ഇടുക്കിയില്‍ നാലംഗ കുടുംബത്തെ കൊന്നുകുഴിച്ചുമൂടിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി; ആഭിചാരക്രിയകള്‍ ഫലിക്കാത്തതിനെ തുടര്‍ന്ന് ആരെങ്കിലും ക്വട്ടേഷന്‍ നല്‍കി വകവരുത്തിയതാകാമെന്ന് പോലീസ്; കൊല്ലപ്പെട്ട ആര്‍ഷ രാത്രി 10.53 വരെ വാട്‌സാപ്പില്‍

കോട്ടയം: (www.kvartha.com 02.08.2018) ഇടുക്കി വണ്ണപ്പുറം മുണ്ടന്‍കുഴിയില്‍ ഒരു കുടുംബത്തിലെ നാലുപേരെ കൊന്നു തള്ളിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഉര്‍ജിതമാക്കി. ആഭിചാരക്രിയകള്‍ ഫലിക്കാത്തതിനെ തുടര്‍ന്ന് ആരോ ക്വട്ടേഷന്‍ നല്‍കി വകവരുത്തിയതാകാമെന്നാണ് പോലീസിന്റെ നിഗമനം. അതേസമയം, രാത്രി 10.53 വരെ കൊല്ലപ്പെട്ട ആര്‍ഷ വാട്‌സ് ആപ്പില്‍ ഉണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്. മാത്രമല്ല, രാത്രി കൂട്ടുകാരില്‍ ചിലരെ വിളിക്കുകയും ചെയ്തിരുന്നു.

ബുധനാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ് കമ്പകക്കാനം കാനാട്ട് കൃഷ്ണന്‍ (54), ഭാര്യ സുശീല (50), മകള്‍ ആര്‍ഷ (21), മകന്‍ അര്‍ജുന്‍ (18) എന്നിവര്‍ കൊലചെയ്യപ്പെട്ട വിവരം പുറംലോകം അറിയുന്നത്. വീടിന്റെ പിറകിലെ ആട്ടിന്‍കൂടിനോട് ചേര്‍ന്ന് കഷ്ടിച്ച് നാലടി താഴ്ചയില്‍ നാലു മൃതദേഹങ്ങളും കൂട്ടിയിട്ട് മണ്ണിട്ട് മൂടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. സുശീലയുടെയും ആര്‍ഷയുടെയും സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഏകദേശം 50 പവന്റെ സ്വര്‍ണാഭരണങ്ങള്‍ ഇവര്‍ക്കുണ്ടായിരുന്നുവെന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.

 Kerala Police probing all angles including black magic in death of 4 family members, Kottayam, News, Local-News, Crime, Criminal Case, Murder, Trending, Police, Probe, Kerala

ചുറ്റികകൊണ്ട് തലയ്ക്കടിച്ചും കുത്തിയും വെട്ടിയുമാണ് നാലുപേരെയും കൊലപ്പെടുത്തിയത്. ആരോഗ്യ ദൃഢഗാത്രനാണ് കൃഷ്ണന്‍. അര്‍ജുനനും നല്ല ആരോഗ്യമുണ്ട്. ഒന്നോ രണ്ടോ പേര്‍ക്ക് ഇവരെ കീഴ്‌പ്പെടുത്താന്‍ കഴിയില്ലെന്ന് പോലീസ് പറയുന്നു. മൂന്നോ അതിലധികമോ ആളുകള്‍ ചേര്‍ന്നാവാം കൃത്യം നിര്‍വഹിച്ചിരിക്കുന്നതെന്നാണ് നിഗമനം. വന്‍ തുക ചെലവാക്കി ആഭിചാര ക്രിയ നടത്തിയിട്ടും പ്രതീക്ഷിച്ച ഫലം കിട്ടാതെ വന്നതോടെ ക്വട്ടേഷന്‍ നല്കിയതാവാമെന്നാണ് പോലീസ് കരുതുന്നത്.

ഈ രീതിയിലാണ് അന്വേഷണം മുന്നോട്ടു പോവുന്നതും. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷമേ കൂടുതല്‍ എന്തെങ്കിലും പറയാന്‍ സാധിക്കുകയുള്ളൂവെന്ന് തൊടുപുഴ ഡിവൈ.എസ്.പി കെ.പി.ജോസ് പറഞ്ഞു.

കൃഷ്ണന്റെ വീട്ടില്‍ ആഭിചാര ക്രിയകള്‍ നടന്നുവന്നിരുന്നതായി നാട്ടുകാരും പറയുന്നു. ദൂരെ സ്ഥലങ്ങളില്‍ നിന്നു പോലും ആളുകള്‍ എത്തിയിരുന്നു. മിക്കവരും എത്തിയിരുന്നത് രാത്രിയിലായിരുന്നു. നാട്ടുകാരുമായി അകല്‍ച്ച കാത്തുസൂക്ഷിച്ചിരുന്ന കൃഷ്ണന്‍ ഭാര്യ സുശീലയെപോലും അയല്‍ക്കാരുമായി സംസാരിക്കാന്‍ അനുവദിച്ചിരുന്നില്ല. റബര്‍തോട്ടത്തിനു നടുവിലുള്ള വീട് പ്ലാസ്റ്റിക്ക് ചാക്ക് ഉപയോഗിച്ച് ഏതാണ്ട് പൂര്‍ണമായും മറച്ചിരുന്നു.

ഇവരെ കൊല്ലാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ചെറിയ ചുറ്റികയും കത്തിയും മൃതദേഹം കുഴിച്ചുമൂടിയ സ്ഥലത്തിനു സമീപത്തുനിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ചുറ്റികയിലും കത്തിയിലും രക്തക്കറ പുരണ്ടിട്ടുണ്ട്. കൊലക്ക് ഉപയോഗിച്ച ചുറ്റികയുടെ പിടി കാപ്പിക്കമ്പുകൊണ്ടുണ്ടാക്കിയതാണ്. ഇടുക്കി ജില്ല കേന്ദ്രീകരിച്ചാണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.

ആഭിചാര ക്രിയകള്‍ നടത്തിയാണ് കൃഷ്ണന്‍ കുടുംബം പുലര്‍ത്തിയിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. നല്ല സാമ്പത്തികം ഇത്തരത്തില്‍ സമ്പാദിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇവര്‍ക്കില്ലെന്നാണ് നാട്ടുകാരും പറയുന്നത്. ധാരാളം സ്വര്‍ണാഭരണങ്ങള്‍ ധരിച്ചാണ് സുശീലയും മകളും നടന്നിരുന്നത്. എന്നാല്‍ കഴിഞ്ഞദിവസം കൊലപാതകം നടന്നതിന് പിന്നാലെ മോഷണ ശ്രമം നടന്നിരുന്നുവോ എന്നറിയാന്‍ പോലീസ് ഇവരുടെ വീട്ടിലെ അലമാര പരിശോധിച്ചപ്പോള്‍ അവിടെനിന്നും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇവരുടെ ദേഹത്തും സ്വര്‍ണാഭരണങ്ങള്‍ ഇല്ലായിരുന്നു.

തൊടുപുഴയിലെ സ്വകാര്യകോളജിലെ ബി.എഡ് വിദ്യാര്‍ത്ഥിനിയാണ് ആര്‍ഷ. അര്‍ജുനനാവട്ടെ, കഞ്ഞിക്കുഴി എസ്.എല്‍.വി.എച്ച്.എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയും. 22 വര്‍ഷങ്ങള്‍ക്കു മുമ്പാണ് കൃഷ്ണനും കുടുംബവും മേലുകാവ് മേരിഗിരിയില്‍ നിന്നും മുണ്ടന്‍മുടിയില്‍ കുടിയേറിയത്. സഹോദരങ്ങളുമായി പിണങ്ങിയാണ് കൃഷ്ണന്‍ പിന്നീട് കമ്പകക്കാനത്തെത്തിയത്.

തൊടുപുഴ ഡിവൈഎസ്പി കെ.പി.ജോസിന്റെ നേതൃത്വത്തില്‍ മൂന്നു സിഐമാര്‍ ഉള്‍പ്പെടുന്ന 20 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. അതിനിടെ, കൊല്ലപ്പെട്ട കൃഷ്ണന്റെ സഹോദരങ്ങളില്‍ ചിലര്‍ക്കും മന്ത്രവാദവുമായി ബന്ധമുണ്ടെന്നു പോലീസിന് സൂചന ലഭിച്ചു. കുടുംബത്തിലെ സ്വത്തുതര്‍ക്കവും കൂട്ടക്കൊലപാതകത്തിന് കാരണമായോയെന്ന് അന്വേഷിക്കുന്നുണ്ട്. കൃഷ്ണന്റെയും ഭാര്യയുടെയും മക്കളുടെയും മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യുകയാണ്.

അതിനിടെ കൊല്ലപ്പെട്ട ആര്‍ഷ ഇക്കഴിഞ്ഞ വ്യാഴാഴ്ച ക്ലാസില്‍ കരഞ്ഞതായി ക്ലാസ് ടീച്ചര്‍ വെളിപ്പെടുത്തി. കാരണം തിരക്കിയപ്പോള്‍ കൂട്ടുകാര്‍ ഒറ്റപ്പെടുത്തുന്നതായി പരാതി പറഞ്ഞുവെന്നും ആര്‍ഷയെ വിളിച്ച് സംസാരിച്ച് പ്രശ്‌നം പരിഹരിച്ചുവെന്നും ടീച്ചര്‍ വ്യക്തമാക്കി. എപ്പോഴും ഏകയായിരിക്കുന്ന പ്രകൃതമായിരുന്നു ആര്‍ഷയുടേതെന്ന് കൂട്ടുകാരും പ്രതികരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala Police probing all angles including black magic in death of 4 family members, Kottayam, News, Local-News, Crime, Criminal Case, Murder, Trending, Police, Probe, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?