കാസര്‍കോട്ടു നിന്നും 'സഹായ പ്രളയം'; സുല്‍ത്താന്‍ ഗോള്‍ഡിന്റെ സഹായം 5 ലക്ഷം, സിപിഎം കാസര്‍കോട് ജില്ലാ കമ്മിറ്റി സ്വരൂപിച്ചത് 1.25 കോടി, യുവാവ് കല്യാണ സല്‍ക്കാരം മാറ്റിവെച്ച് 1.25 ലക്ഷവും നല്‍കി

പ്രളയം: സുല്‍ത്താന്‍ ഗോള്‍ഡ് അഞ്ച് ലക്ഷം രൂപ നല്‍കി


കാസര്‍കോട്: (www.kasargodvartha.com 20.08.2018) പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ സുല്‍ത്താന്‍ ഗോള്‍ഡും. സുല്‍ത്താന്‍ ഗോള്‍ഡിന്റെ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് സ്ഥാപകന്‍ ടി എം മുഹമ്മദ് ഹാജി ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ത് ബാബുവിന് കൈമാറി.

എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ സുല്‍ത്താന്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ടി. എം അബ്ദുര്‍ റഊഫ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

ദുരിതബാധിതരെ സഹായിക്കുന്നതിന് സി പി എം കാസര്‍കോട് ജില്ലാ കമ്മിറ്റി സ്വരൂപിച്ചത് 1.25 കോടി

കാസര്‍കോട്: പ്രളയ ദുരിതബാധിതരെ സഹായിക്കുന്നതിന് കാസര്‍കോട് ജില്ലയില്‍ നിന്ന് സി പി എം നേതൃത്വത്തില്‍ കാരുണ്യ പ്രവാഹം.പാര്‍ട്ടി മുന്‍കൈയില്‍ രണ്ടു ദിവസം കൊണ്ട് 1,25,19,688 സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കടച്ചു. ശനി, ഞായര്‍ ദിവസങ്ങളിലാണ് ഹുണ്ടിക പിരിവിലൂടെ ഈ തുക ശേഖരിച്ചത്. മറ്റു വിവിധ സംഘടനകളുടെ പിരിവ് ശേഖരണമുണ്ടായിരുന്നിട്ടും സി.പി.എം നേതൃത്വത്തില്‍ നടന്ന ദുരിതാശ്വാസ നിധി ശേഖരണത്തിന് അപൂര്‍വ്വഭൂതമായ പിന്തുണയാണ് ലഭിച്ചത്.

പണമായി ലഭിച്ച തുകയ്ക്ക് പുറമെ സ്വര്‍ണാഭരണങ്ങളും വിവിധ കേന്ദ്രങ്ങളില്‍ സംഭാവനയായി ലഭിച്ചു. പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗവും എംപിയുമായ പി കരുണാകരന്‍, ജില്ലാ സെക്രട്ടറി അടക്കമുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ അടക്കമുള്ള മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും, അനുഭാവികള്‍ വരെ ഫണ്ട് ശേഖരണത്തില്‍ പങ്കാളിയായി.

ഇതിനു പുറമെ സി.പി.എം നേതൃത്വത്തിലുള്ള സഹകരണ സ്ഥാപനങ്ങള്‍, സാംസ്‌കാരിക സംഘടനകള്‍, കലാ-കായിക ക്ലബ്ബുകള്‍, വര്‍ഗ-ബഹുജന സംഘടനകള്‍ എന്നിവയുടെ ആഭിമുഖ്യത്തിലും പണം, സാധന-സാമഗ്രികള്‍, ഭക്ഷ്യ വസ്തുകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ നല്‍കി.

യുവാവ് കല്യാണ സല്‍ക്കാരം മാറ്റിവെച്ച് 1.25 ലക്ഷം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

കാസര്‍കോട്: കല്യാണ സല്‍ക്കാരം മാറ്റി വെച്ച് യുവാവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1,25 ലക്ഷം രൂപ നല്‍കി. പണം ജില്ലാ കലക്ടര്‍ സജിത് ബാബുവിനെ ഏല്‍പിച്ചു. ഉദുമയിലെ ആരതി ജ്വല്ലറി ഉടമ സുധീഷ് രാമകൃഷ്ണന്‍ ആണ് സഹായം നല്‍കി മാതൃകയായത്.  കേരളത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി നിറഞ്ഞ മനസോടെ പാലക്കുന്ന് അംബിക ഓഡിറ്റോറിയത്തില്‍ സെപ്റ്റംബര്‍ 12  നടത്താന്‍ നിശ്ചയിച്ചിരുന്ന കല്യാണ സല്‍ക്കാരം ഒഴിവാക്കിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് തുക നല്‍കിയത്. 

സെപ്റ്റംബര്‍ 10ന് ദീക്ഷ ലക്ഷ്മിയുമായി കല്യാണം മംഗളൂരുവില്‍ വെച്ച് നടക്കുന്നത്. എ ഡി എം ദേവീദാസ്, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിംങ്ങ് പ്രസിഡന്റ് അബ്ദുല്‍ കരീം തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് തുക കൈമാറിയത്.


നീലേശ്വരം കൊട്രച്ചാല്‍ ഗാലക്‌സി ക്ലബിന്റെ ദുരിതാശ്വാസ കേന്ദ്രത്തിലേക്കുള്ള സാധനങ്ങളുമായി പോകുന്ന വാഹനത്തിന് കാഞ്ഞങ്ങാട് ഡിവൈഎസ്പി പി കെ സുധാകരന്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു

ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങുമായി ഹൊസ്ദുര്‍ഗ് പോലീസിന്റെ സഹായവണ്ടി തൃക്കരിപ്പൂര്‍ എം എല്‍ എ എം രാജഗോപാല്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു 

മുട്ടത്തൊടി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും വിഹിതമായ രണ്ട് ലക്ഷം രൂപയുടെ ചെക്ക് ബാങ്ക് പ്രസിഡണ്ട് ഇ അബൂബക്കര്‍ ഹാജി കാസര്‍കോട് അസിസ്റ്റന്റ് രജിസ്ട്രാറെ ഏല്‍പിക്കുന്നു

ജെ.സി.ഐ. കാസര്‍കോട് അരലക്ഷം രൂപയും സാധനങ്ങളും നല്‍കി

കാസര്‍കോട്: പ്രളയദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് ജെ സി ഐ കാസര്‍കോടിന്റെ കാരുണ്യ ഹസ്തം. വയനാട്ടിലെ ദുരിതബാധിത മേഖലകളില്‍ ജെ.സി.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തുന്ന സഹായ പ്രവര്‍ത്തനങ്ങള്‍ക്കായി ജെ.സി.ഐ അംഗങ്ങളും ജേസീറെറ്റ് വിംഗും സാധന സാമഗ്രികള്‍ നല്‍കി. കുപ്പി വെള്ളം, അരി, ബക്കറ്റ്, നാപ്കിനുകള്‍, ബിസ്‌ക്കറ്റ് തുടങ്ങിയ സാധനങ്ങളാണ് നല്‍കിയത്. 

കാസര്‍കോട് ബിന്ദു ജ്വല്ലറിക്ക് മുന്നില്‍ നടന്ന ചടങ്ങില്‍ ജെ.സി.ഐ മേഖലാ ട്രഷറര്‍ മഹേഷ് ഏറ്റുവാങ്ങി. പ്രസിഡണ്ട് കെ.വി അഭിലാഷ് കാരുണ്യ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. ജെ.സി.ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. നാഗേഷ്, മുന്‍ പ്രസിഡണ്ട് മുജീബ് അഹ് മദ്, സെക്രട്ടറി എന്‍.എ ആസിഫ്, ജേസീറെറ്റ് ചെയര്‍പേഴ്സണ്‍ സവിത അഭിലാഷ്, ഉമറുല്‍ ഫാറൂഖ്, സി.കെ അജിത് കുമാര്‍, റംസാദ് അബ്ദുല്ല, ഷിനു പഴശ്ശി, പി. രാജേന്ദ്രന്‍, സജീഷ്, നഫീസത്ത് ഷിഫാനി, ഹരിത തുടങ്ങിയവര്‍ സംബന്ധിച്ചു.

മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയനാട്ടിലെ ദുരിതബാധിത മേഖലയിലെ 50 കുടുംബങ്ങളെ ദത്തെടുത്ത് നടത്തുന്ന സഹായ പ്രവര്‍ത്തനങ്ങള്‍ക്കായി ജെ.സി.ഐ അംഗങ്ങള്‍ 50,000 രൂപ നല്‍കി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Trending, Top-Headlines, Flood: Helping hands from Kasaragod
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?