സൈന്യത്തോടൊപ്പം കടലിന്റെ മക്കളും: 31അംഗ സംഘം കാസര്‍കോട്ട് നിന്നും ചാലക്കുടിയിലേക്ക് പുറപ്പെട്ടു
കാഞ്ഞങ്ങാട് (www.evisionnews.co): നാട് പ്രളയത്തില്‍ മുങ്ങിക്കിടക്കുമ്പോള്‍ നാടിനെ രക്ഷിക്കാന്‍ ഇന്ത്യന്‍ സൈന്യത്തോടൊപ്പം കടലിന്റെ മക്കളും. തങ്ങളുടെ സഹോദരങ്ങളെ ദുരിതക്കയത്തില്‍ രക്ഷിക്കാനായി മുപ്പത്തൊന്നംഗ മത്സ്യത്തൊഴിലാളികളായ യുവാക്കളാണ് രക്ഷപ്രവര്‍ത്തകരായി ദുരിത ബാധിതപ്രദേശമായ ചാലക്കുടിയിലേക്ക് പുറപ്പെട്ടത്. ഇന്നലെ നാലു മണിക്കാണ് സംഘം അജാനൂര്‍ കടപ്പുറം, മീനാപ്പീസ് കടപ്പുറം, കാഞ്ഞങ്ങാട് കടപ്പുറം, പുഞ്ചാവി കടപ്പുറം എന്നിവിടങ്ങളില്‍ നിന്ന് കണ്ണൂര്‍ പൊലിസ് ചീഫിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം പ്രത്യേക പൊലിസ് വാഹനത്തില്‍ പുറപ്പെട്ടത്.
നീന്തല്‍ വിദഗ്ധരും ബോട്ട് എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കാന്‍ അറിയുന്നവരുമായ യുവാക്കളെയാണ് പൊലിസ് തെരഞ്ഞെടുത്തത്. ഇരുപത്തിരണ്ടിനും മുപ്പത്തിയഞ്ചിനും മധ്യേ പ്രായമുള്ളവരാണ് വിദഗ്ധ സംഘത്തിലുള്ളത്. അജാനൂരിലെ രഘു, ബാലു, രാഹുല്‍, അജീഷ്, മനു, രജിത്ത്, സജ്ഞു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് യാത്ര തിരിച്ചത്. കുടുങ്ങി കിടക്കുന്നവരെ എന്തുവില കൊടുത്തും രക്ഷിക്കുക എന്ന ദൗത്യമാണ് നമ്മുക്ക് മുമ്പിലുളള തെന്നും ഇവര്‍ പറഞ്ഞു. എത്ര ദിവസമാണ് അവിടെ ഇവര്‍ ഉണ്ടാകുക എന്നത് വ്യക്തമല്ല. എന്നാല്‍ രക്ഷദൗത്യത്തിന് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് സംഘം യാത്ര പുറപ്പെട്ടത്.
Powered by Info News For You

Comments
Post a Comment