എട്ടു വര്‍ഷം മുമ്പ് സൂക്ഷിക്കാനേല്‍പിച്ച ഒറ്റക്കുഴല്‍ തോക്ക് പോലീസ് സ്‌റ്റേഷനില്‍ നിന്നും അപ്രത്യക്ഷമായി; സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: (www.kasargodvartha.com 26.07.2018) എട്ടു വര്‍ഷം മുമ്പ് സൂക്ഷിക്കാനേല്‍പിച്ച ഒറ്റക്കുഴല്‍ തോക്ക് പോലീസ് സ്‌റ്റേഷനില്‍ നിന്നും അപ്രത്യക്ഷമായ സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ആദൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്നുമാണ് കര്‍ഷകന്‍ സൂക്ഷിക്കാനേല്‍പ്പിച്ച തോക്ക് കാണാതായത്. 2010 മാര്‍ച്ച് 18-നാണ് മുളിയാര്‍ മേഖലയിലെ കര്‍ഷകന്‍ ഒറ്റക്കുഴല്‍ തോക്ക് പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചത്. ഈ തോക്കാണ് കാണാതായിരിക്കുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി ആദൂര്‍ സ്റ്റേഷന്‍ പരിധിയില്‍ ലൈസന്‍സുള്ള 126 പേരോടും തങ്ങളുടെ തോക്ക് സ്റ്റേഷനില്‍ ഹാജരാക്കാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. തോക്ക് സൂക്ഷിക്കാന്‍ അധികാരമുള്ള ജില്ലയിലെ രണ്ട് സ്വകാര്യ സ്ഥാപനങ്ങളില്‍നിന്നും വിവരങ്ങള്‍ ആവശ്യപ്പെട്ട പോലീസ് കാസര്‍കോട് സായുധസേനാവിഭാഗത്തിലെ തോക്കുകള്‍ മുഴുവന്‍ പരിശോധിച്ചുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും കണ്ടുകിട്ടിയില്ലെങ്കില്‍ തോക്ക് നഷ്ടപ്പെട്ട കാലയളവില്‍ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ക്കെതിരെ നടപടി വരുമെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. സ്റ്റേഷന്റെ ചുമതല വഹിച്ചിരുന്ന ഇന്‍സ്‌പെക്ടര്‍മാരും റൈറ്റര്‍മാരും അസിസ്റ്റന്റ് റൈറ്റര്‍മാരും അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് നടപടിവരിക.

സമീപപ്രദേശത്ത് ഉത്സവം നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു തോക്ക് സ്‌റ്റേഷനില്‍ ഏല്‍പിച്ചത്. സ്റ്റേഷനില്‍ തോക്ക് ഏല്‍പ്പിക്കുമ്പോള്‍ ലൈസന്‍സിന്റെ കാലാവധി കഴിയാറായിരുന്നു. ഇത് പുതുക്കിയ ശേഷമേ തോക്ക് തിരികെയെടുക്കാന്‍ കഴിയൂവെന്നതിനാല്‍ ലൈസന്‍സ് പുതുക്കാന്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന് അപേക്ഷ നല്‍കി. സാങ്കേതിക കാരണങ്ങളാല്‍ വൈകി 2013 ല്‍ മാത്രമാണ് ലൈസന്‍സ് പുതുക്കിക്കിട്ടിയത്. തുടര്‍ന്ന് തോക്ക് തിരികെയെടുക്കാന്‍ ചെന്നപ്പോഴാണ് കാണാതായതായി വ്യക്തമായത്. പലയിടത്തും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഇതോടെ കളക്ടറേറ്റില്‍ പരാതി നല്‍കി. കളക്ടര്‍ പരാതി ജില്ലാ പോലീസ് മേധാവിക്ക് കൈമാറി. തുടര്‍ന്നാണ് സ്പഷ്യല്‍ബ്രാഞ്ച് ഡിവൈ.എസ്.പി. ജ്യോതികുമാറിനെ അന്വേഷണം ഏല്‍പ്പിച്ചത്. ആദൂര്‍ സ്റ്റേഷനില്‍ നിശ്ചിത കാലയളവില്‍ തോക്ക് സൂക്ഷിച്ച രേഖകള്‍ എടുത്ത് അന്വേഷണസംഘം വിശദമായ പരിശോധന നടത്തിവരികയാണ്. ഈ കാലയളവില്‍ ഇവിടെ ജോലിചെയ്തിരുന്ന സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍, റൈറ്റര്‍മാര്‍, അസിസ്റ്റന്റ് റൈറ്റര്‍മാര്‍ എന്നിവരുടെ പട്ടിക തരാന്‍ അന്വേഷണസംഘം ആദൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് വിവരം. നമ്പര്‍ ഒത്തുനോക്കാനാണ് സ്റ്റേഷന്‍ പരിധിയിലെ എല്ലാ ലൈസന്‍സികളോടും തോക്ക് ഹാജരാക്കാന്‍ അവശ്യപ്പെട്ടിരിക്കുന്നത്. സായുധസേനാവിഭാഗത്തിലെ തോക്കുകള്‍ പരിശോധിക്കുന്നതും ഇതേ ആവശ്യത്തിനാണ്. തോക്കുകളുടെ നമ്പറും മറ്റുവിവരങ്ങളും സൂക്ഷിക്കുന്ന ആര്‍മര്‍ വിഭാഗത്തിന് ഈ നമ്പര്‍ കൈമാറി അവര്‍ ഒത്തുനോക്കുകയാണ് ചെയ്യുക. തോക്ക് കണ്ടെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കാനാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് തീരുമാനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Police, Molestation, Special-squad, Investigation, Adoor, Gun missed from Police Station; Special branch investigation started


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?