ഉരുട്ടിക്കൊല കേസ്; ഒന്നും രണ്ടും പ്രതികള്‍ക്ക് വധശിക്ഷയും രണ്ടുലക്ഷം രൂപ വീതം പിഴയും; മറ്റ് പ്രതികള്‍ക്ക് 3 വര്‍ഷം തടവും, 5000 രൂപ പിഴയും

തിരുവനന്തപുരം: (www.kasargodvartha.com 25.07.2018) ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനിലെ ഉരുട്ടിക്കൊല കേസില്‍ ഒന്നും രണ്ടും പ്രതികളായ ജിതകുമാര്‍, ശ്രീകുമാര്‍ എന്നിവര്‍ക്ക് സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി നാസര്‍ വധശിക്ഷ വിധിച്ചു. ഇരുവര്‍ക്കുമെതിരെ കൊലക്കുറ്റം, കഠിനമായ ദേഹോപദ്രവം ഏല്പിക്കല്‍, കുറ്റസമ്മതത്തിനായി അന്യായമായി തടങ്കലില്‍ പാര്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കോടതി ചുമത്തിയത്. രണ്ട് പേരും രണ്ട് ലക്ഷം രൂപാ വീതം പിഴയും ഒടുക്കണം. പിഴത്തുക ഉദയകുമാറിന്റെ അമ്മ പ്രഭാവതിക്ക് നല്‍കണം. ഇതാദ്യമായാണ് സര്‍വീസിലിരിക്കുന്ന പോലീസുകാര്‍ക്ക് വധശിക്ഷ വിധിക്കുന്നത്.

അതേസമയം കേസിലെ നാല് മുതല്‍ ആറ് വരെ പ്രതികളായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി. അജിത് കുമാര്‍, മുന്‍ എസ്.പി മാരായ ഇ.കെ. സാബു, ടി.കെ. ഹരിദാസ് എന്നിവര്‍ക്ക് രണ്ട് വകുപ്പുകളിലായി ആറ് വര്‍ഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ മൂന്ന് വര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയാകും.

ആറാം പ്രതി ടി.കെ.ഹരിദാസിന് മൂന്ന് വര്‍ഷം തടവും 5000 രൂപയും പിഴയുമാണ് ശിക്ഷ. ഈ മൂന്ന് പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചു. കേസിലെ നാലു മുതല്‍ ആറുവരെ പ്രതികളുടെ പേരില്‍ തെളിവ് നശിപ്പിക്കല്‍, ഇതിനായി കുറ്റകരമായ ഗൂഢാലോചന നടത്തല്‍ എന്നീ കുറ്റങ്ങളാണ് കോടതി ചുമത്തിയത്.

പോലീസ് കസ്റ്റഡിയില്‍ ഉദയകുമാര്‍ എന്ന നിരപരാധിയായ ചെറുപ്പക്കാരനെയാണ് ക്രൂരമായ മര്‍ദനത്തിനും ഉരുട്ടലിനും വിധേയനാക്കി കൊലപ്പെടുത്തിയത്. പോലീസുകാര്‍ അഡിഷണല്‍ കോടതിയിലെ വിചാരണയില്‍ കൂട്ടത്തോടെ കൂറുമാറിയപ്പോള്‍ അട്ടിമറിക്കപ്പെട്ട കേസില്‍ ഉദയകുമാറിന്റെ അമ്മ പ്രഭാവതി ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് സി.ബി.ഐ അന്വേഷണം വന്നതും ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായതും.

2005 സെപ്തംബര്‍ 27 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ ഇരുന്ന ഉദയകുമാറി(28)നെയും സുഹൃത്ത് സുരേഷ് കുമാറിനെയും ഫോര്‍ട്ട് സി.ഐ ആയിരുന്ന ഇ.കെ.സാബുവിന്റെ ക്രൈം സ്‌ക്വാഡ് പിടികൂടി. സ്‌ക്വാഡ് അംഗങ്ങളായ ജിതകുമാറും ശ്രീകുമാറും ചേര്‍ന്നാണ് ഇവരെ ഫോര്‍ട്ട് സ്‌റ്റേഷനില്‍ എത്തിച്ചത്. ഉദയകുമാറിന്റെ പക്കല്‍ ഉണ്ടായിരുന്ന 4020 രൂപയുടെ ഉറവിടത്തെ ചൊല്ലിയുള്ള ക്രൂരമായ മര്‍ദനത്തിലും ചോദ്യം ചെയ്യലിലുമാണ് തുടയിലെ രക്തധമനികള്‍ പൊട്ടി കിള്ളിപ്പാലം കീഴാറന്നൂര്‍ കുന്നുംപുറം വീട്ടില്‍ ഉദയകുമാര്‍ കൊല്ലപ്പെട്ടത്.

ഉദയകുമാര്‍ കസ്റ്റഡിയില്‍ മരിച്ചു എന്ന് ബോധ്യമായ പോലീസ് ഉദ്യോഗസ്ഥര്‍ ഉദയകുമാറിനെ രാത്രി മോഷണക്കേസില്‍ പിടികൂടി എന്ന് സ്ഥാപിക്കാന്‍ കള്ള എഫ്.ഐ.ആര്‍ ഉണ്ടാക്കി. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും പോലീസുകാരായ ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍ എന്നീ പ്രതികളില്‍ മാത്രം കേസ് ഒതുങ്ങിപ്പോയിരുന്നു. സോമന്‍ അടുത്തിടെ മരണമടഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Top-Headlines, Murder-case, Murder, Trending, Crime, court, Udaya Kumar custodial murder: CBI court awards death sentence to two accused cops

  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?