സമൂഹമാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണങ്ങള്‍ നടത്തിയവര്‍ക്കെതിരെ പരാതി നല്‍കാനൊരുങ്ങി ഹനാന്‍
കൊച്ചി: (www.kvartha.com 27.07.2018) സമൂഹമാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണങ്ങള്‍ നടത്തിയവര്‍ക്കെതിരെ പരാതി നല്‍കാനൊരുങ്ങി ഹനാന്‍. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം നിലവില്‍ കോതമംഗലത്തെ സ്വകാര്യ ആയുര്‍വേദ ആശുപത്രില്‍ ചികിത്സതേടി വരികയാണെന്നും ആശുപത്രി വിട്ടാലുടന്‍ പരാതിയുമായി കൊച്ചി സിറ്റി പോലീസിനെ സമീപിക്കുമെന്നും ഹനാന്‍ പറഞ്ഞു. അതേസമയം ഹനാന്റെ പരാതി ലഭിച്ചാലുടന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് അസി. കമ്മിഷണര്‍ കെ. ലാല്‍ജി അറിയിച്ചു.
നവമാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം തന്നെ വ്യക്തിപരമായി ആക്രമിച്ച വയനാട് സ്വദേശി നൂറൂദ്ദീനെതിരെ പരാതി നല്‍കുമെന്നും അയാള്‍ ഒരിക്കലും മാപ്പ് അര്‍ഹിക്കുന്നില്ലെന്നും ഹനാന്‍ പറഞ്ഞു. തന്നെക്കുറിച്ച് വന്ന വാര്‍ത്തയെ അടിസ്ഥാനമാക്കി ഇയാള്‍ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. പോലീസിന് പിന്നാലെ മനുഷ്യവകാശ കമ്മിഷനും ഉടന്‍ പരാതി നല്‍കാനൊരുങ്ങുകയാണ് ഹനാന്‍. കഴിഞ്ഞ ദിവസം രാത്രി ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം വെള്ളിയാഴ്ച രാവിലെയോടെയാണ് ഹനാന്‍ കോതമംഗലത്തേക്ക് തിരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി തമ്മനത്ത് മീന്‍വില്‍ക്കാനെത്തിയ തന്നെ പോലീസ് കച്ചവടം ചെയ്യാന്‍ അനുവദിക്കാതിരുന്നത് തന്റെ സുരക്ഷയെ മുന്‍നിര്‍ത്തിയായിരുന്നു എന്നും ഹനാന്‍ പറഞ്ഞു. മാധ്യമപ്പടയും ജനങ്ങളും തനിക്ക് ചുറ്റും വളഞ്ഞതോടെ തമ്മനം ജംഗ്ഷനില്‍ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് സ്വാഭാവിക പ്രതികരണം മാത്രമാണ്.
ഇതിന് മുമ്പും താന്‍ അവിടെ മീന്‍ കച്ചവടം നടത്തിയപ്പോള്‍ പോലീസുകാര്‍ 'മോളേ ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കാത്ത വിധം കുറച്ചങ്ങ് മാറിയിരുന്ന് കച്ചവടം നടത്തിക്കോളൂ'' എന്നാണ് പറഞ്ഞിരുന്നത്. എസ്.ഐ സനല്‍ സാറിനോടും പോലീസുകാരോടും തനിക്ക് പരിഭവമില്ലെന്നും ഹനാന്‍ പ്രതികരിച്ചു.
തനിക്ക് മീന്‍ കച്ചവടം നടത്താന്‍ സൗജന്യ കിയോസ്‌ക്ക് അനുവദിക്കുമെന്ന കൊച്ചി മേയര്‍ സൗമിനി ജെയ്‌നിന്റെ വാഗ്ദാനം ഹനാന്‍ സന്തോഷപൂര്‍വം സ്വീകരിച്ചു. കിയോസ്‌ക് ലഭിച്ചാല്‍ തനിക്ക് എത്രയും പെട്ടെന്ന് തമ്മനത്ത് തന്നെ കച്ചവടം തുടങ്ങാനാണ് ആഗ്രഹമെന്നും ഹനാന്‍ പറഞ്ഞു. കൂടെ കച്ചവടത്തിനായി ഒരു സഹായിയെ കൂടി കണ്ടെത്തേണ്ടതുണ്ട്.
ഷൂട്ടിംഗിന് പോയാലും മീന്‍ കച്ചവടം തുടരാന്‍ തന്നെയാണ് തീരുമാനം. കൂടെ ആങ്കറിംഗും ഇവന്റ് മാനേജ്‌മെന്റ് ജോലികളും തുടരുമെന്നും ഹനാന്‍ വ്യക്തമാക്കി. ഇയര്‍ ഇംപാലന്‍സിന് ചെവിയ്ക്ക് സര്‍ജറി കഴിഞ്ഞിരിക്കുന്ന ഹനാന് കഴിഞ്ഞ ദിവസങ്ങളിലെ അമിതമായ ശാരീരികമാനസിക സമ്മര്‍ദങ്ങളെ തുടര്‍ന്ന് ചെവി വേദന കലശലായിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ ആയുര്‍വേദ ചികിത്സ തേടാനൊരുങ്ങുന്നത്.
എറണാകുളം തമ്മനത്ത് യൂണിഫോമില്‍ മത്സ്യക്കച്ചവടം നടത്തിവരുന്ന മിടുക്കികുട്ടി ഹനാനെ അനുകൂലിച്ച് നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. സിനിമാ സംവിധായകന്‍ അരുണ്‍ ഗോപിയുടെ പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിലേക്കും ക്ഷണം ലഭിച്ചിട്ടുണ്ടെങ്കിലും ഇതില്‍ ഹനാന്റെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
അതിനിടെ ഹനാന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. പഠിക്കാനും കുടുംബത്തെ സഹായിക്കാനുമുളള പണമുണ്ടാക്കാന്‍ കൊച്ചിയില്‍ തൊഴില്‍ ചെയ്യാനിറങ്ങിയ ഹനാനെതിരെ സമൂഹമാധ്യമങ്ങളില്‍ അവഹേളനപരമായ പ്രചാരണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഹനാന് ആവശ്യമായ സംരക്ഷണം നല്‍കാന്‍ എറണാകുളം ജില്ലാ കലക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ പ്രചാരണം ഇരുതലമൂര്‍ച്ചയുള്ള വാളാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Hanan approach to file a complaint against cyber attacks, Kochi, News, Trending, Social Network, Complaint, Police, Hospital, Treatment, Kerala.
Keywords: Hanan approach to file a complaint against cyber attacks, Kochi, News, Trending, Social Network, Complaint, Police, Hospital, Treatment, Kerala.
Powered by Info News For You

Comments
Post a Comment