പ്രളയത്തില്‍ 483പേര്‍ മരിച്ചു: നഷ്ടംവാര്‍ഷിക പദ്ധതി തുകയേക്കാള്‍ വലുതെന്നും മുഖ്യമന്ത്രി
കേരളം (www.evisionnews.co): സംസ്ഥാനം ഇന്നേവരെ കണ്ടിട്ടില്ലാത്ത വന്‍ പ്രളയദുരന്തമാണ് കടന്നു പോയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ മഹാ പ്രളയത്തിലുണ്ടായ നഷ്ടം നേരത്തെ കണക്കുകളില്‍ സൂചിപ്പിച്ചതിനേക്കാളും ഏറെ വലുതാണെന്നും സംസ്ഥാനത്തിന്റെ വാര്‍ഷിക പദ്ധതി തുകയേക്കാള്‍ കൂടുതലാണ് നഷ്ടമെന്നും അദ്ദേഹം വ്യക്തമാക്കി. ചട്ടം 130 അനുസരിച്ച് പ്രളയക്കെടുതി സംബന്ധിച്ച് സഭയില്‍ ഉപക്ഷേപം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദേഹം. മഴയിലും പ്രളയത്തിലും ഇതുവരെ മരിച്ചത് 483 പേര്‍. 14പേരെ കാണാതായി; 140 പേര്‍ ചികിത്സയിലുണ്ട്. സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും പൊതുജനങ്ങള്‍ക്കൊപ്പം അണിനിരക്കുന്നു. പകര്‍ച്ചവ്യാധികള്‍ തടയാന്‍ ആരോഗ്യമേഖലയിലുള്ളവരും രംഗത്തുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപം
ഈ നൂറ്റാണ്ട് കണ്ട എറ്റവും വലിയ കാലവര്‍ഷക്കെടുതിക്കാണ് കേരളം സാക്ഷ്യംവഹിച്ചത്. മണ്‍സൂണിന്റെ തുടക്ക ഘട്ടത്തില്‍ തന്നെ ദുരന്തങ്ങള്‍ വിതച്ച കാലവര്‍ഷം ആഗസ്റ്റ് മാസമാവുമ്പോഴേക്കും മഹാപ്രളയത്തിലേക്ക് എത്തുകയാണുണ്ടായത്. ഈ ദുരിതത്തില്‍ കേരളത്തിലെ ലക്ഷക്കണക്കിന് ജനതയുടെ ജീവിതം അതീവ ദുരിതമായി മാറുകയും ചെയ്തു. ചോര നീരാക്കി സമ്പാദിച്ചതെല്ലാം നഷ്ടപ്പെടുന്ന സാഹചര്യം പലര്‍ക്കും അഭിമുഖീകരിക്കേണ്ടിവന്നിരിക്കുകയാണ്. തങ്ങളുടെ ദുരന്തത്തെ താങ്ങാനാവാതെ മരണപ്പെട്ടവരും ഉണ്ട് എന്നത് ദുരന്തത്തിന്റെ നിജസ്ഥിതിയെ പുറത്തുകൊണ്ടുവരുന്നതാണ്.
കനത്ത കാലവര്‍ഷത്തെത്തുടര്‍ന്ന് ഉരുള്‍പ്പൊട്ടല്‍,വെള്ളപ്പൊക്കം,മണ്ണിടിച്ചില്‍ തുടങ്ങിയവ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായി. അതിന്റെ ഫലമായി 483പേരുടെ ജീവന്‍ ഇത് കവരുകയും ചെയ്തു. 14പേരെ കാണാതായിട്ടുണ്ട്.140 പേര്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു. കാലവര്‍ഷം ശക്തമായ ആഗസ്റ്റ് 21 ന് 3,91,494കുടുംബങ്ങളിലായി14,50,707 പേര്‍ വരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ജീവിക്കേണ്ട നിലയിലേക്ക് അത് എത്തുകയും ചെയ്തു. ഇന്നത്തെ സ്ഥിതി അനുസരിച്ച് 305ക്യാമ്പുകളിലായി 16,767കുടുംബങ്ങളിലെ 59,296ആളുകള്‍ ഉണ്ട്.ചിലരാവട്ടെ ബന്ധുവീടുകളിലും മറ്റും അഭയം പ്രാപിച്ചാണ് ദുരന്തത്തില്‍ നിന്ന് രക്ഷ നേടിയത്.
സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനത്തിന്റെ തീക്ഷണമായ ഇടപെടലുകളാണ് മരണസംഖ്യ താരതമ്യേന കുറയ്ക്കുന്ന സാഹചര്യം രൂപപ്പെടുത്തിയത്. സ്വന്തം ജീവന്‍പോലും പണയപ്പെടുത്തിക്കൊണ്ടുള്ള രക്ഷാപ്രവര്‍ത്തനമായിരുന്നു നാട് ദര്‍ശിച്ചത്. രക്ഷാപ്രവര്‍ത്തകര്‍ ബോട്ട് മറിഞ്ഞും മറ്റും പോലും അപകടത്തില്‍പ്പെട്ടു. എന്നിട്ടും രക്ഷാപ്രവര്‍ത്തനത്തില്‍ നിന്നും പിന്മാറാതെയും പതറാതെയും സ്വന്തം സഹോദരന്മാരെ എന്നപോലെ രക്ഷപ്പെടുത്താന്‍ സാഹസികമായി നടത്തിയ പരിശ്രമങ്ങള്‍ നടത്തിയ എല്ലാവര്‍ക്കും നമുക്ക് ബിഗ് സല്യൂട്ട് നല്‍കാം.
Powered by Info News For You

Comments
Post a Comment