ഇടുക്കി കൂട്ടക്കൊല; കൃത്യം നടത്തിയശേഷം പ്രതികള്‍ സ്ത്രീകളുടെ മൃതദേഹങ്ങളോട് കാട്ടിയത് സമാനതകളില്ലാത്ത ക്രൂരത

കോട്ടയം: (www.kvartha.com 08.08.2018) ഇടുക്കിയിലെ ആഭിചാര കൂട്ടക്കൊല കേസിലെ പ്രതികള്‍ സ്ത്രീകളുടെ മൃതദേഹങ്ങളോട് അനാദരവ് കാട്ടിയതായി പോലീസ്. കൃത്യം നടത്തിയശേഷമാണ് അനാദരവ് കാട്ടിയതെന്നാണ് ഇവരെ ചോദ്യം ചെയ്തപ്പോള്‍ പോലീസിന് ലഭിച്ച വിവരം. മൃഗീയമായി കൊലപ്പെടുത്തിയ അമ്മയുടെയും മകളുടെയും മൃതദേഹങ്ങളോടും പ്രതികള്‍ അനാദരവ് കാട്ടിയ സംഭവം മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നാണ് പോലീസ് പറയുന്നത്. ഇതേക്കുറിച്ച് പോലീസ് കൂടുതല്‍ അന്വേഷിക്കുന്നുണ്ട്.

ചൊവ്വാഴ്ച കേസിലെ മുഖ്യപ്രതി അനീഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. അതിനിടെ കഴിഞ്ഞദിവസം അറസ്റ്റിലായ തൊടുപുഴ കീരികോടി സാലിഭവനില്‍ ലിബീഷ് ബാബുവിനെ (28) അഞ്ചു ദിവസത്തേക്ക് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. ബുധനാഴ്ച ലിബീഷുമായി തെളിവെടുക്കും. കമ്പകക്കാനം സ്വദേശി കൃഷ്ണന്‍ (52), ഭാര്യ സുശീല (50), മകള്‍ ആര്‍ഷ (21), മകന്‍ അര്‍ജുന്‍ (18) എന്നിവരെ തലയ്ക്കടിച്ചും വെട്ടിയും കുത്തിയും കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിലാണ് ഇവര്‍ അറസ്റ്റിലായത്.

Kambakakkanam murder: Police confirm black magic angle, Kottayam, News, Crime, Criminal Case, Murder, Women, Molestation attempt, Police, Probe, Kerala, Trending

ലിബീഷാണ് ഇരുവരുടെയും മൃതദേഹങ്ങളില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ ഊരിയെടുത്തത്. കേസില്‍ തങ്ങള്‍ ഒരിക്കലും പിടിക്കപ്പെടില്ലെന്നാണ് ഇവര്‍ കരുതിയത്. കോഴിയെ വെട്ടി ആഭിചാര ക്രിയകള്‍ നടത്തിയതിനാല്‍ ഇവരുടെ ചെയ്തികള്‍ തെളിഞ്ഞുവരില്ലെന്നും മറ്റാരെയെങ്കിലും പ്രതികളാക്കി കേസ് തേച്ചുമാഞ്ഞുപോവുമെന്നാണ് കരുതിയതെന്നും അനീഷ് പോലീസിനോട് പറഞ്ഞു. കുറച്ചുനാളായി തന്റെ മാന്ത്രിക വിദ്യ ഫലവത്താവുന്നില്ലായെന്നും അനീഷ് പോലീസിനോട് പറഞ്ഞു.

അതിനിടെ കൊല്ലത്ത് സീരിയല്‍ നടി ഉള്‍പ്പെട്ട കള്ളനോട്ട് സംഘത്തെ കൊല്ലപ്പെട്ട കൃഷ്ണന് പരിചയമുണ്ടായിരുന്നുവെന്നും പോലീസിന് സബൂചന ലഭിച്ചിട്ടുണ്ട്. സീരിയല്‍ നടിയുടെ കൊല്ലത്തുള്ള വീട്ടില്‍ കൃഷ്ണന്‍ പലതവണ മന്ത്രവാദങ്ങള്‍ക്കും മറ്റും പോയിട്ടുണ്ടെന്നാണ് അറിയുന്നത്. എന്നാല്‍, കൊലപാതകവുമായി കള്ളനോട്ട് സംഘത്തിന് ബന്ധമില്ലെന്ന് ജില്ലാ പോലീസ് മേധാവി കെ.ബി.വേണുഗോപാല്‍ പറഞ്ഞു. ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് നാലംഗ കുടുംബത്തെ കൊല്ലപ്പെട്ട നിലയില്‍ വീടിനു പിന്നിലെ ചാണകക്കുഴിയില്‍ കണ്ടെത്തിയത്. കൃഷ്ണനെയും മകനെയും കുഴിച്ചുമൂടുമ്പോള്‍ ജീവനുണ്ടായിരുന്നുവെന്നും തെളിഞ്ഞു. 3500 രൂപയും 20 പവന്റെ സ്വര്‍ണവുമാണു പ്രതികള്‍ കവര്‍ന്നത്. അവ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഞായറാഴ്ചയാണു കൊല നടത്തിയത്. പിറ്റേന്ന് മൃതദേഹങ്ങള്‍ കുഴിച്ചിട്ടു. കൃത്യം നടത്തിയശേഷം പ്രതികള്‍ സ്ത്രീകളെ മാനഭംഗപ്പെടുത്തിയെന്നും മൃതശരീരങ്ങളോട് അനാദരവ് കാണിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.

സംഭവം പുറത്തറിഞ്ഞു മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ പ്രതികളിലൊരാളായ ലിബീഷിനെ പോലീസ് പിടികൂടിയിരുന്നു. ഇതോടെ ഒളിവില്‍ പോയ അനീഷിനെ എറണാകുളം നേര്യമംഗലത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ബുധനാഴ്ച അന്വേഷണസംഘം പിടികൂടുകയും ചെയ്തു. സുഹൃത്തിന്റെ വാടകവീട്ടിലെ കുളിമുറിയില്‍ ഉറങ്ങുന്നതിനിടെയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. മന്ത്രസിദ്ധി കൈക്കലാക്കുന്നതിനു നടത്തിയ കൊലപാതകം ആസൂത്രണം ചെയ്തത് അനീഷാണെന്നു പോലീസ് പറയുന്നു. ഇരുവരും ചേര്‍ന്നാണ് കൃത്യം നടത്തിയതെന്ന് തെളിയിക്കുന്ന കൂടുതല്‍ തെളിവുകള്‍ പോലീസിന് ലഭിച്ചു.

പ്രതികള്‍ക്കെതിരെ കൊലപാതകം, മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള ഭവനഭേദനം, മാനഭംഗശ്രമം തുടങ്ങിയ വകുപ്പുകളാണു ചുമത്തിയത്. പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്നതിനുള്ള വകുപ്പുകളാണിവ. മുഖ്യപ്രതി അനീഷിനെയും അറസ്റ്റു ചെയ്ത സാഹചര്യത്തില്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

തൊടുപുഴ ഡിവൈഎസ്പി കെ.പി. ജോസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. 40 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. നാന്നൂറോളം പേരെ കേസില്‍ പോലീസ് ചോദ്യം ചെയ്തു. 5000 ലേറെ ഫോണ്‍ കോളുകള്‍ പരിശോധിച്ചു. കേസന്വേഷണത്തില്‍ ഇവയും നിര്‍ണായകമായി. കൊല നടന്ന വീട്ടില്‍ നിന്ന് 20 വിരലടയാളങ്ങളാണ് പോലീസിനു ലഭിച്ചത്. ഇതില്‍ ആറെണ്ണം പ്രതികളുടേതായിരുന്നു. സംശയമുള്ള 150 പേരുടെ വിരലടയാളങ്ങളും പോലീസ് ശേഖരിച്ചു. നെടുങ്കണ്ടം, തിരുവനന്തപുരം സ്വദേശികളെ ചോദ്യം ചെയ്തതില്‍നിന്നു വിലപ്പെട്ട വിവരം പോലീസിനു ലഭിച്ചു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്;

ഇക്കഴിഞ്ഞ ജൂലൈ 29നാണ് കൃഷ്ണനെയും കുടുംബത്തെയും ശിഷ്യനായ അനീഷും സുഹൃത്ത് ലിബീഷും ചേര്‍ന്നു കൊലപ്പെടുത്തുന്നത്. രണ്ടുവര്‍ഷത്തോളം കൃഷ്ണനൊപ്പം നിന്നു പൂജയും മന്ത്രവാദവും പഠിച്ചയാളാണ് അനീഷ്. പിന്നീട് ഇയാള്‍ സ്വന്തം നിലയ്ക്കു പൂജകള്‍ ചെയ്യാന്‍ തുടങ്ങിയെങ്കിലും ഇവയൊന്നും വേണ്ടത്ര വിജയിച്ചില്ല.

കൃഷ്ണന്‍ തന്റെ മാന്ത്രികശക്തി അപഹരിച്ചതിനാലാണ് ഇതെന്ന് അനീഷ് കരുതി. ഈ തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ വൈരാഗ്യമാണ് കൊലയ്ക്കു അനീഷിനെ പ്രേരിപ്പിച്ചത്. ആറു മാസം മുന്‍പുതന്നെ ഇതിനായുള്ള പദ്ധതി അനീഷ് തയാറാക്കി. എന്നാല്‍ ലിബീഷ് സഹകരിക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് അന്നിതു നടക്കാതെ പോയത്.

കൃഷ്ണനെ കൊന്നാല്‍ അദ്ദേഹത്തിന്റെ ശക്തികൂടി തനിക്കു കിട്ടുമെന്നായിരുന്നു അനീഷിന്റെ വിശ്വാസം. 300 മൂര്‍ത്തികളുടെ ശക്തിയാണു കൃഷ്ണനുണ്ടായിരുന്നതെന്നായിരുന്നു വിശ്വാസം. കൂടാതെ ഇവരുടെ കൈവശമുണ്ടായിരുന്ന പണവും സ്വര്‍ണവും മന്ത്രവാദത്തിനുള്ള ചില താളിയോലകളും മോഷ്ടിക്കാമെന്നും അനീഷ് കണക്കുകൂട്ടി.

പതിനഞ്ചു വര്‍ഷം പരിചയമുള്ള ലിബീഷിനൊപ്പം ചേര്‍ന്ന് ഇതിനായി വ്യക്തമായ പദ്ധതി തയാറാക്കി. അടിമാലിയിലെ ഒരു കുഴല്‍ക്കിണര്‍ കമ്പനിയില്‍ ഇരുവരും ഒരുമിച്ചു ജോലി ചെയ്തിരുന്നു. സ്വര്‍ണവും പണവും നല്‍കാമെന്നു പറഞ്ഞാണു ലിബീഷിനെ ഒപ്പം കൂട്ടിയത്.

Keywords: Kambakakkanam murder: Police confirm black magic angle, Kottayam, News, Crime, Criminal Case, Murder, Women, Molestation attempt, Police, Probe, Kerala, Trending.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?