പഴയകാല നോമ്പും - പെരുന്നാളും

കൂക്കാനം റഹ് മാന്‍

(www.kvartha.com 06.06.2018)
 പഴയകാല നോമ്പും, പെരുന്നാളും മനസ്സിനെ മഥിക്കുന്ന വേദനയൂറുന്ന ഓര്‍മ്മകളാണ് എന്നുമെനിക്ക്. നോമ്പെന്നു കേള്‍ക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചുപോയ എന്റെ ഉമ്മൂമ്മയാണ് ആദ്യം മനസ്സിലേക്കോടിയെത്തുന്നത്. ഒട്ടിയ വയറും നരച്ചതാണെങ്കിലും മനോഹരമായി ചീകിവെക്കുന്ന മുടിയും, സുറുമയെഴുതിയ കണ്ണും ഉള്ള ഉമ്മൂമ്മയെ ഓര്‍മ്മ വരും. മല്‍മല്‍ തുണികൊണ്ട് സ്വയം തയ്ച്ചുണ്ടാക്കിയ തൂവെള്ള കുപ്പായവും, വെള്ള കാച്ചി മുണ്ടും ധരിക്കുന്ന ഉമ്മൂമ്മയാണ് എന്നും എന്റെ ദ്യശ്യപഥത്തിലേക്ക് വരിക.

ദാരിദ്രാവസ്ഥയില്‍ കഴിഞ്ഞ അക്കാലത്ത് എത്രമാത്രം വേദനയും, വിശപ്പും കടിച്ചമര്‍ത്തിയായിരിക്കും ഉമ്മൂമ്മയുടെ പ്രായക്കാര്‍ നോമ്പനുഷ്ഠിച്ചിട്ടുണ്ടാവുക? പകലന്തിയോളം ഒരിറ്റു വെള്ളമിറക്കാതെ സൂര്യാസ്തമയ സമയത്തിനായി കാത്തിരുന്ന അക്കാലത്തെ നോമ്പനുഷ്ഠിക്കുന്നവരുടെ നോമ്പു തുറ വിഭവങ്ങള്‍ വളരെ പരിമിതമായിരുന്നു. ഒരു കല്ലുപ്പ് കടിച്ച് പച്ചവെള്ളമോന്തി നോമ്പ് തുറക്കുന്ന ഉമ്മൂമ്മയുടെ രൂപം ഇക്കാലത്തെ നോമ്പു തുറക്കാര്‍ ഒരുക്കുന്ന വിഭവസമൃദ്ധമായ നോമ്പു തുറയും തമ്മില്‍ ഒരുപാട് അകലമുണ്ട്.

Article, Kookanam-Rahman, Ramadan, Eid, Food, Religion, Old days fasting and Eid, Article of Kookanam Rahman.

അന്ന് നോമ്പുതുറ കഴിഞ്ഞാല്‍ ഉമ്മൂമ്മക്ക് കിട്ടുന്ന പ്രധാന ആഹാരം രണ്ട് ദോശയും അല്‍പ്പം പരിപ്പ് കറിയുമായിരുന്നു. മഗ്‌രിബ് നിസ്‌ക്കാരാനന്തരം നിസ്‌ക്കാരപ്പായുടെ സമീപത്ത് ഉമ്മ കൊണ്ടുവെക്കുന്ന ഭക്ഷണം കഴിക്കാന്‍ ഉമ്മുമ്മ തുടങ്ങുമ്പോഴേക്കും ഞാനവിടെ എത്തിയിരിക്കും. പാവം ഉമ്മൂമ്മ അതിലൊരു ദോശ എനിക്ക് തന്ന് എന്നെ സന്തോഷിപ്പിക്കും. ഇന്നോ ബിരിയാണി, നെയ്‌ച്ചോര്‍, പത്തിരി, വിവിധങ്ങളായ പഴവര്‍ഗ്ഗങ്ങള്‍ രണ്ടോ മൂന്നോ തരം പഴച്ചാറുകള്‍ ഇതൊക്കെ അകത്താക്കി ഏമ്പക്കം വിടുന്ന കുടവയറന്‍മാരുമായി ഞാനെന്റെ വയറൊട്ടിയ ഉമ്മൂമ്മയെ താരതമ്യം ചെയ്ത് പോകുന്നു.

സൂര്യാസ്തമയം നടന്ന് മഗ്‌രിബ് ബാങ്ക് വിളി പള്ളികളിലെ ഉച്ചഭാഷിണികളില്‍ നിന്ന് മുഴങ്ങുമ്പോഴാണ് ഇക്കാലത്ത് വീടുകളിലും മറ്റും നോമ്പ് തുറയുടെ ബഹളം ആരംഭിക്കുന്നത്. പണ്ട് ഗ്രാമത്തില്‍ ഒരു പള്ളിയേ ഉണ്ടാകൂ. സൗണ്ട് സിസ്റ്റം ഇല്ല. ബാങ്ക് വിളി കേള്‍ക്കാന്‍ ഒരു സാധ്യതയുമില്ല. കരിവെള്ളൂരിലെ വാണിയില്ലം ക്ഷേത്രത്തില്‍ നിന്ന് പൊട്ടുന്ന വെടിയൊച്ചയാണ് ഉമ്മൂമ്മയുടെ നോമ്പ് തുറക്ക് സഹായകമായിരുന്നത്. അസറും, ളുഹറും സിസ്‌ക്കരിക്കാന്‍ വാച്ചും ക്ലോക്കും ഇല്ലാത്ത അക്കാലത്ത് സമയത്തിന്റെ കൃത്യത പാലിക്കാന്‍ സ്വന്തം നിഴല്‍ കാല്‍പ്പാദം കൊണ്ട് അളന്ന് തിട്ടപ്പെടുത്തിയാണ് നിസ്‌ക്കരിച്ചിരുന്നത്. മതപരമായി നിര്‍ദേശിക്കപ്പെട്ട കാര്യങ്ങള്‍ കൃത്യതയോടെ നിര്‍വ്വഹിച്ചുപോന്നവരായിരുന്നു അക്കാലത്ത് ജീവിച്ചിരുന്ന മുസ്ലീം ജനവിഭാഗം.

ഇന്ന് ഭക്ഷണത്തിലും വസ്ത്രധാരണയിലും, താമസസൗകര്യമൊരുക്കുന്നതിലും മാറ്റം വന്നു. നോമ്പുതുറയും, ഇഫ്താര്‍സംഗമങ്ങളും, ഇഫ്താര്‍ വിരുന്നുകളും വിഭവസമൃദ്ധമായ വിരുന്നൂട്ട് സദ്യകളായി മാറി. വെള്ളമുണ്ടും, വെള്ളകുപ്പായവും, വെള്ളത്തട്ടവും ധരിച്ച് മാന്യതയോടെ പുറത്തിറങ്ങി. ബന്ധുവീടുകളില്‍ മാത്രം സന്ദര്‍ശിക്കുന്ന ഉമ്മൂമ്മ പ്രായക്കാരായ സ്ത്രീകളെ ഓര്‍ക്കുകയാണ് ഞാന്‍. എല്ലാം കറുത്ത തുണികൊണ്ട് നിര്‍മ്മിച്ച പര്‍ദകളും ധരിച്ച് റോഡിലുടനീളം ഉല്ലാസപൂര്‍വ്വം നടക്കുന്ന ഇക്കാലത്തെ സ്ത്രീകള്‍ ഭക്ഷണകാര്യത്തിലും വസ്ത്രം ധരിക്കുന്നതിലും വ്യത്യസ്തത പുലര്‍ത്തുന്നു. ഓടിട്ട വീടുകളില്‍ ചാണകം മെഴുകിയ തറയില്‍ കഴിഞ്ഞിരുന്ന പഴയകാല ജീവിതവും - കോണ്‍ക്രീറ്റില്‍ തീര്‍ത്ത മേല്‍ക്കൂരമേല്‍ മാര്‍ബിള്‍ പതിച്ച പതുപതുപ്പുള്ള തറയിലെ ജീവിതവും ആസ്വദിക്കുന്നവരെ താരതമ്യം ചെയ്തു നോക്കണം.

അന്നത്തെയും ഇന്നത്തെയും നോമ്പും നിസ്‌ക്കാരവും സക്കാത്തും ഒരേ ലക്ഷ്യത്തിനു വേണ്ടിയായിരുന്നു എങ്കില്‍ ദൈവസന്നിധിയില്‍ ഒത്തുകൂടുമ്പോള്‍ ഇരുകൂട്ടരെയും ഒരുപോലെ പരിഗണിക്കാന്‍ ദൈവത്തിന് സാധ്യമാവുമോ? തന്റെ നിര്‍ദേശങ്ങള്‍ ഇല്ലായ്മയിലും, വല്ലായ്മയിലും അണുകിട തെറ്റിക്കാതെ അനുസരിച്ചവര്‍ക്കാണോ അതോ ധൂര്‍ത്തും, സുഖലോലുപതയിലും ആറാടിയവര്‍ക്കാണോ ദൈവം പ്രഥമസ്ഥാനം നല്‍കുക? പഴമക്കാര്‍ ഉള്ളില്‍ തട്ടിയ ദൈവഭയം കാണിച്ചു ആധുനികക്കാര്‍ പൊങ്ങച്ചവും, പ്രചാരണാത്മകതയും കാണിച്ച് ദൈവഭക്തരാണെന്ന് വരുത്തിത്തീര്‍ക്കുന്നു.

ഞങ്ങളുടെ കുട്ടിക്കാലത്തെ പെരുന്നാളാഘോഷം ഏറ്റവും ലളിതവും, ആര്‍ഭാടരഹിതവുമായിരുന്നു. ആണ്ടിലൊരിക്കല്‍ കിട്ടുന്ന നെയ്‌ച്ചോറും കോഴിക്കറിയും ഞങ്ങള്‍ക്ക് അദ്ഭുത ഭക്ഷ്ണപദാര്‍ത്ഥമായിരുന്നു. ബിരിയാണി എന്ന് പറയുന്ന ഭക്ഷ്യവസ്തുവിനെക്കുറിച്ച് ഞങ്ങള്‍ അക്കാലത്ത് അജ്ഞരായിരുന്നു. പക്ഷേ 1950 - 60 കാലത്തെ നെയ്‌ച്ചോറും കോഴിക്കറിയും ഇക്കാലത്തെപ്പോലെയല്ല. നെയ്‌ച്ചോറ് വെക്കാന്‍ വേണ്ടി മാത്രം വസുമതിനെല്ല് കൃഷിയിറക്കും. ആ നെല്ല് പുഴുങ്ങാതെ കുത്തിയെടുത്ത അരിയാണ് ഇതിനു ഉപയോഗിക്കാറ്. പശുവിന്‍ നെയ്യ് വീട്ടില്‍ത്തന്നെ ഉണ്ടാക്കിയെടുത്തു വെയ്ക്കും. കൃത്രിമമല്ലാത്ത നെയ്‌ച്ചോര്‍ അരി (ചെറിയരി) യും കൃത്രിമമല്ലാത്ത പശുവിന്‍ നെയ്യും ഉപയോഗിച്ചുണ്ടാക്കുന്ന നെയ്‌ച്ചോറിന്റെ രുചി - ഇന്നത്തെ ഏത് പഞ്ചനക്ഷത്ര ഹോട്ടലില്‍ ചെന്നാലും ലഭ്യമാവില്ല.

കോഴിക്കറിയുടെ രുചിക്കും പ്രത്യേകതയുണ്ട്. വീടുകളില്‍ വളര്‍ത്തുന്ന നാടന്‍ കോഴികളെയാണ് ഇതിനുപയോഗിക്കുക. കോഴിയിറച്ചിക്കഥയും കുറേ പറയാനുണ്ട്. അറുക്കേണ്ട കോഴിയെ തലേ ദിവസം തന്നെ അറസ്റ്റ് ചെയ്തു തടവിലാക്കും. ഇതിനെയും പിടിച്ച് അറക്കാന്‍ വേണ്ടി മൊയ്‌ല്യാരുടെ വീട്ടില്‍ ചെല്ലണം. അത് ആണ്‍കുട്ടികളായ ഞങ്ങളുടെ ഡ്യൂട്ടിയാണ്.മൊയ്‌ല്യാര് മുടിക്കത്തിക്ക് ഒന്നു കൂടി മൂര്‍ച്ചകൂട്ടി റെഡിയാവും. കോഴിയെ അറക്കാന്‍ പാകത്തില്‍ പിടിച്ചുകൊടുക്കാന്‍ ഞങ്ങളോട് പറയും. പേടിയുണ്ടെങ്കിലും രണ്ടും കല്‍പ്പിച്ച് ഞാന്‍ അതിന് തയ്യാറാകും. രണ്ടു കാലും കൂട്ടിപ്പിടിച്ച് കഴുത്തിന്റെ ഒരു ഭാഗവും പിടിച്ച് ഞാന്‍ നില്‍ക്കണം. മൊയ്‌ല്യാര് കത്തിയെടുത്ത് 'അല്ലാഹു അക്ബര്‍' ചൊല്ലി കോഴിയുടെ കഴുത്ത് മുറിക്കും. രക്തം ശക്തമായി ചീറ്റിപ്പുറത്തേക്കൊഴുകും. തല അറുത്ത് മാറ്റില്ല. പകരം 75% മുറിവ് ഉണ്ടാകും. അത്രയും ആയാല്‍ കോഴിയെ നിലത്തു വെക്കാന്‍ പറയും. ചില കോഴികള്‍ ചോര ഒലിപ്പിച്ചു കുറേ ദൂരം ഓടും. ചിലത് വീണിടത്തു പിടച്ചു പിടച്ചു മരിക്കും.

ആ കാഴ്ച ദയനീയമാണ്. മരിച്ച കോഴിയെ എടുത്ത് വീട്ടിലെത്തിക്കണം. ഇരുചിറകിന് വെളിയിലേക്ക് കഴുത്ത് മറിച്ചിട്ട് ചിറകും പിടിച്ചാണ് കോഴിയെ വീട്ടിലെത്തിക്കേണ്ടത്. കമഴ്ത്തി വെച്ച തടുപ്പ മുകളില്‍ അതിനെ വെക്കും. തൊലി പൊളിച്ച് ഇറച്ചി മുറിച്ചെടുക്കുന്നത് വരെ കുട്ടികളായ ഞങ്ങള്‍ ഉമ്മൂമ്മയുടെ അടുത്ത് നിന്ന് മാറില്ല. കറിവെക്കാന്‍ വേണ്ടുന്ന മസാലക്കൂട്ടുകള്‍ അമ്മിമേല്‍വെച്ച് അരച്ചെടുക്കും. മസാലപൊടികളൊന്നും ഉപയോഗിക്കില്ല. അങ്ങനെ പള്ളിയില്‍ നിന്ന് പെരുന്നാള്‍ നമസ്‌ക്കാരം കഴിഞ്ഞ് തിരിച്ചുവരുമ്പോഴേക്കും നെയ്‌ച്ചോറും കോഴിക്കറിയും റെഡിയായിരിക്കും. അയല്‍പക്കക്കാരായ ഇതരമതസ്ഥരായ കൂട്ടുകാരെയൊക്കെ വീട്ടിലേക്ക് ക്ഷണിക്കും. അവരൊപ്പം ഭക്ഷണം കഴിച്ചാല്‍ പിന്നെ വിവിധ കളികളില്‍ ഏര്‍പ്പെടും. അക്കാലത്ത് കുഗ്രാമങ്ങളില്‍ താമസിക്കുന്ന ഞങ്ങളുടെ പെരുന്നാളാഘോഷം ഇത്രയേ ഉള്ളൂ. ഇന്നോ പറയാതെതന്നെ കാണുന്നതല്ലേ? അതുകൊണ്ട് പറയുന്നില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, Ramadan, Eid, Food, Religion, Old days fasting and Eid, Article of Kookanam Rahman.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?