യൂത്ത് ലീഗ് യുവജനയാത്ര: ആഗസ്ത് മാസത്തില്‍ നാട്ടുകൂട്ടം, സ്വാതന്ത്ര്യദിനത്തില്‍ യൂണിറ്റി ഡേ
കോഴിക്കോട് (www.evisionnews.co): വര്‍ഗീയ മുക്ത ഭാരതം അക്രമ രഹിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി നവംബര്‍ 24 മുതല്‍ ഡിസംബര്‍ 24 വരെ സംഘടിപ്പിക്കുന്ന മുസ് ലിം യൂത്ത് ലീഗ് യുവജന യാത്രയുടെ ഭാഗമായി ആഗസ്ത് മാസത്തില്‍ ശാഖാതലങ്ങളില്‍ നാട്ടുകൂട്ടം പരിപാടി സംഘടിപ്പിക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു. നാട്ടിന്‍പുറങ്ങളില്‍ അന്യം നിന്ന് പോകുന്ന പരസ്പര കൂട്ടായ്മയും സൗഹാര്‍ദ്ദവും സഹവര്‍ത്തിത്വും വീണ്ടെടുക്കുകയെന്നതാണ് ഈ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. ബഹുജനങ്ങളുടെ പങ്കാളിത്തമാണ് പരിപാടിയുടെ മുഖ്യ ലക്ഷ്യമെന്ന് നേതാക്കള്‍ പറഞ്ഞു. പരിപാടിയുടെ ഭാഗമായി ഷൂട്ടൗട്ട്,ക്രിക്കറ്റ്, ഷട്ടില്‍, വടംവലി, ഓട്ട മത്സരം, ലോംഗ് ജംപ്, ഹൈ ജംപ് തുടങ്ങിയ കായിക മത്സരങ്ങളും ചെസ്, ലെമണ്‍ സ്പൂണ്‍, മ്യൂസിക് ചെയര്‍, ചാക്ക് റൈസിംഗ്, തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിക്കും.
നാട്ടുകൂട്ടം പരിപാടിയിലെ ആകര്‍ഷകമായ മറ്റൊരു പരിപാടിയാണ് മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരം. നാട്ടിലെ ഏറ്റവും മികച്ച മൊബൈല്‍ഫോണ്‍ ഫോട്ടോഗ്രാഫറെ തെരഞ്ഞെടുക്കുന്നതിനാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. മത സൗഹാര്‍ദ്ധം, മാനവീകത, പരിസ്ഥിതി സംരക്ഷണം, ജലസംരക്ഷണം, ലഹരി വിരുദ്ധ ബോധവല്‍ക്കരണം എന്നിവയിലേക്ക് വെളിച്ചം വീശുന്ന രീതിയിലുള്ള ഫോട്ടോകളാണ് മത്സരത്തിലേക്ക് ക്ഷണിക്കുക. ഇതിനായി ശാഖയിലെ ഒരാളുടെ വാട്സ് അപ്പ് നമ്പറോ അല്ലെങ്കില്‍ പ്രത്യേകമായി ഉണ്ടാക്കിയ മെയില്‍ ഐഡിയോ നല്‍കി അതിലേക്ക് ഫോട്ടോകള്‍ അയക്കാന്‍ മത്സരാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കും. ഫോട്ടോയ്ക്ക് താഴെ അടിക്കുറിപ്പ് കൂടി മത്സരാര്‍ത്ഥികള്‍ അയക്കേണ്ടതാണ്. ഒന്നാം സ്ഥാനം ലഭിക്കുന്ന ഫോട്ടോ മൊബൈലില്‍ എടുത്തതാണോ എന്ന് ശാഖാ കമ്മിറ്റി ഉറപ്പു വരുത്തും. ശാഖാ തലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചവയില്‍ നിന്നും സംസ്ഥാന തലത്തില്‍ ഏറ്റവും മികച്ച ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് സംസ്ഥാന കമ്മിറ്റി ക്യാഷ് പ്രൈസ് നല്‍കുന്നതായിരിക്കും. ഏറ്റവും ആകര്‍ഷണീയമായ ഫോട്ടോകള്‍ സ്റ്റേറ്റ് കമ്മിറ്റി സോഷ്യല്‍ മീഡിയകള്‍ വഴി പ്രസിദ്ധീകരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
ഓരോ ഗ്രാമത്തിലും വിവിധ മേഖലകളില്‍ (കല, കായികം, മാധ്യമം, അധ്യാപനം,കാര്‍ഷികം, വിദ്യാഭ്യാസം, വ്യാപാരം) മികവു തെളിയിച്ചവരെ നാട്ടുകൂട്ടം പരിപാടിയില്‍ വെച്ച് ആദരിക്കും. പരിപാടിയില്‍ വെച്ച് വര്‍ഗ്ഗീയ വിരുദ്ധ പ്രതിജ്ഞ എടുക്കും.
ആഗസ്ത് 15ന് സ്വാതന്ത്ര്യദിനത്തില്‍ ശാഖതലത്തില്‍ യൂണിറ്റി ഡേ ആയി ആചരിക്കും. രാവിലെ 7.30 മുതല്‍ 8.30വരെ നടക്കുന്ന യൂണിറ്റി ഡേ യില്‍ പ്രമേയ പ്രഭാഷണം, പ്രതിജ്ഞ, ദേശീയ പതാക ഉയര്‍ത്തല്‍, ദേശീയഗാനാലാപനം തുടങ്ങിയവ സംഘടിപ്പിക്കും. പ്രസ്തുത ദിവസമോ തലേ ദിവസമോ യുവജന -വിദ്യാര്‍ത്ഥികള്‍ക്കായി ഫ്രീഡം ക്വിസ്,ദേശഭക്തിഗാനാലാപന മത്സരങ്ങള്‍ സംഘടിപ്പിക്കും. വിജയികള്‍ക്ക് മുസ്ലിം യൂത്ത്ലീഗ് മുന്‍ സംസ്ഥാന ട്രഷറര്‍ പി.എം ഹനീഫ് മെമ്മോറിയല്‍ ട്രോഫി സമ്മാനിക്കും. യുവജനയാത്രയുടെ പ്രചാരണാര്‍ത്ഥം സംഘടിപ്പിക്കുന്ന നാട്ടുകൂട്ടവും യൂണിറ്റി ഡേ പരിപാടിയും വന്‍ വിജയമാക്കാന്‍ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
Powered by Info News For You

Comments
Post a Comment