ഉദുമ ടൗണില്‍ നാലുവരിപ്പാത അനിവാര്യം: വികസന സമിതി ചീഫ് എഞ്ചിനീയറെ കാണും


ഉദുമ (www.evisionnews.co): ഉദുമ ടൗണില്‍ കെ.എസ്.ടി.പി റോഡ് നാലുവരിപ്പാതയാക്കി ഡിവൈഡര്‍ സ്ഥാപിക്കുമെന്ന കെ.എസ്.ടി.പി അധികൃതരുടെ വാഗ്ദാനം നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് ഉദുമക്കാര്‍ കൂട്ടായ്മയുടെയും കേരള വ്യാപാരി വ്യവസായി എകോപന സമിതി ഉദുമ യൂണിറ്റിന്റെയും നേതൃത്വത്തില്‍ രൂപീകരിച്ച ഉദുമ വികസന സമിതി നടത്തുന്ന രണ്ടാംഘട്ട പ്രക്ഷോഭത്തിന് മുന്നോടിയായി വികസന സമിതിയുടെ നേതൃത്വത്തില്‍ നാളെ രാവിലെ ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമനെ കാണും. തൊട്ടടുത്ത ദിവസം തന്നെ എം.എല്‍.എ.യുടെ സാന്നിധ്യത്തില്‍ കെ.എസ്.ടി.പി ചീഫ് എഞ്ചിനീയറെ കണ്ട് പ്രശ്നങ്ങള്‍ ബോധിപ്പിക്കും. 

ഇന്നലെ ഉദുമ വ്യാപാരഭവനില്‍ ചേര്‍ന്ന വികസന സമിതി യോഗത്തിലാണ് തീരുമാനം. റോഡ് നാലുവരി പാതയാക്കി ഡിവൈഡര്‍ സ്ഥാപിക്കുമെന്നാണ് കെ.എസ്.ടി.പി അധികൃതര്‍ നാട്ടുകാര്‍ക്ക് നല്‍കിയ വാഗ്ദാനം. നാലുവരിപാതയാക്കണമെങ്കില്‍ ചില തടസങ്ങള്‍ ഉണ്ടെന്നാണ് കെ.എസ്ടി.പി അധികൃതര്‍ പറയുന്നത്. ഇപ്പോള്‍ രണ്ട് വരിപ്പാതയാണ് ഉദുമ ടൗണിലുള്ളത്. വാഹനത്തിന്റെ എണ്ണം കൂടിയതോടെ ടൗണില്‍ വാഹനാപകടവും വര്‍ധിച്ചിട്ടുണ്ട്. രണ്ടുവര്‍ഷത്തിനുള്ളില്‍ നാലുപേര്‍ ടൗണ്‍ പരിധിയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു. നിലവിലുള്ള രണ്ടുവരി പാതയില്‍ നിര്‍മിക്കുന്ന ഡിവൈഡര്‍ അശാസ്ത്രീയമാണ്. വളരെ വീതി കുറഞ്ഞ ഡിവൈഡറാണ് ഇവിടെ നിര്‍മിക്കുന്നത്. നിര്‍മാണം തുടങ്ങിയ ദിവസം തന്നെ കാപ്പില്‍ താജ് ഹോട്ടല്‍ ജീവനക്കാരന്‍ മേല്‍പറമ്പ് സ്വദേശി കെ.ആര്‍ നവീന്‍ കുമാര്‍ വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു. ടൗണ്‍ റോഡ് നാലുവരിപാതയാക്കി അപകടം കുറക്കാന്‍ വേണ്ട നടപടി സ്വീകരിച്ചില്ലെങ്കില്‍ നിരന്തരമായ പ്രക്ഷോഭം നടത്താനാണ് ഉദുമ വികസന സമിതിയുടെ തീരുമാനം.

യോഗത്തില്‍ ചെയര്‍മാന്‍ എ.വി ഹരിഹരസുധന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഫറൂഖ് കാസ്മി സ്വാഗതം പറഞ്ഞു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. സന്തോഷ് കുമാര്‍, ഉദുമക്കാര്‍ കൂട്ടായ്മ അഡ്മിനര്‍ അബ്ദുല്ലക്കുഞ്ഞി ഉദുമ, അംഗങ്ങളായ എന്‍.എ ഭരതന്‍, അഡ്വ. ബാലകൃഷ്ണന്‍ കൊക്കാല്‍, ബി. ബലരാമന്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റ് ജനറല്‍ സെക്രട്ടറി യൂസഫ് റൊമാന്‍സ്, ട്രഷറര്‍ പി.കെ ജയന്‍, വിനോദ് ഉദുമ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?