പട്ടിണിയെ തുടര്‍ന്നു ബാലികമാര്‍ മരിച്ച സംഭവത്തില്‍ പിതാവിനെ പോലീസ് തെരയുന്നു; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആമാശയവും കുടലും ശൂന്യം
ന്യൂഡല്‍ഹി: (www.kvartha.com 27.07.2018) പട്ടിണിയെ തുടര്‍ന്നു ബാലികമാര്‍ മരിച്ച സംഭവത്തില്‍ പിതാവിനെ പോലീസ് തെരയുന്നു. കുട്ടികളുടെ മൃതദേഹത്തിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആമാശയവും കുടലും ശൂന്യമെന്ന് കണ്ടെത്തി.
കിഴക്കന്‍ ഡല്‍ഹിയിലെ മണ്ഡാവ്‌ലിയില്‍ ജൂലൈ 24നാണു കുട്ടികള്‍ മരിച്ചത്. അന്നു രാവിലെയാണ് പിതാവ് മംഗള്‍ വീടു വിട്ടുപോയത്. എന്നാല്‍ ഇതുവരെ അയാളെ കുറിച്ച് യാതൊരു വിവരവുമില്ല.
ഇയാള്‍ക്കു വേണ്ടി പ്രത്യേക സംഘങ്ങളെ നിയോഗിച്ച് പോലീസ് തിരച്ചില്‍ തുടങ്ങി. ജോലി തേടി പലപ്പോഴും മൂന്നോ നാലോ ദിവസം വീട്ടില്‍നിന്നു മംഗഇയാള്‍ മാറി നില്‍ക്കുന്നതു പതിവാണെന്നു പോലീസ് പറയുന്നു. മരണവുമായി ബന്ധപ്പെട്ട് ഇപ്പോഴും പോലീസിനു സംശയം ബാക്കി നില്‍ക്കുന്ന സാഹചര്യത്തിലാണ് ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയത്.
മരിച്ച മാന്‍സി, പാറോ, സുഖോ എന്നീ ബാലികമാര്‍ എട്ടു ദിവസം ഭക്ഷണം കഴിച്ചിരുന്നില്ലെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കാണുന്നത്. അബോധാവസ്ഥയിലായ കുട്ടികളുമായി ലാല്‍ ബഹാദൂര്‍ ശാസ്ത്രി ആശുപത്രിയിലേക്ക് എത്തിയ കുട്ടികളുടെ അമ്മയും പോലീസിനോടു ചോദിച്ചത് 'അല്‍പം ഭക്ഷണം തരാമോ' എന്നായിരുന്നു. ബന്ധുവിനൊപ്പമാണ് ഇവര്‍ ആശുപത്രിയിലെത്തിയത്. എന്നാല്‍ അന്ന് വൈകിട്ടോടെ കുട്ടികള്‍ മരിച്ചു.
അതേസമയം രാജ്യതലസ്ഥാനത്തെ പട്ടിണിമരണം പാര്‍ലമെന്റിലും ചര്‍ച്ചയായിട്ടുണ്ട്. കേന്ദ്രമന്ത്രി റാംവിലാസ് പാസ്വാന്‍ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ദേശീയ മനുഷ്യാവകാശ കമ്മിഷനും വിഷയത്തില്‍ റിപ്പോര്‍ട്ട് തേടി. ബംഗാള്‍ സ്വദേശിയായ മംഗളിന്റെ ഗ്രാമത്തിലേക്കു തിരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. കുട്ടികളില്‍ രണ്ടുപേര്‍ ഏതാനും ദിവസമായി അസുഖബാധിതരായിരുന്നുവെന്നും ഛര്‍ദിയും വയറിളക്കവും പിടിപെട്ടിരുന്നുവെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ താമസസ്ഥലത്തു നടത്തിയ തെരച്ചിലില്‍ മരുന്നുകളും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതിയില്‍പെട്ടിരുന്ന മൂത്തകുട്ടിക്ക് അസുഖം ബാധിച്ചതെങ്ങനെയെന്നു വ്യക്തമല്ല. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടികളുടെ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണു കുട്ടികളുടെ മരണത്തിന്റെ യഥാര്‍ഥ കാരണം തേടി പിതാവിനെ പോലീസ് അന്വേഷിക്കുന്നത്. കുട്ടികള്‍ പട്ടിണി കിടക്കാന്‍ തുടങ്ങിയിട്ടും അസുഖബാധിതരായിട്ടും എത്ര നാളായി എന്നതിന്റെ യഥാര്‍ഥ വിവരം അറിയാനും പിതാവിന്റെ മൊഴി നിര്‍ണായകമാണ്.
ബംഗാളില്‍നിന്നുള്ള അഞ്ചംഗ കുടുംബം കുറെനാളായി ഡെല്‍ഹിയിലാണു താമസം. നേരത്തേ താമസിച്ചിരുന്ന സ്ഥലത്തുനിന്നു മണ്ഡാവ്‌ലിയിലെത്തിയതു ശനിയാഴ്ചയാണ്. മഴയില്‍ മുറിയില്‍ വെള്ളം നിറഞ്ഞതോടെയാണു ഇവര്‍ക്ക് താമസം മാറ്റേണ്ടിവന്നത്. റിക്ഷ വാടകയ്‌ക്കെടുത്തു വലിച്ചാണു മംഗള്‍ കുടുംബം പുലര്‍ത്തിയിരുന്നത്. എന്നാല്‍ ഏതാനും ദിവസം മുന്‍പു റിക്ഷ മോഷണം പോയി. തുടര്‍ന്നാണ് ജോലി അന്വേഷിച്ചു പോയതെന്നാണു വിവരം. എന്നാല്‍ റിക്ഷ മോഷണം പോയതുമായി ബന്ധപ്പെട്ട് സമീപ പോലീസ് സ്‌റ്റേഷനുകളിലൊന്നിലും പരാതി ലഭിച്ചിട്ടില്ല.
അമിത മദ്യപാനിയാണു മംഗളെന്നാണു പോലീസിനു ലഭിച്ച വിവരം. മുന്‍പു ഹോട്ടലില്‍ ജോലി ചെയ്തിരുന്ന ഇയാളെ മദ്യപാനം കാരണമാണു പറഞ്ഞുവിട്ടത്. റിക്ഷ വലിച്ചു കിട്ടുന്ന പണവും മദ്യപാനത്തിനാണ് ഉപയോഗിച്ചിരുന്നത്. ചില നേരങ്ങളില്‍ മദ്യപിച്ചു ബോധം കെട്ട് ഇയാള്‍ വഴിയില്‍ റിക്ഷ ഉപേക്ഷിച്ചു പോകാറുമുണ്ട്. പിന്നീട് ബോധം വരുമ്പോള്‍ അന്വേഷിച്ചെത്തി തിരിച്ചെടുക്കുകയാണു പതിവെന്നു പരിചയക്കാര്‍ പറയുന്നു. എന്നാല്‍ കുട്ടികളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിച്ചിരുന്നോ എന്നും മറ്റും പോലീസിന് അറിയാനുണ്ട്.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണു കുട്ടികളുടെ ദാരുണാന്ത്യത്തിന്റെ യഥാര്‍ഥ ചിത്രം പുറത്തുവന്നത്. കുട്ടികള്‍ ഭക്ഷണം കഴിച്ചിരുന്നില്ല എന്ന പ്രാഥമിക കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തിയതോടെയാണു 8-9 ദിവസത്തോളമായി കുട്ടികള്‍ യാതൊന്നും കഴിച്ചിരുന്നില്ലെന്നു വ്യക്തമായത്. ആമാശയവും കുടലും ശൂന്യമായിരുന്നു. കൊഴുപ്പിന്റെ അംശം ഉണ്ടായിരുന്നില്ല. ശരീരത്തില്‍ മുറിവുകളൊന്നുമുണ്ടായിരുന്നില്ലെന്നും ഡോക്ടര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Death of 3 Delhi sisters: Hunt on for missing father to unravel starvation mystery, New Delhi, News, Trending, Police, Death, Children, Probe, Hospital, Treatment, National.
Keywords: Death of 3 Delhi sisters: Hunt on for missing father to unravel starvation mystery, New Delhi, News, Trending, Police, Death, Children, Probe, Hospital, Treatment, National.
Powered by Info News For You

Comments
Post a Comment