നീരൊഴുക്ക് കുറഞ്ഞു; ഇടുക്കിയിലും ഇടമലയാറിലും ജലനിരപ്പ് താഴ്ന്നു
തൊടുപുഴ (www.evisionnews.co): ജലനിരപ്പ് കുറഞ്ഞതോടെ ഇടുക്കിയില്‍ ആശങ്കക്ക് അയവ്. ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് താഴ്ന്നുതുടങ്ങി. രണ്ട് അണക്കെട്ടുകളുടേയും വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതോടെയാണ് നീരൊഴുക്ക് കുറഞ്ഞത്. രാവിലെ ഒന്‍പത് മണിയോടെയുള്ള റീഡിങ് അനുസരിച്ച് ഇടുക്കി അണക്കെട്ടില്‍ 2399.20 അടിയാണ് ജലനിരപ്പ്. ഇടമലയാറിലേത് 168.90 ആയി കുറഞ്ഞിട്ടുണ്ട്.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും തുറന്നിരുന്നു. ഇവ ഇതുവരെ അടച്ചിട്ടില്ല. ഇതുവഴി 7,50,000 ലിറ്റര്‍ (750 ക്യുമെക്‌സ്) വെള്ളം പുറത്തേക്കുവിടുന്നുണ്ട്. ഇടമലയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകളും തുറന്നിരിക്കുകയാണ്.
ഇടുക്കി ജില്ലയിലാകെ 17 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. ഇടുക്കി താലൂക്കില്‍ 11 ക്യാംപും ദേവികുളം താലൂക്കില്‍ ആറ് ക്യാംപുമാണ് പ്രവര്‍ത്തിക്കുന്നത.് 1058 പേര്‍ ക്യാംപില്‍ കഴിയുന്നുണ്ട്. എറണാകുളം ജില്ലയില്‍ മാത്രം പന്ത്രണ്ടായിരത്തോളം പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാംപുകളില്‍ തന്നെയാണ്.
പെരിയാറിലെ ജലനിരപ്പില്‍ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെക്കാള്‍ ജലനിരപ്പ് പത്തടിയിലേറെ കുറഞ്ഞതായാണ് സൂചന. ജലനിരപ്പില്‍ കുറവുണ്ടായത് സമീപവാസികള്‍ക്ക് ആശ്വാസമായെങ്കിലും ആളുകള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാംപില്‍ കഴിയുകയാണ്. വയനാട്ടില്‍ കനത്തമഴ തുടരുകയാണ്. കഴിഞ്ഞദിവസം ബാണാസുര ഡാമിന്റെ അണക്കെട്ട് അപ്രതീക്ഷിതമായി തുറന്നതിനെ തുടര്‍ന്ന് മേഖലയില്‍ വെള്ളപ്പൊക്കമുണ്ടായിരുന്നു.
Powered by Info News For You
Comments
Post a Comment