ഹാത്തിബ്.. നീ ഭാഗ്യവാനാണ് ടാ..
ഖയ്യൂം മാന്യ
അവന്‍ പോയിരിക്കുന്നു.. ആയുസ് മുഴുവന്‍ നന്മകളോടൊപ്പം സഞ്ചരിച്ചവന്‍.. സമപ്രായക്കാരൊക്കെയും ജീവിതം ആഘോഷിക്കുമ്പോള്‍, സ്വലാത്തിന്റെ മജ്‌ലിസുകളില്‍ യുവത്വം ചിലവഴിച്ചവന്‍.. പഠനത്തിന് ശേഷം ഒട്ടും സമയം പാഴാക്കാതെ, കുടുംബത്തിന് വേണ്ടി നാട് വിട്ടവന്‍.. വെറുപ്പിന്റെ കണിക ഒരു മനസിലും അവശേഷിപ്പിക്കാത്തവന്‍.. മയ്യത്ത് കണ്ടവരൊക്കെയും പറയുന്നു, ഹാത്തിബ് പുഞ്ചിരിക്കുകയാണെന്ന്.. ശവ്വാലിന്റെ നിലാവ് പോലെ മുഖം തിളങ്ങുകയാണെന്ന്..
അപകടത്തില്‍ റോഡിലേക്ക് തെറിച്ചു വീഴുമ്പോഴും അവന്റെ വിരലുകളില്‍ ദിക്റിന്റെ കൗണ്ടറുണ്ടായിരുന്നു.. അവന്‍ നോമ്പുകാരനായിരുന്നു.. അവന് വുളൂ ഉണ്ടായിരുന്നു.. സ്വലാത്തിന്റെ സഹയാത്രികരായിരുന്നു കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെല്ലാം.. ഞങ്ങളൊക്കെ കരയുമ്പോഴും നീ ആഹ്ലാദത്തോടെയാണല്ലോ അല്ലാഹുവിലേക്ക് മടങ്ങിപ്പോകുന്നത്..
ഒന്നിച്ച് പഠിച്ചവരോ ജോലി ചെയ്തവരോ ആയിരുന്നില്ല ഞങ്ങള്‍. ഒരേ നാട്ടുകാരായിരുന്നില്ല. എന്നിട്ടും എന്റെ ജീവിതത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി ഹാത്തിബ് ഉണ്ടായിരുന്നു. എത്രയോ വട്ടം അവനെന്റെ വീട്ടില്‍ വന്നിരിക്കുന്നു. അവന്റെ വീട്ടില്‍ നിന്ന് ഞാന്‍ ഭക്ഷണം കഴിച്ചിരിക്കുന്നു. ടൗണില്‍ എന്നെ തേടി വന്നിരുന്നു. അവന്റെ സ്‌കൂട്ടറിന്റെ പിറകിലിരുന്ന് സഞ്ചരിച്ചിരുന്നു. നീണ്ട സഹവാസത്തിനിടയില്‍ നന്മകള്‍ അല്ലാത്തതൊന്നും അവന്റെ വാക്കിലും നോട്ടത്തിലും ഉണ്ടായിരുന്നതേ ഇല്ല!
മൂന്നു മാസങ്ങള്‍ക്ക് മുമ്പ് യു.എ.ഇലെത്തിയപ്പോഴും അവനെ കാണാന്‍ അജ്മാനില്‍ പോയിരുന്നു. ഒന്നിച്ചു ഭക്ഷണം കഴിക്കുകയും ഒരുപാട് തമാശകള്‍ പറയുകയും ചെയ്തു. അവന്‍ അങ്ങനെയാണ്. ചിരിച്ച് കൊണ്ടല്ലാതെ അവനെ നിങ്ങള്‍ക്ക് കാണാനേ കഴിയില്ല. അവന്റെ തമാശകള്‍ ആരെയും വേദനിപ്പിക്കുകയുമില്ല. ഇന്നലെ രാത്രി മുതല്‍ എത്രയോ പ്രാര്‍ഥനകള്‍.. ഞാന്‍ അംഗമായ ഗ്രൂപ്പില്‍ അവന്റെ സുഹൃത്തുക്കള്‍ ഈ നേരം കൊണ്ട് രണ്ട് ഖത്തം തീര്‍ത്തിരിക്കുന്നു. ഒരുപാട് ദിഖ്റുകള്‍ മഴ പോലെ വര്‍ഷിച്ച് കൊണ്ടിരിക്കുന്നു. ജീവിതത്തിലും മരണത്തിലും നീ ഞങ്ങളെ അത്ഭുതപ്പെടുത്തുകയാണെടാ.. നിന്നെ പോലെ ആയിരുന്നെങ്കിലെന്ന് കൊതിച്ച് പോവുകയാണെടാ.. ഞങ്ങളുടെ ഹാത്തിബിന് നീ സ്വര്‍ഗീയ കവാടങ്ങള്‍ തുറന്ന് കൊടുക്കണേ അല്ലാഹ്..
Powered by Info News For You
Comments
Post a Comment