ലോകസഭാ തെരെഞ്ഞടുപ്പ് അടുത്തതോടെ കോണ്‍ഗ്രസ്സില്‍ നിന്നും പുറത്താക്കിയ നേതാക്കളെയെല്ലാം തിരിച്ചെടുക്കുന്നു; ബാര്‍ വിവാദത്തില്‍ പുറത്താക്കപ്പെട്ട മുന്‍ നഗരസഭ വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറൊടിയെ തിരിച്ചെടുത്തു; മണ്ഡലം പ്രസിഡണ്ടിന്റെ നിയമനം അംഗീകരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 31.07.2018) കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ മുന്‍ നഗരസഭ വൈസ് ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ പ്രഭാകരന്‍ വാഴുന്നോറൊടിയ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. മണ്ഡലം കമ്മിറ്റി അംഗീകരിച്ചിട്ടും ഡിസിസി പ്രസിഡണ്ട് അംഗീകരിക്കാത്ത കിനാനൂര്‍-കരിന്തളം മണ്ഡലം പ്രസിഡണ്ട് ഉമേശന്‍ വേളൂരിന്റെ നിയമനവും കെപിസിസി പ്രസിഡണ്ട് അംഗീകരിച്ചിട്ടുണ്ട്.
Congress took back Prabhakaran Vazhunnorodi, Congress, DCC, Election, KPCC, Kasaragod

പ്രഭാകരനെ തിരിച്ചെടുത്തതായി കെപിസിസി പ്രസിഡണ്ട് എം എം ഹസന്‍ നേരിട്ട് ഡിസിസിയെയും പ്രഭാകരനെയും അറിയിക്കുകയായിരുന്നു. ഉമേശന്റെ നിയമനം കെപിസിസി പ്രസിഡണ്ട് എം എം ഹസന്‍ അംഗീകരിച്ചതായി സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവിയാണ് അറിയിച്ചത്.

പ്രഭാകരന്‍ വാഴുന്നോറൊടി നഗരസഭാ വൈസ് ചെയര്‍മാനായിരിക്കെ അലാമിപ്പള്ളിയിലെ രാജ് റസിഡന്‍സിക്ക് ബാര്‍ ലൈസന്‍സിന് നഗരസഭ അനുമതി നല്‍കിയതിനെ തുടര്‍ന്ന് കടുത്ത മദ്യവിരോധിയായ അന്നത്തെ കെപിസിസി പ്രസിഡണ്ട് വി എം സുധീരനാണ് പ്രഭാകരന്‍ ഉള്‍പ്പെടെയുള്ളവരെ ആറു വര്‍ഷത്തേക്ക് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയത്. അന്ന് പുറത്താക്കപ്പെട്ട അനില്‍ വാഴുന്നോറൊടി മാപ്പപേക്ഷ എഴുതി നല്‍കിയതിനാല്‍ അദ്ദേഹത്തെ തിരിച്ചെടുത്തിരുന്നു. രാജ് റസിഡന്‍സിക്ക് ബാര്‍ ലൈസന്‍സ് നല്‍കിയത് അന്ന് യുഡിഎഫില്‍ വന്‍ വിവാദമാണുണ്ടാക്കിയിരുന്നത്. പ്രഭാകരന് പുറമെ മറ്റ് നിരവധി നേതാക്കളെയും അന്ന് സസ്പെന്റ് ചെയ്തിരുന്നു.

ചെയര്‍മാനായിരുന്ന ഹസീന താജുദ്ദീന്‍, ടി അബൂബക്കര്‍ ഹാജി എന്നിവര്‍ക്കെതിരെ മുസ്ലിംലീഗും നടപടി എടുത്തിരുന്നു. ബാറിന് ലൈസന്‍സ് നല്‍കിയതിനെ തുടര്‍ന്ന് പ്രഭാകരനോട് വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവെക്കാന്‍ കെപിസിസി ആവശ്യപ്പെട്ടിരുന്നുവെങ്കിലും കെപിസിസിയുടെ തീരുമാനം അംഗീകരിക്കാന്‍ പ്രഭാകരന്‍ തയ്യാറായിരുന്നില്ല. ഇതോടെ കോണ്‍ഗ്രസിലും യുഡിഎഫിലും ഉടലെടുത്ത അസ്വാരസ്യമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭരണം നഷ്ടപ്പെടുന്നതിന് പുറമെ കനത്ത തിരിച്ചടിയും നേരിടേണ്ടി വന്നത്.

നഗരസഭയില്‍ കോണ്‍ഗ്രസിന് എട്ട് കൗണ്‍സിലര്‍മാരുണ്ടായിരുന്നത് കഴിഞ്ഞ തെരഞ്ഞെടുപ്പോടെ മൂന്നായി ചുരുങ്ങുകയും ചെയ്തു. അതേ സമയം പ്രഭാകരനെതിരായുള്ള അച്ചടക്ക നടപടി കെപിസിസി നേതൃത്വം പിന്‍വലിച്ചുവെങ്കിലും പ്രഭാകരനോടൊപ്പം നടപടി നേരിട്ട മുന്‍ നഗരസഭ ചെയര്‍മാന്‍ വി ഗോപി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരായുള്ള നടപടി പിന്‍വലിക്കാന്‍ കെപിസിസി നേതൃത്വം തയ്യാറായിട്ടില്ല.
കിനാനൂര്‍-കരിന്തളം മണ്ഡലം കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ ഏകകണ്ഠമായി ഉമേശന്‍ വേളൂരിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തിരുന്നുവെങ്കിലും ഈ തീരുമാനം ഡിസിസി പ്രസിഡണ്ട് ഇതുവരെയും അംഗീകരിച്ചിരുന്നില്ല.

അതേ സമയം കാഞ്ഞങ്ങാട് ബ്ലോക്ക് ജനറല്‍ സെക്രട്ടറി കെ പി ബാലകൃഷ്ണന് കിനാനൂര്‍-കരിന്തളം മണ്ഡലത്തിന്റെ ചുമതല നല്‍കുകയായിരുന്നു. എന്നാല്‍ ഉമേശന്‍ വേളൂരിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്ത തീരുമാനം അംഗീകരിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡണ്ടിനുള്‍പ്പെടെ നിരവധി പരാതികളാണ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉമേശന്റെ നിയമനം അംഗീകരിച്ചുകൊണ്ട് കെപിസിസി പ്രസിഡണ്ട് ഉത്തരവിട്ടത്.

കേരളത്തില്‍ തന്നെ ഒരു മണ്ഡലം പ്രസിഡണ്ടിനെ കെപിസിസി പ്രസിഡണ്ട് നിയമിക്കുന്നത് അപൂര്‍വ്വമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനാണ് നേതാക്കള്‍ക്കെതിരെയുള്ള നടപടികള്‍ പിന്‍വലിക്കാന്‍ നേതൃത്വം തയ്യാറാകുന്നതെന്നാണ് സൂചന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Congress took back Prabhakaran Vazhunnorodi, Congress, DCC, Election, KPCC, Kasaragod


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?