ പരമപുച്ഛത്തോടെ മാത്രമേ കാണാനാവൂ.

സുപ്രീംകോടതി നിര്‍ദേശത്തെപ്പോലും ധിക്കരിച്ചുകൊണ്ടാണ് അധികൃതര്‍ ബി.ജെ.പിയുടെ വാലാട്ടികളായത്. 1971 മാര്‍ച്ച് 24 നോ അതിനു മുമ്പോ തങ്ങള്‍ക്കോ പൂര്‍വികര്‍ക്കോ ഇന്ത്യന്‍ പൗരത്വമുണ്ടെന്ന് തെളിയിക്കാന്‍ കഴിയാത്തവരെയാണത്രേ ഇപ്പോള്‍ പുറത്താക്കിയിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം നിര്‍ണയിക്കാന്‍ സുപ്രീംകോടതി തന്നെ ചില മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ചിരുന്നു. ഇതൊന്നും പാലിക്കപ്പെട്ടിട്ടില്ല.

ഇന്ത്യയുടെ മുന്‍രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ ബന്ധുക്കളടക്കം പട്ടികയില്‍ നിന്ന് പുറത്താണ്. പഞ്ചായത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റും റേഷന്‍ കാര്‍ഡും പാസ്‌പോര്‍ട്ടുമൊന്നും പൗരത്വപരിശോധനയില്‍ പരിഗണിക്കുകയേ ഇല്ല എന്നു ശഠിക്കാന്‍ അധികാരികള്‍ക്ക് എന്തവകാശം. അങ്ങനെയൊക്കെ തീരുമാനിച്ച് പൗരാവകാശം ഹനിച്ചാലുണ്ടാകുന്ന പൊതുജനരോഷം ഏതെല്ലാം വഴികളിലൂടെ കത്തിപ്പടരുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ബിജെപിയ്ക്ക് ആവശ്യവും ഈ കലാപമാണ്.

അഭയാര്‍ത്ഥികളുടെ പൗരാവകാശം സംബന്ധിച്ച് ഇന്ത്യ പ്രത്യേകിച്ച് നയമൊന്നും സ്വീകരിച്ചിട്ടില്ല. ടിബെറ്റ്, ശ്രീലങ്ക, പശ്ചിമ പാകിസ്താന്‍ എന്നിവിടങ്ങളില്‍നിന്നൊക്കെ അഭയാര്‍ത്ഥികളെ കൈയും നീട്ടി സ്വീകരിച്ച് പൗരത്വം നല്‍കിയ രാജ്യമാണ് ഇന്ത്യ. ആ ഇന്ത്യയിലാണ് കഠിനാധ്വാനം ചെയ്ത് തലമുറകളായി ജീവിക്കുകയും നികുതിയൊടുക്കുകയും റേഷന്‍കാര്‍ഡിനും പാസ്‌പോര്‍ട്ടിനുമടക്കം അവകാശികളായിരിക്കുകയും ചെയ്യുന്ന ലക്ഷക്കണക്കിന് ആള്‍ക്കാരെ പൊടുന്നനെ രാജ്യമില്ലാത്തവരായി മാറ്റുന്നത്.

അസാമില്‍ നടത്തിയ ഇതേ പരിപാടി ബംഗാളിലും ബിഹാറിലും വ്യാപിപ്പിക്കണമെന്നും ബിജെപി ആവശ്യപ്പെടുന്നുണ്ട്. ലോകസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് അത്യന്തം അപകടകരമായ വര്‍ഗീയധ്രുവീകരണത്തിലേയ്ക്കും അതുവഴി കലാപവുമാണ് ബിജെപി ലക്ഷ്യമിടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thomas Issac against BJP Govt, Thiruvananthapuram, News, BJP, Facebook, Post, Politics, Threatened, Prime Minister, Narendra Modi, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?