കാണാതായ ജസ്‌നയുടെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു; മുണ്ടക്കയം ടൗണിലെ ബസ് സ്റ്റാന്‍ഡിനു സമീപത്തെ കടയിലെ ദൃശ്യങ്ങളില്‍ സുഹൃത്തും

പത്തനംതിട്ട: (www.kvartha.com 04.07.2018) വെച്ചൂച്ചിറയില്‍നിന്നു ഇക്കഴിഞ്ഞ മാര്‍ച്ച് 22 ന് കാണാതായ കോളജ് വിദ്യാര്‍ത്ഥിനി ജസ്‌നയെക്കുറിച്ചുള്ള അന്വേഷണം എങ്ങുമെത്താതിരുന്നതിനെ ചൊല്ലി വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ പോലീസിന് തുണയായി ഏതാനും സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചു. മുണ്ടക്കയം ടൗണിലെ ബസ് സ്റ്റാന്‍ഡിനു സമീപത്തെ കടയിലെ ദൃശ്യങ്ങളില്‍ നിന്നുമാണ് ജസ്‌നയെ കാണാന്‍ കഴിഞ്ഞത്. ഈ ക്യാമറ ദൃശ്യങ്ങള്‍ നേരത്തേ ഇടിമിന്നലില്‍ നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് പോലീസ് ഹൈടെക് സെല്‍ വിദഗ്ധരുടെ പരിശ്രമത്തില്‍ ഇപ്പോഴാണ് നഷ്ടപ്പെട്ട ദൃശ്യങ്ങള്‍ തിരിച്ചെടുക്കാനായത്.

മാര്‍ച്ച് 22നു വീട്ടില്‍ നിന്നു പിതൃസഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിലേക്ക് പോകുന്നുവെന്നു പറഞ്ഞ് ഇറങ്ങിയ ജസ്‌നയെ എരുമേലിയില്‍ രാവിലെ 10.30ന് ബസില്‍ ഇരിക്കുന്നതു കണ്ടതായി സാക്ഷിമൊഴിയുണ്ടായിരുന്നു. ഇതിനു തെളിവായി സിസിടിവി ദൃശ്യങ്ങളും കിട്ടിയിരുന്നു. പിന്നീട് ജസ്‌നയെക്കുറിച്ചുള്ള ഒരു വിവരവും പോലീസിനുണ്ടായിരുന്നില്ല.

Jesna missing case new CCTV visual found by police, Pathanamthitta, News, Trending, Missing, Student, CCTV, Police, Probe, Criticism, Controversy, Kerala

എന്നാല്‍, ഇപ്പോള്‍ മുണ്ടക്കയം ടൗണില്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തെ കടയിലെ ക്യാമറ ദൃശ്യങ്ങളില്‍ നിന്നും കാണാതാവുന്ന അന്ന് രാവിലെ 11.44ന് ബസ് സ്റ്റാന്‍ഡിനടുത്ത കടയുടെ മുന്നിലൂടെ നടന്നുപോകുന്ന ജസ്‌നയുടെ ദൃശ്യങ്ങളാണ് ലഭിച്ചിട്ടുള്ളത്. ആറു മിനിറ്റുകള്‍ക്കു ശേഷം ഇവിടെ ജസ്‌നയുടെ ആണ്‍ സുഹൃത്തിനെയും ദൃശ്യങ്ങളില്‍ കാണാം. പക്ഷേ, ഇരുവരും ഒന്നിച്ചുള്ള ദൃശ്യങ്ങളില്ലെന്നാണ് വിവരം. ദൃശ്യങ്ങളിലുള്ളത് ജസ്‌നയാണെന്ന് സഹപാഠികളും ബന്ധുക്കളും സ്ഥിരീകരിച്ചതായാണ് വിവരം. ആണ്‍ സുഹൃത്തിനെയും ചില സഹപാഠികള്‍ തിരിച്ചറിഞ്ഞു.

രാവിലെ ജസ്‌ന വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ധരിച്ചിരുന്നത് ചുരിദാര്‍ ആണെന്നാണ് എരുമേലിയില്‍ കണ്ടവരുടെയും മറ്റും മൊഴി. എന്നാല്‍, മുണ്ടക്കയത്തെ ദൃശ്യങ്ങളില്‍ ജസ്‌ന ധരിച്ചിരുന്നത് ജീന്‍സും ടോപ്പുമാണ്. ഒരു ബാഗ് കയ്യിലും മറ്റൊരു ബാഗ് തോളിലും ഉണ്ടായിരുന്നു. പഴ്‌സും മറ്റും വയ്ക്കുന്ന ബാഗ് ഒരു വശത്ത് ഇട്ടിരുന്നതായും ദൃശ്യങ്ങളില്‍ വ്യക്തമാകുന്നു. ദൃശ്യങ്ങളിലെ സാധ്യതകള്‍ പ്രകാരം മുണ്ടക്കയത്ത് ജസ്‌ന ഷോപ്പിങ് നടത്തിയതായും അര മണിക്കൂറിലധികം ഇവിടെ ചെലവിട്ടതായും പോലീസ് സംശയിക്കുന്നു. ഇനി ജസ്‌ന ഷോപ്പിങ് നടത്തിയ കടകളിലും മുണ്ടക്കയത്തും വീണ്ടും പോലീസ് ഇക്കാര്യം സ്ഥിരീകരിക്കും.

ചുരിദാര്‍ മാറി ജീന്‍സ് ധരിച്ചത് എവിടെ വച്ച്? സുഹൃത്തിനെ മുണ്ടക്കയത്തു വച്ച് കണ്ടിരുന്നോ? അതിനുശേഷം ജസ്‌ന അപ്രത്യക്ഷയായത് എങ്ങോട്ട്? എന്നൊക്കെയുള്ള കാര്യങ്ങളാണ് ഇനി പോലീസ് കണ്ടെത്താനൊരുങ്ങുന്നത്. ആ ദൃശ്യങ്ങളിലെ ബാക്കിയുള്ളവരെയും കണ്ടെത്തിയാല്‍ ഇതിന് ഉത്തരമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിശ്വാസം.

ദൃശ്യങ്ങള്‍ കൂടുതല്‍ പരിശോധിച്ച് ചില സംശയങ്ങള്‍ ദൂരീകരിക്കേണ്ടതുണ്ടെന്നും അതിനുശേഷമാകും മറ്റ് അന്വേഷണങ്ങളെന്നും അന്വേഷണ സംഘത്തിന്റെ ചുമതലയുള്ള തിരുവല്ല ഡിവൈഎസ്പി ആര്‍.ചന്ദ്രശേഖരന്‍ പറഞ്ഞു. നിര്‍ണായകമായ ഈ ദൃശ്യങ്ങള്‍ പോലീസിന് പ്രതീക്ഷ നല്‍കുന്നുണ്ട്. അന്വേഷണത്തിന് പുതിയൊരു വഴി തുറന്നതിനാല്‍ കേസില്‍ മുന്നോട്ടുപോകാനാകുമെന്നാണ് സംഘത്തിന്റെ ആത്മവിശ്വാസം. ഇതിന്റെ അടിസ്ഥാനത്തില്‍ ജസ്‌നയുടെ സുഹൃത്തുക്കളെ പോലീസ് വീണ്ടും ചോദ്യം ചെയ്യും.

എരുമേലിയില്‍ ജസ്‌ന ബസില്‍ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ കണ്ടെടുത്തിരുന്നു. ജസ്‌നയെ കാണാതായി 100 ദിവസം കഴിഞ്ഞിട്ടും തെളിവുകളൊന്നും ലഭിക്കാത്തത് പോലീസിനും തലവേദനയായിരുന്നു. ഇതിനിടയിലാണ് പുതിയ ദൃശ്യങ്ങള്‍ ലഭിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Jesna missing case new CCTV visual found by police, Pathanamthitta, News, Trending, Missing, Student, CCTV, Police, Probe, Criticism, Controversy, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?