ഭീതിയൊഴിയാതെ വയനാട് : ഉരുള്‍ പൊട്ടിയത് 50 ലേറെ തവണ, ചരിത്രത്തില്‍ തന്നെ ഇത് ആദ്യം

കല്‍പറ്റ: (www.kvartha.com 13.08.2018) പ്രകൃതി കനിഞ്ഞനുഗ്രഹിച്ച വയനാടിന്റെ നെഞ്ചുപിളര്‍ത്തി ഉരുള്‍പൊട്ടലുകളും വെള്ളപ്പൊക്കവും. ജില്ലയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയേറെ ഉരുള്‍പൊട്ടലുകളുണ്ടാകുന്നത്. ഒരാഴ്ച തകര്‍ത്തുപെയ്ത മഴയില്‍ 50ലേറെ സ്ഥലങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. 200ഓളം സ്ഥലങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. വയനാട് ജില്ലയിലേക്ക് പ്രവേശിക്കുന്ന വൈത്തിരി മുതല്‍ കല്‍പ്പറ്റ വരെയും വൈത്തിരി മുതല്‍ തരിയോട് വരെയും റോഡിന് ഇരുവശവും മണ്ണിടിഞ്ഞതും ഉരുള്‍പൊട്ടലുകളും കാണാം.

പൊഴുതന പഞ്ചായത്തിലെ കുറിച്യര്‍ മലയിലാണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ ഉരുള്‍ പൊട്ടല്‍ ഉണ്ടായത്. അറുപതിലധികം പേര്‍ ഇവിടെ അത്ഭുതകരമായി രക്ഷപ്പെട്ടു. കുറിച്യര്‍ മല സ്‌കൂളും എസ്‌റ്റേറ്റ് പാടിയും ഒറ്റപ്പെട്ടു.

Wayanand land sliding 50 times, Flood, News, Trending, Rain, Military, Protection, Threatened, Kerala

40 ഹെക്ടറോളം പ്രദേശമാണ് ഇവിടെ ഒലിച്ചുപോയത്. 30 ലധികം വീടുകളുള്ള ഇവിടെ ദുരന്തം ഒഴിവായത് ഭാഗ്യംകൊണ്ടാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. മലയടിവാരത്തെ കൂറ്റന്‍പാറക്കല്ലില്‍ തടഞ്ഞ് മലവെള്ളവും ചെളിയും വഴിമാറി ഒഴുകുകയായിരുന്നു. ഇതാണ് നൂറുകണക്കിന് വീടുകളെ രക്ഷപ്പെടുത്തിയത്. ദുരന്തം പൂര്‍ണമായും എസ്‌റ്റേറ്റിലായതിനാലാണ് ഇവിടെ ദുരന്തം ഒഴിവായത്. സൈന്യം ഇവിടെ രക്ഷാപ്രവര്‍ത്തനത്തിനെത്തി.

പകല്‍ സമയത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായതിനാലും തുടക്കത്തില്‍ തന്നെ ഓടി രക്ഷപ്പെട്ടതിനാലും അറുപതിലധികം പേര്‍ക്ക് ജീവന്‍ തിരിച്ചു കിട്ടി. സേട്ടു കുന്നിലും ഉരുള്‍പൊട്ടല്‍ ഭീഷണി തുടരുകയാണ്. ജനവാസ കേന്ദ്രമായ കുറിച്യര്‍ മലയില്‍ ഒമ്പത് വീടുകള്‍ പൂര്‍ണമായും പതിനഞ്ച് വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇരുപതിലധികം വീടുകള്‍ വാസയോഗ്യമല്ലാതായി.

സേട്ടുക്കുന്നില്‍ നാല് വീടുകള്‍ പൂര്‍ണമായി തകരുകയും നൂറോളം വീടുകളെ ഉരുള്‍പൊട്ടല്‍ ബാധിക്കുകയും ചെയ്തു. പാടത്തും പീടിയേക്കല്‍ പി.പി.മൊയ്തുവിന്റെ വീട് നിന്നിരുന്ന സ്ഥലത്ത് മണ്‍കൂന മാത്രമാണ് കാണാനുള്ളത്. ഇദ്ദേഹത്തിന്റെ ഏഴംഗ കുടുംബം ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. പത്ത് പശുക്കള്‍ അടക്കം ഇദ്ദേഹത്തിന്റെ ഡയറി ഫാം മണ്ണിനടിയിലായി.

പുതിയ പറമ്പില്‍ ബീക്കുട്ടിയുടെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലെത്തിയ വീട് തകര്‍ന്നടിഞ്ഞു . നിര്‍മ്മാണ തൊഴിലാളിയായ ബീക്കുട്ടിയുടെ മകന്‍ നൗഫല്‍ വര്‍ഷങ്ങളായി ആരംഭിച്ച വീടു പണിയായിരുന്നു അന്തിമഘട്ടത്തില്‍ എത്തി നില്‍ക്കെ ഉരുള്‍പൊട്ടലില്‍ നാമാവശേഷമായത്.

പുതിയ പറമ്പില്‍ ലത്തീഫ് , ഹംസ തെക്കുംപാടന്‍,കുഞ്ഞീമ, വിളയം കാടന്‍, ഹാരീസ് മൈതാനിക്കുന്ന് ,സൂപ്പി ചോലക്കല്‍ , സിദ്ദിഖ് കോടിയാടന്‍, എന്നിവരുടെ വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. സേട്ടുക്കുന്ന് പ്രദേശത്ത് ഉരുള്‍ പൊട്ടലില്‍ സരസ്വതി വിലാസം മുരുക വേലു, പുളിക്കത്തൊടി സുലൈമാന്‍, ചിറക്കല്‍ സുലോചന, ചിറക്കല്‍ കാര്‍ത്തു എന്നിവരുടെ വീടുകള്‍ പൂര്‍ണമായും തകര്‍ന്നു . ഇവിടേക്കുള്ള റോഡുകളും പാടെ തകര്‍ന്നു.

നിരവധി വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നു വീണു . ഏകദേശം 25 ഹെക്ടര്‍ കൃഷിയിടം ഒലിച്ചുപോയി. കുറിച്യര്‍ മല ഗവ: എല്‍.പി. സ്‌കൂളും ഒറ്റപ്പെട്ടു. കിലോമീറ്ററുകളോളം ദൂരത്തില്‍ ഭൂമി ഒലിച്ചുപോയിട്ടുണ്ട്. സൈന്യം ഇവിടെ രക്ഷാപ്രവര്‍ത്തനത്തിനെത്തി. താല്‍കാലികമായ കാല്‍നടയാത്രക്കുള്ള സൗകര്യം ഒരുക്കി. കുറിച്യര്‍ മല , മേല്‍മുറി, സേട്ടുക്കുന്ന് എന്നിവിടങ്ങിലെ മൂന്നൂറോളം കുടുംബങ്ങള്‍ വീടുവിട്ടു. ഭീതിയൊഴിയാതെ തിരികെയെത്താന്‍ കഴിയാത്തതിനാല്‍ ഇവരെല്ലാം ക്യാമ്പുകളിലും ബന്ധു വീടുകളിലുമാണ്.

ഈ പ്രദേശത്തുമാത്രം 15 ഉരുള്‍പൊട്ടലുകളാണുണ്ടായത്. ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്നിടവും സുരക്ഷിതമല്ലെന്ന ഭയത്താല്‍ പലരും അവിടെനിന്ന് ബന്ധുവീടുകളിലേക്ക് മാറിത്താമസിച്ചു. പ്രദേശം റവന്യൂ, പോലീസ്, ആരോഗ്യം, ജിയോളജി അധികൃതര്‍ സന്ദര്‍ശിച്ചു.

കല്‍പ്പറ്റക്കടുത്ത് റാട്ടക്കൊല്ലി, മണിക്കുന്ന് മല, മാനന്തവാടിക്കടുത്ത് തലപ്പുഴയിലെ മക്കിമല, കമ്പമല, സേട്ടുകുന്ന്, മണിക്കുന്ന് മല, ഓടത്തോട്, അമ്പലവയല്‍, വൈത്തിരി, വെള്ളമുണ്ട - പെരിങ്ങളത്ത്, മംഗലശ്ശേരി മല, മക്കിയാട് പെരിഞ്ചേരിമല, തരിയോട് കാപ്പുംകുന്ന് തുടങ്ങിയ നിരവധി പ്രദേശങ്ങളിലാണ് ചെറുതും വലുതുമായ ഉരുള്‍പൊട്ടലുണ്ടായത്.

ദുരിതബാധിതരുടെ കണക്കെടുപ്പുപോലും പൂര്‍ത്തിയാക്കാന്‍ റവന്യൂ അധികൃതര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. വൈത്തിരി ബസ് സ്റ്റാന്‍ഡിന് പിന്നിലുണ്ടായ മണ്ണിടിച്ചിലില്‍ ബസ് സ്റ്റാന്‍ഡിലെ ഷോപ്പിങ് കോംപ്ലക്‌സ് പൂര്‍ണമായും തകര്‍ന്നു. സമീപത്തെ വൈത്തിരി പോലീസ് സ്‌റ്റേഷന് ഉള്ളില്‍ മണ്ണും ചെളിയും നിറഞ്ഞ അവസ്ഥയിലാണ്. വയനാട് ജില്ലയിലെ മിക്ക റോഡുകളിലും മണ്ണിടിച്ചില്‍ തുടരുകയാണ്.

കഴിഞ്ഞ ദിവസം വെള്ളക്കെട്ടിലായ റോഡുകളില്‍ വെള്ളമിറങ്ങിത്തുടങ്ങിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് സൈന്യവും ദുരന്തനിവാരണ സേനയും പോലിസും ഫയര്‍ഫോഴ്‌സുമെല്ലാം രംഗത്തുണ്ടെങ്കിലും അവരെല്ലാം നിസഹായാവസ്ഥയിലാണ്. റോഡുകളിലെ മണ്ണുമാറ്റാന്‍ ജെ.സി.ബി, ഹിറ്റാച്ചി ഉള്‍പ്പെടെയുള്ള യന്ത്രങ്ങളും സജീവമാണ്. മഴ തുടരുന്നതിനാല്‍ ആശങ്കയിലാണ് ജില്ലയിലെ ജനങ്ങള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Wayanand land sliding 50 times, Flood, News, Trending, Rain, Military, Protection, Threatened, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?