ട്രോളല്ല! കുമ്മനത്തെ ട്രോളിയതല്ല: വിശദീകരണവുമായി മനോരമ രംഗത്ത്
(www.evisionnews.co) ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ച വാര്‍ത്ത നല്‍കിയ മനോരമ ചാനലിന്റെ രീതിയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം വന്നതോടെ വിശദീകരണവുമായി മനോരമ ന്യൂസ് രംഗത്ത്. ചാനല്‍ നല്‍കിയ ഹെഡ്‌ലൈന്‍ ടൈംബ്ലേറ്റില്‍ കുമ്മനം ഗവര്‍ണര്‍ (ട്രോളല്ല) എന്നായിരുന്നു നല്‍കിയത്. ഇതാണ് വന്‍ പ്രതിഷേധത്തിന് കാരണമായത്. ഗൗരവ സ്വഭാവമുള്ള വാര്‍ത്ത മനോരമ നല്‍കിയ രീതിയെയാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചത്.
ചാനല്‍ നല്‍കുന്ന വിശദീകരണം...
മിസോറം ഗവര്‍ണറായി കുമ്മനം രാജശേഖരനെ നിയമിച്ചു എന്ന വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത് മനോരമ ന്യൂസാണ്. മറ്റൊരു വിഷയം ചര്‍ച്ച ചെയ്യുകയായിരുന്നിട്ടു കൂടി കൗണ്ടര്‍ പോയന്റില്‍ റിപ്പോര്‍ട്ടറെ അപ്പോള്‍ത്തന്നെ തല്‍സമയം ഫോണില്‍ കൊണ്ടുവന്നു വിവരങ്ങള്‍ പ്രേക്ഷകരെ അറിയിച്ചു. പത്തു മണിവാര്‍ത്തയില്‍ ആദ്യതലക്കെട്ട് തന്നെ നല്‍കി. പിന്നാലെ വിശദമായ റിപ്പോര്‍ട്ടും. ബി ജെ പിക്കും അതിന്റെ നേതാക്കള്‍ക്കും അഭിമാനിക്കാന്‍ വക നല്‍കുന്ന നേട്ടം എന്നു തന്നെ ആയിരുന്നു വാര്‍ത്തയുടെ ഫോക്കസ്. കുമ്മനം രാജശേഖരനും തന്റെ പുതിയ പദവിയെക്കുറിച്ച് തല്‍സമയം പ്രതികരിച്ചു.
പലതവണ തന്നെ കേന്ദ്രമന്ത്രിയാക്കി വാര്‍ത്തകള്‍ വന്നിട്ടുണ്ടല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ സരസമായ പ്രതികരണം. പുതിയ നിയമനവാര്‍ത്തയും തമാശയെന്ന വിധത്തില്‍ ആ സമയത്ത് സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണം തുടങ്ങുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ദൃശ്യത്തിന്റെ അടിക്കുറിപ്പില്‍ 'ട്രോളല്ല' എന്നു ചേര്‍ത്തത്. ട്രോളുകളിലൂടെ കുമ്മനത്തെ നിരന്തരം ആക്രമിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അക്കാര്യത്തില്‍ അദ്ദേഹത്തിനുള്ള വേദന പങ്കിടുന്നതിന് മാത്രമായി ഒരു അരമണിക്കൂര്‍ പരിപാടി സംപ്രേഷണം ചെയ്ത ചാനലാണ് മനോരമ ന്യൂസ്. ട്രോളുകളെ ഗൗരവത്തില്‍ എടുക്കില്ലെന്നും തമാശയായി മാത്രം കണ്ടാല്‍ മതിയെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
Powered by Info News For You

Comments
Post a Comment