റാണിപുരത്തെയും ബേക്കല്‍ കോട്ടയെയും ബന്ധിപ്പിക്കാന്‍ ആകാശനൗക നിര്‍ദേശം

കാസര്‍കോട് (www.evisionnews.co): ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ബേക്കല്‍ കോട്ടയെയും റാണിപുരത്തെയും ബന്ധിപ്പിച്ച് ആകാശനൗക (സ്‌കൈവേ ബസ്) പദ്ധതി നിര്‍ദേശവുമായി കാഞ്ഞങ്ങാട്- കാണിയൂര്‍ റെയില്‍പ്പാതയുടെ ഉപജ്ഞാതാവ് ജോസ് കൊച്ചിക്കുന്നേല്‍ ജില്ലയുടെ വിനോദസഞ്ചാര വികസനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം കാസര്‍കോട്ട് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് പദ്ധതിയുടെ വിശദ റിപ്പോര്‍ട്ട് ജോസ് കൊച്ചിക്കുന്നേല്‍ സമര്‍പ്പിച്ചത്.

ബേക്കലിനും റാണിപുരത്തിനുമിടയില്‍ സഞ്ചാരികള്‍ക്ക് പ്രകൃതിസൗന്ദര്യം ആസ്വദിച്ച് ചെലവുകുറഞ്ഞ ആകാശയാത്രാ മാര്‍ഗമാണ് മാലക്കല്ല് സ്വദേശിയും എന്‍ജിനീയറുമായ ജോസ് കൊച്ചിക്കുന്നേല്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശം. വിദേശരാജ്യങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ നിലവിലുള്ളതായും നിര്‍ദേശത്തില്‍ പറയുന്നു. ഇന്ത്യയില്‍ത്തന്നെ പുണെ, മുംബൈ എന്നിവിടങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ആകാശനൗക സ്ഥാപിക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്. ബേക്കല്‍-റാണിപുരം വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് കാഞ്ഞങ്ങാട്- പാണത്തൂര്‍ സംസ്ഥാനപാതയ്ക്ക് സമാന്തരമായി പാതയോരത്ത് കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിക്കുകയും ഇതിനു മുകളിലൂടെ റോപ്പുപയോഗിച്ച് സ്‌കൈവേ ബസ് സര്‍വീസ് നടത്തുന്ന നിര്‍ദേശമാണ് സമര്‍പ്പിച്ചത്. 
 
റോഡ് നിര്‍മിക്കുന്നതിന്റെ പത്തിലൊന്ന് ചെലവുമാത്രമേ ഇതിനായി വേണ്ടിവരുന്നുള്ളൂവെന്നും സ്ഥലം ഏറ്റെടുക്കേണ്ടിവരില്ലെന്നും ജോസ് കൊച്ചിക്കുന്നേല്‍ പറയുന്നു. കൂടാതെ മണിക്കൂറില്‍ 500 കിലോമീറ്റര്‍ വേഗംവരെ സഞ്ചരിക്കാന്‍ കഴിയുന്ന വാഹനം സൗരോര്‍ജത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നതും പ്രത്യേകതയാണെന്ന് നിര്‍ദേശത്തില്‍ പറയുന്നു. റോഡിലെ വാഹനത്തിരക്ക് കുറയ്ക്കാനും ഇതിലൂടെ സാധിക്കും. നിലവില്‍ ജില്ലയിലെത്തുന്ന വിദേശ-ആഭ്യന്തര വിനോദ സഞ്ചാരികളില്‍ ഭൂരിഭാഗവും ബേക്കല്‍ കോട്ട മാത്രം സന്ദര്‍ശിച്ച് തിരിച്ചുപോവുകയാണ് ചെയ്യുന്നത്. ആകാശനൗക സംവിധാനം ഒരുക്കാനായാല്‍ പ്രകൃതിതന്നെ ഒരുക്കിയ റാണിപുരത്തിന്റെ സൗന്ദര്യം ആവോളം ആസ്വദിക്കാനും ജില്ലയുടെ മനോഹാരിത ആകാശക്കാഴ്ചയായി സഞ്ചാരികള്‍ക്ക് പകര്‍ന്നുനല്‍കാനും കഴിയും. ജില്ലയിലെ വിനോദസഞ്ചാര വികസനത്തിന് ഏറെ ഉപകരിക്കുന്ന പദ്ധതിക്ക് അനുകൂല നിലപാടാണ് കേന്ദ്രമന്ത്രിയില്‍നിന്ന് ഉണ്ടായിരിക്കുന്നതെന്നും ജോസ് കൊച്ചിക്കുന്നേല്‍ പറഞ്ഞു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?