സെല്‍ഫ് ഗോള്‍: ഫെര്‍ണാണ്ടീഞ്ഞോക്ക് വധഭീഷണി
(www.evisionnews.co) ലോകകപ്പില്‍ ബ്രസീലിന്റെ ദുരന്തനായകനായി മാറുകയായിരുന്നു ഫെര്‍ണാണ്ടീഞ്ഞോ. ബെല്‍ജിയത്തിനെതിരായ മത്സരത്തില്‍ സെല്‍ഫ് ഗോള്‍ വഴങ്ങി ഒരു രാജ്യത്തിന്റെ മുഴുവന്‍ കണ്ണീരിന് കാരണക്കാരനായി മാറുവാനായിരുന്നു ഫെര്‍ണാണ്ടീഞ്ഞോയുടെ വിധി. മത്സരത്തിന്റെ 13-ാം മിനുട്ടിലായിരുന്നു ബ്രസീല്‍ ആദ്യ ഗോള്‍ വഴങ്ങിയത്. ബെല്‍ജിയത്തിന് അനുകൂലമായി ലഭിച്ച കോര്‍ണര്‍ കിക്ക് ക്ലിയര്‍ ചെയ്യാനുള്ള ഫെര്‍ണാണ്ടീഞ്ഞോയുടെ ശ്രമം സ്വന്തം പോസ്റ്റിലേക്ക് പതിക്കുകയായിരുന്നു.
ലോകകപ്പ് പ്രതീക്ഷയുമായി റഷ്യയിലേക്ക് എത്തിയ കാനറികളുടെ ഈ പരാജയം ഒരു ബ്രസീല്‍ ആരാധകനെ സംബന്ധിച്ച് സഹിക്കാനാവുന്നതല്ല. ഫെര്‍ണാണ്ടീഞ്ഞോ ചെയ്തത് പൊറുക്കാനാകാത്ത അപരാധമാണ് എന്നാണ് ബ്രസീലുകാര്‍ കരുതുന്നത്.ഇപ്പോള്‍ താരത്തിനും കുടുംബത്തിനും നേരെ സോഷ്യല്‍ മീഡിയയില്‍ വധഭീഷണിവരെ ഉയരുകയാണ്. ഫെര്‍ണാണ്ടിഞ്ഞോയുടെ ഭാര്യ റോസ ഗ്ലോസിയയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലും ചീത്തവിളികളുടെ പെരുമഴയാണ്. ആക്ഷേപസന്ദേശങ്ങള്‍ അതിരുവിട്ടതോടെ ഫെര്‍ണാണ്ടിഞ്ഞോയുടെ അമ്മ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്തു.
ആദ്യ പകുതിയില്‍ വരുത്തിയ പ്രതിരോധ മണ്ടത്തരങ്ങളാണ് ബ്രസീലിന് ക്വാര്‍ട്ടറില്‍ പുറത്തേക്കുള്ള വഴി കാണിച്ചത്. ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ കാസമിറോയ്ക്ക് പകരക്കാരനായി ഇറങ്ങിയ ഫെര്‍ണാണ്ടീഞ്ഞോയ്ക്ക് റയല്‍ മാഡ്രിഡ് താരത്തിന്റെ ഫോമില്‍ കളിക്കാന്‍ സാധിക്കാതായതോടെ ബ്രസീല്‍ ഗോളി അലിസണ്‍ ബെക്കര്‍ പലപ്പോഴും ആദ്യ പകുതിയല്‍ സമ്മര്‍ദ്ദത്തിലാവുകയായിരുന്നു. ചുവന്ന ചെകുത്താന്മാരായ ബെല്‍ജിയത്തോട് ഒന്നിനെതിരെ രണ്ട് ഗോളിനാണ് മഞ്ഞപ്പടയുടെ തോല്‍വി.
Powered by Info News For You

Comments
Post a Comment