ദേശീയ പാതയിലെ മരണക്കുഴികള്‍ എണ്ണിനോക്കി പീസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എംഎല്‍എയെ സമീപിച്ചു
കാസര്‍കോട് (www.evisionnews.co): വര്‍ധിച്ചുവരുന്ന അപകട മരണങ്ങള്‍ക്ക് കാരണം റോഡിന്റെ ശോച്യാവസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി കാസര്‍കോട് പീസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സ്ഥലം എംഎല്‍എ എന്‍.എ നെല്ലിക്കുന്നിനെ നേരിട്ട് സന്ദര്‍ശിക്കുകയും വിദ്യാര്‍ത്ഥികളുടെ ഒപ്പുശേഖരിച്ചുള്ള നിവേദനം അദ്ദേഹത്തിന് കൈമാറുകയും ചെയ്തു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ യാത്രചെയ്യുന്ന മംഗലാപുരം- കാസര്‍കോട് ദേശീയ പാത ഈ അടുത്ത ദിവസങ്ങളിലായി പല വാഹനാപകടങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും റോഡിന്റെ ശോച്യാവസ്ഥ വിദ്യാര്‍ത്ഥികളിലും പൊതുജനങ്ങളിലും ആശങ്കയുളവാക്കുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി. പെരിയടുക്കം മുതല്‍ ഭഗവതി നഗര്‍ വരെയുള്ള റോഡിന്റെ നവീകരണത്തിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.
നാടിന്റെ നന്മയ്ക്ക് വേണ്ടിയുള്ള പ്ലീസ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ഇടപെടല്‍ പ്രശംസനീയമാണെന്നും അറ്റകുറ്റപ്പണി തുടങ്ങാനുള്ള നിര്‍ദേശങ്ങള്‍ അതാത് വകുപ്പുകളെ അറിയിച്ചതായും ഉടന്‍ പണി തുടങ്ങുമെന്നും എംഎല്‍എ ഉറപ്പുനല്‍കി. സ്‌കൂള്‍ മാനേജര്‍ ശംസുദ്ദീന്‍, നാസര്‍ മല്ലം, നല്ലപാഠം കോര്‍ഡിനേറ്റര്‍ സഫ്വാന്‍, നസ്ഫറ, അധ്യാപകരായ ഖാലിദ് , റാഹിന എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികള്‍ എംഎല്‍എയെ കണ്ടത്.
Powered by Info News For You

Comments
Post a Comment