പത്താം തരം തുല്യതാ പഠിതാക്കള്‍ കണ്ടെത്തിയത് 8235 ചരിത്ര രേഖകള്‍

* 500 വര്‍ഷത്തിലേറെ പഴക്കമുള്ള പത്രം, ഗ്രന്ഥം, വസ്തുക്കള്‍ എന്നിവ കണ്ടെത്തി

* ജില്ലാ പഞ്ചായത്തിനോടനുബന്ധിച്ച് മ്യൂസിയം സ്ഥാപിച്ച് സൂക്ഷിക്കാന്‍ ശിപാര്‍ശ

കാസര്‍കോട്: (www.kasargodvartha.com 20.07.2018) പത്താം തരം തുല്യതാ പഠിതാക്കളുടെ ചരിത്ര രേഖാ സര്‍വേ കേരള സാക്ഷരതാ പ്രസ്ഥാനത്തിന്റെ മറ്റൊരു ചരിത്രമായി. പഠനം പകുതി വഴിക്ക് ഉപേക്ഷിക്കപ്പെട്ട, 1334 പേര്‍ സ്വയം വീണ്ടെടുപ്പായി പത്താം തര്യം തുല്യതാ പഠനത്തിന്റെ ഭാഗമായി 8235 ചരിത്ര രേഖകളാണ്  കണ്ടെത്തിയത്. 139 താളിയോലകള്‍, 512 ജാതകങ്ങള്‍, 430 ഗ്രന്ഥങ്ങള്‍, 102 വിഷ ചികിത്സാ രേഖകള്‍, ആയുര്‍വ്വേദം 94, മന്ത്രങ്ങള്‍ 288, മറ്റുള്ളവ 6475 എന്നിങ്ങനെയാണ്  ഇവര്‍ കണ്ടെത്തിയ ചരിത്ര രേഖകള്‍.

അതിനോടൊപ്പം അച്ചടിക്കപ്പെട്ടിട്ടുള്ള 325 അപൂര്‍വ്വ ഗ്രന്ഥങ്ങളും കണ്ടെത്തി. പുരാവസ്തുക്കളായ പഴയ വീട്ടുപകരണങ്ങള്‍ 2466 എണ്ണവും കണ്ടെത്തി. ചരിത്ര രേഖ സര്‍വ്വേയില്‍ പങ്കെടുത്ത 708 സ്ത്രീകളും 626 പുരുഷന്‍മാരുമടങ്ങിയ സംഘം 1311 വീടുകളും 23 സ്ഥാപനങ്ങളില്‍ സര്‍വ്വേ നടത്തിയാണ് വിലപ്പെട്ട ഈ വിവരം ശേഖരിച്ചത്. ആകെയുണ്ടായിരുന്ന 1622 പഠിതാക്കളില്‍ 1334 പേര്‍ സര്‍വേയില്‍ പങ്കെടുത്തു.
Historical records found, Kasaragod, Education, Documents, 10th standard equivalent learners

എഡി 1618-ലെ ചൈനീസ് പത്രം പീക്കിംഗ് ഗസറ്റ്, അഞ്ഞൂറ് വര്‍ഷം പഴക്കമുള്ള താപ്പ്, 300 വര്‍ഷത്തിലധികം പഴക്കമുള്ള വിശറി തുടങ്ങി നിരവധി വൈവിധ്യങ്ങളായ പുരാവസ്തുക്കളാണ് പത്താംതരം തുല്യതാ പഠിതാക്കള്‍ പഠനത്തിന്റെ ഭാഗമായി നടത്തിയ ചരിത്ര സര്‍വേയില്‍ കണ്ടെത്തിയത്. അമൂല്യമായ ഗ്രന്ഥങ്ങളില്‍ മുഹമ്മദ് ബിന്‍ അബ്ദുല്ലയുടെ 1400 വര്‍ഷം പഴക്കമുള്ള അല്‍-ഫുര്‍ഗു-അല്‍ അമീന്‍ എന്ന ഗ്രന്ഥം, 1942-ല്‍ എന്‍. നാരായണന്‍ വൈദ്യര്‍ രചിച്ച വൈദ്യതാരകം ആയൂര്‍വേദ ഗ്രന്ഥം, 1578-ലെ ഡോക്ടറിന ക്രിസ്‌റ്റേ (ഫ്രാന്‍സിസ് സേവ്യര്‍) തുടങ്ങിയവും പെടും. എഴുപത് വര്‍ഷം പഴക്കമുള്ള അറബി - മലയാളത്തിലെഴുതിയ വിഷചികിത്സാ ഗ്രന്ഥവും ഉള്‍പ്പെടും. 100 വര്‍ഷത്തിനുമേല്‍ പഴക്കമുള്ള 11 ഗ്രന്ഥങ്ങളാണ് സര്‍വ്വേയില്‍ ലഭിച്ചത്. കണ്ടെത്തിയ പുരാരേഖകള്‍ കന്നഡ, സംസ്‌കൃതം, മലയാളം, അറബിക്, ഉറുദു, പാലി, അറബിമലയാളം തുടങ്ങിയ ഭാഷകളിലുള്ളവയാണ്.

മറ്റ് മാധ്യമങ്ങളില്‍ എഴുതിയ 136 ചരിത്ര രേഖകളും ലഭിച്ചു. ഇതില്‍ 19 എണ്ണം മുളയിലും, 48 എണ്ണം ചെമ്പ് തകിടിലും രേഖപ്പെടുത്തിയവയാണ്. തുകല്‍ ആറ്, തുണി പത്ത്, പാത്രം 53 എന്നിങ്ങനെയുള്ള മാധ്യമങ്ങളും ഉപയോഗിച്ചിട്ടുണ്ട്. ഇവയില്‍ 500 വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള 31 ഇനങ്ങളും  100 മുതല്‍ 500 വര്‍ഷം വരെ പഴക്കമുള്ള 105 ഇനങ്ങളും ഉണ്ട്. 500 വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള ഒരു ജാതകവും 11 ഗ്രന്ഥങ്ങളും, ആറ് വിഷചികിത്സാ രേഖകളും, ഒരു ആയൂര്‍വേദ ഗ്രന്ഥവും അഞ്ച് മന്ത്രങ്ങളും, 17 മതഗ്രന്ഥങ്ങളും ലഭിച്ചവയില്‍ ഉള്‍പ്പെടും.

ഇരുന്നൂറ് വര്‍ഷം പഴക്കമുള്ള മരുന്ന്കല്ല്, 120 വര്‍ഷം പഴക്കമുള്ള ചെല്ലപ്പെട്ടി, 250 വര്‍ഷം പഴക്കമുള്ള ആട്ടവിളക്ക്, 100 വര്‍ഷം പഴക്കമുള്ള പത്തായം, 100 വര്‍ഷം പഴക്കമുള്ള സ്വര്‍ണാഭരണപ്പെട്ടി, 100 വര്‍ഷം പഴക്കമുള്ള ഭസ്മക്കൊട്ട, 150 വര്‍ഷം പഴക്കമുള്ള തൂക്കുപെട്ടി എന്നീ പുരാവസ്തുക്കളും സര്‍വ്വേയില്‍ കണ്ടെത്തി. ജാതിക്കെതിരായ സമരത്തെ സംബന്ധിച്ച 21 രേഖകളും, കാര്‍ഷിക സമരം, സ്വാതന്ത്ര്യ സമരം എന്നിവ സംബന്ധിച്ച 34 വീതം, മറ്റുള്ളവയെക്കുറിച്ചുള്ള 32 രേഖകളും സര്‍വേയില്‍ ലഭിച്ചു. 

കണ്ടെത്തിയ പുരാവസ്തുക്കള്‍ അതത് സ്ഥലത്തുതന്നെ നിലനിര്‍ത്തുകയും പിന്നീട് ജില്ലാ പഞ്ചായത്തിനോടനുബന്ധിച്ച് മ്യൂസിയം സ്ഥാപിച്ച് ശേഖരിക്കാനാണ് സാക്ഷരതാ മിഷന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനോട് ശുപാര്‍ശ ചെയ്തതെന്ന് സാക്ഷരതാ മിഷന്‍ കോഡിനേറ്റര്‍ ഷാജുജോണ്‍ അറിയിച്ചു.

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയും-സംസ്ഥാന ആര്‍ക്കൈവ്‌സ് ഡയറക്ടറേറ്റും ചേര്‍ന്നാണ് ശ്രദ്ധേയമായ ഈ ദൗത്യം നിര്‍വഹിച്ചത്. ജില്ലാ പഞ്ചായത്ത് അനക്‌സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. നന്ദകുമാറിന് നല്‍കി ചരിത്ര രേഖാ സര്‍വ്വേയുടെ റിപ്പോര്‍ട്ട്  പ്രകാശനം  ചെയ്തു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷാജുജോണ്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ പി.പി.സിറാജ് എന്നിവര്‍ പ്രസംഗിച്ചു.

കാര്‍ഷിക സാംസ്‌ക്കാരിക കേരളത്തില്‍ വര്‍ഷങ്ങളുടെ പഴക്കമുള്ള നിരവധി സ്മാരകങ്ങളും രേഖകളും സാധന സാമഗ്രികളും ഉള്‍പ്പെട്ട ചരിത്രത്തിന്റെ ശേഷിപ്പുക്കളെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയെന്ന ശ്രമകരമായ ദൗത്യമാണ് ചരിത്ര രേഖ സര്‍വ്വേ എന്ന നൂതന പദ്ധതിലൂടെ സാക്ഷരതാമിഷന്‍ ലക്ഷ്യമിട്ടത്. തുല്യതാ പഠിതാക്കളുടെ പഠന പ്രവര്‍ത്തങ്ങള്‍ വേറിട്ട മേഖലകളില്‍ ഉപയോഗപ്പെടുത്താനും ഇതിലൂടെ സാക്ഷരതാ മിഷനായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Historical records found, Kasaragod, Education, Documents, 10th standard equivalent learners


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?