അസന്‍സോള്‍ ഇമാമിനെ കാണാന്‍ യൂത്ത് ലീഗ് നേതാക്കളെത്തി: മകന്‍ സിബ്ഹത്തുള്ളയുടെ പേരിലുള്ള ട്രസ്റ്റിന് അഞ്ചുലക്ഷം രൂപ കൈമാറി

 
ദേശീയം (www.evisionnews.co): പശ്ചിമ ബംഗാളിലെ അസന്‍സോളിലെ ഇമാം ഇംദാദുദ്ദീന്‍ റഷീദിയെ യൂത്ത് ലീഗ് ദേശീയ പ്രതിനിധി സംഘം സന്ദര്‍ശിച്ചു. അസന്‍സോളില്‍ കഴിഞ്ഞ രാമനവമി ഘോഷയാത്രക്കിടെ ആര്‍.എസ്.എസുകാര്‍ ഇമാമിന്റെ മകനായ സിബ്ഹത്തുള്ളയെ മൃഗീയമായി കൊലപ്പെടുത്തിരുന്നു. തന്റെ മകന്റെ പേരില്‍ ഒരു കലാപമുണ്ടാകരുത്, അങ്ങനെ സംഭവിച്ചാല്‍ താന്‍ ഗ്രാമം ഉപേക്ഷിച്ചുപോകും എന്ന പ്രഖ്യാപനത്തിലൂടെയാണ് അദ്ദേഹം ദേശീയ ശ്രദ്ധയാകര്‍ഷിച്ചത്.
 
യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് സാബിര്‍ എസ്. ഗഫാര്‍, ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിനിധി സംഘമെത്തിയത്. മുപ്പതു വര്‍ഷത്തോളമായി ഇംദാദുല്‍ റഷീദി നിസ്‌കാരത്തിന് നേതൃത്വം നല്‍കിവരുന്ന നൂറാനി മസ്ജിദില്‍ നടന്ന കൂടിക്കാഴ്ച വികാര നിര്‍ഭരമായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് അതേ പള്ളിമുറ്റത്താണ് മകന്റെ ചേതനയറ്റ ശരീരത്തിന് മുന്നില്‍ നിന്ന് ആ പിതാവിന് വിതുമ്പിക്കരയേണ്ടി വന്നത്. പരീക്ഷാഫലം കാത്തിരിക്കുമ്പോഴാണ് പഠിക്കാന്‍ മിടുക്കനായ ആ വിദ്യാര്‍ത്ഥി കൊലക്കത്തിക്കിരയായത്. അവന്റെ മരണശേഷം ഫലം പുറത്തുവരുമ്പോള്‍ മികച്ച വിജയമാണ് സിബ്ഹത്തുള്ള നേടിയത്. അവനോട് ആര്‍ക്കും ഒരു വൈരാഗ്യവും തോന്നില്ല, അത്രക്ക് നിഷ്‌കളങ്കമായിരുന്നു അവന്റെ പെരുമാറ്റം. അവനെ കൊലപ്പെടുത്തിയവര്‍ക്ക് കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു. ഒരു കലാപമായിരുന്നു അവരുടെ ലക്ഷ്യം. ആ കെണിയില്‍ എന്റെ നാട് വീണുപോകാതിരിക്കാനാണ് ,അങ്ങനെ സംഭവിച്ചാല്‍ ഗ്രാമവും പള്ളിയും ഉപേക്ഷിച്ചുപോകും എന്ന് പ്രഖ്യാപിക്കേണ്ടി വന്നത്. മൂന്നു പതിറ്റാണ്ട് കാലം അവരുടെ ഇമാമായിരുന്നു ഞാന്‍. അവരെന്റെ വാക്ക് തള്ളില്ലെന്ന് എനിക്കുറപ്പായിരുന്നു..
ലോകം മുഴുവന്‍ താങ്കളുടെ ത്യാഗത്തെ അനുസ്മരിക്കുമെന്ന് നേതാക്കള്‍ അദ്ദേഹത്തോട് പറഞ്ഞു. മാധ്യമങ്ങള്‍ 'അഭിനവ ഗാന്ധി' എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചതും ശ്രദ്ധയില്‍പെടുത്തി. വീര്‍പ്പടക്കിയാണ് അദ്ദേഹത്തിന്റെ മറുപടി കൂടി നിന്നവര്‍ കേട്ടത്.
 
ഞാന്‍ പ്രവാചക മാതൃകയാണ് പിന്തുടര്‍ന്നത്. ഇസ്ലാമിന്റെ മഹത്തായ മാതൃക. ഹംസ (റ) കൊന്നവര്‍ക്ക് കരള്‍ ചവച്ചുതുപ്പിയവര്‍ക്ക് മഹാനായ പ്രവാചകന്‍ മാപ്പുകൊടുത്തില്ലേ. ഒരു വലിയ ക്രൂരതയുടെ ഇരയായിട്ടും ക്ഷമിക്കാന്‍ പഠിപ്പിച്ച പ്രവാചകന്റെ ദര്‍ശനത്തെ അനുധാവനം ചെയ്യുന്ന നമുക്ക് അത് കഴിയണം. മകന്റെ മയ്യിത്ത് കാണുമ്പോള്‍, ആ പ്രവാചകനെയാണ് ഞാന്‍ ഓര്‍ത്തത്. മക്കാവിജയത്തിന്റെ വേളയില്‍ ,തന്നെ ഉപദ്രവിച്ച എല്ലാവരോടും ക്ഷമിച്ച പ്രവാചക മാതൃക ഗാന്ധിയിലുമുണ്ട്. മുപ്പത് വര്‍ഷക്കാലം ആ മസജിദിന് മിമ്പറില്‍ മുഴങ്ങികേട്ട അനുഗ്രഹീത ഭാഷയില്‍ അദ്ദേഹം പറഞ്ഞുവച്ചു. അദ്ദേഹത്തിന്റെ കണ്ണുകളില്‍ ശാന്തിയുടെ ഒരു മഹാസാഗരമിരമ്പി. കൂടി നിന്നവരുടെ കണ്ണുകള്‍ ഈറനണിഞ്ഞു.
 
ഹൈദരലി ശിഹാബ് തങ്ങളെ നേരില്‍ കാണാന്‍ ആഗ്രഹമുണ്ടെന്നും അതിനായി കേരളത്തിലെത്താന്‍ സന്തോഷമേയുള്ളു എന്നും അദ്ദേഹത്തിന്റെ മറുപടി. സിബ്ഹത്തുള്ളയുടെ സഹോദരന്മാരും സന്നിഹിതരായിരുന്നു. ബംഗാള്‍ സര്‍ക്കാര്‍ അദ്ദേഹത്തിന്റെ മകന് ജോലിയും, മറ്റ് സഹായങ്ങളും വാഗ്ദാനം ചെയ്‌തെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു. പക്ഷേ സിബ്ഹതുള്ളയുടെ പേരില്‍ അദ്ദേഹം രൂപീകരിച്ച ട്രസ്റ്റ് ആരംഭിക്കാനിരിക്കുന്ന മതപഠന ശാലക്ക് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി നല്‍കുന്ന അഞ്ച് ലക്ഷം രൂപ അദ്ദേഹം സ്വീകരിച്ചു. ഇനിയും കാണണമെന്ന് പറഞാണ് ഇമാം ഇംദാദുദീന്‍ റഷീദി നേതാക്കളെ യാത്രയാക്കിയത്. ദേശീയ പ്രസിഡണ്ട് സാബിര്‍ എസ് ഗഫാര്‍, ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ എന്നിവരെ കൂടാതെ യൂത്ത് ലീഗ് ജാര്‍ഖണ്ഡ് സംസ്ഥാന പ്രസിഡണ്ട് ഇര്‍ഫാന്‍ ഖാന്‍, ജനറല്‍ സെക്രട്ടറി അക്ബര്‍ അലിഖാന്‍, ദേശീയ എക്‌സിക്യൂട്ടീവ് അംഗം ഷിബു മീരാന്‍ ,അസന്‍സോള്‍ ജില്ലാ ലീഗ് പ്രസിഡണ്ട് ഹമീദ് ഖാന്‍, യൂത്ത് ലീഗ് നേതാവ് ഫിറോസ് അലി സംഘത്തിലുണ്ടായിരുന്നു



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?