ജവാന്റെ മകളെ തട്ടിക്കൊണ്ടു പോയെന്ന പരാതിക്കു പിന്നാലെ ബിജെപി എംഎല്‍എയ്‌ക്കെതിരെ അച്ചടക്ക നടപടിക്കു ശുപാര്‍ശ
ജമ്മു: (www.kvartha.com 27.07.2018) ജവാന്റെ മകളെ തട്ടിക്കൊണ്ടു പോയെന്ന പരാതിക്കു പിന്നാലെ ബിജെപി എംഎല്‍എയ്‌ക്കെതിരെ അച്ചടക്ക നടപടിക്കു ശുപാര്‍ശ. കശ്മീരിലെ ആര്‍എസ് പുര എംഎല്‍എ ഗഗന്‍ ഭഗതിനെയാണ് അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന് അച്ചടക്കസമിതി റിപ്പോര്‍ട്ട് നല്‍കിയത്. മൂന്നു മാസത്തേക്കു പാര്‍ട്ടിയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യണമെന്നാണു ശുപാര്‍ശ. ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയുടെ ഔദ്യോഗിക പദവികളില്‍നിന്നു മാറ്റണമെന്നും നിര്‍ദേശമുണ്ട്.
ജൂണ്‍ 24നാണു മുന്‍ സൈനികന്‍ കൂടിയായ പിതാവ് വിദ്യാര്‍ഥിയായ തന്റെ മകളെ എംഎല്‍എ തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായി രംഗത്തെത്തിയത്. എന്നാല്‍ ഇക്കാര്യം നിഷേധിച്ചു പത്തൊന്‍പതുകാരിയായ വിദ്യാര്‍ഥിയും ഗഗന്‍ ഭഗത്തും രംഗത്തെത്തി. പന്ത്രണ്ടാം ക്ലാസ് പോലും പാസാകാത്ത ഒരാളെക്കൊണ്ടു തന്നെ വിവാഹം കഴിപ്പിച്ചയയ്ക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചു വീടു വിട്ടതാണെന്നായിരുന്നു പെണ്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. പിഡിപി അനുഭാവികളാണ് വീട്ടുകാര്‍. അതിനാലാണു ബിജെപി എംഎല്‍എയ്‌ക്കെതിരെ ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്നും പെണ്‍കുട്ടി പറഞ്ഞു.
അതിനിടെ ഈ വിദ്യാര്‍ഥിനിയുമായി വിവാഹേതര ബന്ധത്തിലാണ് ഗഗന്‍ എന്ന പരാതിയുമായി അദ്ദേഹത്തിന്റെ ഭാര്യയും ബിജെപി സംസ്ഥാന വനിതാവിഭാഗം സെക്രട്ടറിയുമായ മോണിക്ക ശര്‍മയും രംഗത്തെത്തി. ബിജെപി കേന്ദ്ര നേതൃത്വത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ഉള്‍പ്പെടെ മോണിക്ക ഇതുസംബന്ധിച്ച് പരാതി നല്‍കി. സംഭവം അന്വേഷിക്കാന്‍ സുനില്‍ സേഥിയെ ചെയര്‍മാനാക്കി ബിജെപി മൂന്നംഗ അച്ചടക്ക സമിതിയെ നിയോഗിച്ചു. എന്‍.ഡി.രാജ്‌വാള്‍, വിരിന്ദര്‍ജീത് സിങ് എന്നിവരായിരുന്നു മറ്റ് അംഗങ്ങള്‍.
മൂന്നു മാസത്തെ സസ്‌പെന്‍ഷന്‍ കാലത്തിനിടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനും സമിതി നിര്‍ദേശമുണ്ട്. പരിഹാരം കണ്ടില്ലെങ്കില്‍ ബിജെപിയില്‍ നിന്നു പുറത്താക്കുമെന്നാണു മുന്നറിയിപ്പ്. അച്ചടക്ക നടപടി പാര്‍ട്ടിയിലെ മറ്റ് അംഗങ്ങള്‍ക്ക് പാഠമാകണമെന്നും പൊതുപ്രവര്‍ത്തകനായിരിക്കെ സംശുദ്ധ പ്രതിച്ഛായ കാത്തുസൂക്ഷിക്കണമെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. അച്ചടക്കനടപടിക്ക് ഭഗത് വിധേയനാവുകയാണെങ്കില്‍ പാര്‍ട്ടി തലത്തില്‍ അദ്ദേഹത്തിന് അപ്പീല്‍ നല്‍കാനുള്ള അവസരവും നല്‍കിയിട്ടുണ്ട്.
പഞ്ചാബിലെ ദേശ് ഭഗത് സര്‍വകലാശാലയില്‍ ആയുര്‍വേദിക് മെഡിസിന്‍ ആന്‍ഡ് സര്‍ജറി ബിരുദ (ബിഎഎംഎസ്) വിദ്യാര്‍ഥിയാണ് പെണ്‍കുട്ടി. എംഎല്‍എയുടെ ശുപാര്‍ശയിലൂടെയാണു പെണ്‍കുട്ടിക്ക് ഇവിടെ പ്രവേശനം ലഭിച്ചതെന്നാണു പിതാവ് പറയുന്നത്. വേനലവധിക്കു മുന്‍പായി വീട്ടിലേക്കു കൊണ്ടുപോകാനായി ജൂണ്‍ 21ന് കോളജിലെത്തി. എന്നാല്‍ പെണ്‍കുട്ടി മാര്‍ച്ച് എട്ടിനു തന്നെ എംഎല്‍എയ്‌ക്കൊപ്പം പോയെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും പിതാവ് പറഞ്ഞു. അതിനിടെ എംഎല്‍എയുമൊത്തുള്ള പെണ്‍കുട്ടിയുടെ ചിത്രങ്ങളും പുറത്തുവന്നു.
ആര്‍എസ് പുരയിലെ കല്യാണ ഗ്രാമത്തിലാണു പെണ്‍കുട്ടിയുടെ വീട്. ഇഷ്ടമില്ലാത്തയാളെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിച്ചതിന്റെ പേരില്‍ വീടുവിട്ടതാണെന്നാണു പെണ്‍കുട്ടി പറഞ്ഞത്. ബിരുദ വിദ്യാര്‍ഥിയായ തനിക്കു പന്ത്രണ്ടാം ക്ലാസ് പോലും പാസാകാത്തയാളെയാണു വിവാഹത്തിനായി ആലോചിച്ചത്. ഇതു നിരസിച്ചതിന്റെ പേരില്‍ കൊല്ലുമെന്നു വരെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തി.
അങ്ങനെയാണു വീടുവിട്ട് ജമ്മുവിലെ സുഹൃത്തിന്റെ വീട്ടിലേക്കു മാറിയത്. പിതാവ് പ്രതിഷേധവുമായെത്തിയപ്പോള്‍ പോലും വീട്ടുകാരോട് ബന്ധം പുലര്‍ത്തിയിരുന്നു. താന്‍ എവിടെയാണെന്ന് അവര്‍ക്കറിയാമെന്നും പെണ്‍കുട്ടി പറഞ്ഞു.
അതേസമയം തന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള നീക്കമാണു പെണ്‍കുട്ടിയുടെ പിതാവ് നടത്തുന്നതെന്നായിരുന്നു ഭഗത്തിന്റെ ആരോപണം. ഇതു രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും അപമാനിക്കുകയെന്ന ലക്ഷ്യത്തോടെ, ആരുടെയോ പ്രേരണയാലാണ് ഇതെല്ലാം ചെയ്യുന്നതെന്നും പറഞ്ഞ അദ്ദേഹം ആരോപണം സത്യമാണെന്നു തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും പറഞ്ഞു.
എന്നാല്‍ പെണ്‍കുട്ടിയുമായി സംസാരിച്ചിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം തന്റെ മണ്ഡലത്തില്‍ നിന്നുള്ളയാളെന്ന നിലയ്ക്ക് അതിനുള്ള അധികാരമുണ്ടെന്നും പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ക്കു പിന്നില്‍ വൃത്തികെട്ട രാഷ്ട്രീയമാണെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: BJP disciplinary panel recommends suspension of MLA over woman's abduction, Jammu, News, Politics, Missing, BJP, Suspension, Press meet, Allegation, National.
Keywords: BJP disciplinary panel recommends suspension of MLA over woman's abduction, Jammu, News, Politics, Missing, BJP, Suspension, Press meet, Allegation, National.
Powered by Info News For You

Comments
Post a Comment