ബി.പി.എല്‍ ഭവനപദ്ധതി റിപ്പോര്‍ട്ടില്‍ കൃത്രിമം: നഗരസഭാ ഓവര്‍സിയര്‍ക്ക് സസ്പെന്‍ഷന്‍
കാസര്‍കോട് (www.evisionnews.co): കാസര്‍കോട് നഗരസഭയിലെ 2015-16 വര്‍ഷത്തെ ബി.പി.എല്‍ ഭവന നിര്‍മാണ പദ്ധതിയിലെ ഗുണഭോക്താവിന് ബാക്കി തുക നല്‍കുന്നതുമായി വ്യത്യസ്തങ്ങളായ റിപ്പോര്‍ട്ട് സമര്‍പ്പിച്ച നഗരസഭ ജീവനക്കാരിക്ക് സസ്പെന്‍ഷന്‍. മൂന്നാം ഗ്രേഡ് ഓവര്‍സിയര്‍ സി.എസ് അജിതയെയാണ് വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി സസ്പെന്റ് ചെയ്യാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കാസര്‍കോട് നഗരസഭാ കൗണ്‍സില്‍ യോഗം ഐകകണ്ഠ്യേന തീരുമാനിച്ചത്.
സപ്ലിമെന്ററി അജണ്ടയില്‍ നടന്ന വിശദമായ ചര്‍ച്ചക്കൊടുവിലാണ് കൗണ്‍സില്‍ സസ്‌പെന്റ് ചെയ്യാനുള്ള തീരുമാനം കൈകൊണ്ടത്. മേല്‍പദ്ധതിയിലെ ഗുണഭോക്താവായ പി. പത്മനാഭ എന്ന വ്യക്തി 2015ല്‍ രണ്ട് ഘട്ടങ്ങളിലായി 1,50,000 രൂപ കൈപ്പറ്റിയിരുന്നു. വീട് പരിശോധിച്ച് ഓവര്‍സിയറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വീട്ടുനമ്പര്‍ അനുവദിച്ചത്. എന്നാല്‍ മൂന്നും നാലും ഗഡുക്കള്‍ നല്‍കാന്‍ ബാക്കിയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണ് നിര്‍മാണം നടന്നിട്ടുള്ളതെന്നും ആയതിനാല്‍ ഇദ്ദേഹത്തിന് ബാക്കി തുക നല്‍കാന്‍ കഴിയില്ലെന്നും ഉപഭോക്താവിനെതിരെ നിയമ നടപടി കൈകൊള്ളണമെന്നും കാണിച്ച് ഓവര്‍സിയര്‍ മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.
എന്നാല്‍ മുനിസിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പ്രകാരം ഇദ്ദേഹത്തിന് തുക നല്‍കാവുന്നതാണെന്ന് വ്യക്തമാക്കി. തുടര്‍ന്നാണ് മേലുദ്യോഗസ്ഥരെയും കൗണ്‍സിലിനെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്നതിനാല്‍ ഓവര്‍സിയര്‍ക്കെതിരെ നടപടിക്ക് കൗണ്‍സില്‍ അഭിപ്രായപ്പെടുകയായിരുന്നു.
Powered by Info News For You

Comments
Post a Comment