കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം വിട്ടുനല്‍കേണ്ടതില്ലെന്ന് മുസ്ലിം ലീഗ്
കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം കോണ്‍ഗ്രസിന് വിട്ടുനല്‍കാനാവില്ലെന്ന് മുസ്ലിം ലീഗ്. പ്രസിഡണ്ട് സ്ഥാനം കോണ്‍ഗ്രസുമായി പങ്കിടുന്നത് സംബന്ധിച്ച് ധാരണയുണ്ടായിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഭരണം വിട്ടുനല്‍കേണ്ടതുമില്ലെന്നുമാണ് ഇതുസംബന്ധിച്ച് അടുത്തിടെ നടന്ന പാര്‍ട്ടി യോഗത്തില്‍ തീരുമാനമുണ്ടായത്. വയനാട് ജില്ലാ പഞ്ചായത്തില്‍ പ്രസിഡണ്ട് സ്ഥാനം വഹിക്കുന്ന കോണ്‍ഗ്രസ് മുസ്ലിംലീഗിന് ഭരണംവെച്ചുമാറാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം കോണ്‍ഗ്രസിന് വിട്ടുനല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ച ഉയര്‍ന്നുവന്നത്.
അതേസമയം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം കോണ്‍ഗ്രസ് മുസ്ലിം ലീഗിന് കൈമാറിയാല്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം വെച്ച് മാറേണ്ടിവരുമെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. വൈസ് പ്രസിഡണ്ട് സ്ഥാനം ലീഗിനും കൈമാറണം.
ശാന്തമ്മ ഫിലിപ്പിനെയും ഷാനവാസ് പാദൂരിനെയും കൂടാതെ ഹര്‍ഷാദ് വോര്‍ക്കാടി, പദ്മജ എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്നുമുള്ള അംഗങ്ങള്‍. ഹര്‍ഷാദും ഷാനവാസും നിലവില്‍ സ്ഥിരംസമിതി അധ്യക്ഷരാണ്. നിലവില്‍ എ വിഭാഗത്തിന് വൈസ് പ്രസിഡണ്ട് സ്ഥാനം നല്‍കിയതിനാല്‍ പ്രസിഡണ്ട് സ്ഥാനം ഐ വിഭാഗത്തില്‍ നിന്നാകും. ഇങ്ങനെ വന്നാല്‍ പാദൂര്‍ കുഞ്ഞാമു ഹാജിയുടെ മകനായ ഷാനവാസ് പാദൂര്‍ പ്രസിഡണ്ടാകും. മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും മുതിര്‍ന്ന നേതാവുമായ ചെര്‍ക്കളം അബ്ദുള്ളയുടെ മകള്‍ മുംതാസ് സമീറ വൈസ് പ്രസിഡണ്ടുമാകാനാണ് ധാരണ. അതേസമയം കോണ്‍ഗ്രസിനകത്ത് ഗൂപ്പിസം മൂലമുള്ള തര്‍ക്കം ഉള്ളതിനാല്‍ പ്രസിഡണ്ട് സ്ഥാനം വിട്ടുകൊടുക്കേണ്ടതില്ലെന്നാണ് മുസ്ലിം ലീഗ് തീരുമാനം.
17അംഗ ജില്ലാ പഞ്ചായത്തില്‍ എട്ട് യു.ഡി.എഫ് അംഗങ്ങളുണ്ട്. ഇതില്‍ കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും നാലംഗങ്ങള്‍ വീതമാണുള്ളത്. ഏഴുപേര്‍ എല്‍.ഡി.എഫും രണ്ടുപേര്‍ ബി.ജെ.പിയുമാണ്. കോണ്‍ഗ്രസിന് പ്രസിഡണ്ട് സ്ഥാനം ലഭിക്കുകയാണെങ്കില്‍ മുതിര്‍ന്ന അംഗമായിരുന്ന പാദൂര്‍ കുഞ്ഞാമു ഹാജിയെ പ്രസിഡണ്ടാക്കാനായിരുന്നു നേതാക്കള്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ വയനാട് ജില്ലാ പ്രസിഡണ്ട് സ്ഥാനം കോണ്‍ഗ്രസിന് നല്‍കിയതിനെ തുടര്‍ന്ന് കാസര്‍കോട് മുസ്ലിം ലീഗിന് നല്‍കുകയായിരുന്നു. എന്നാല്‍ ആദ്യ രണ്ടരവര്‍ഷം മുസ്ലിം ലീഗിനും പിന്നീടുള്ള രണ്ടരവര്‍ഷം കോണ്‍ഗ്രസിനും നല്‍കാനായിരുന്നു ധാരണയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഇ വിഷന്‍ ന്യൂസിനോട് പറഞ്ഞു. ജില്ലയില്‍ കോണ്‍ഗ്രസിന് എം.എല്‍.എ പോലുമില്ലാത്ത സാഹചര്യത്തില്‍ തുടക്കത്തില്‍ തന്നെ പ്രസിഡണ്ട് സ്ഥാനം കോണ്‍ഗ്രസിന് ലഭിക്കണമെന്നാവശ്യപ്പെട്ടിരുന്നെങ്കിലും അവസാന നിമിഷം കെ.പി.സി.സി നിര്‍ദേശത്തിന് വഴങ്ങിയാണ് പ്രസിഡണ്ട് സ്ഥാനം വിട്ടുനല്‍കേണ്ടിവന്നതും അദ്ദേഹം പറഞ്ഞു.
2015 നവംബറില്‍ ഏറെരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിം ലീഗിലെ എ.ജി.സി ബഷീര്‍ ചുമതലയേറ്റത്. വൈസ് പ്രസിഡണ്ടായി കോണ്‍ഗ്രസ് എ. വിഭാഗത്തില്‍ നിന്നുള്ള ശാന്തമ്മ ഫിലിപ്പും ചുമതലയേറ്റു. 2016 ഏപ്രില്‍ 23ന് പാദൂര്‍ കുഞ്ഞാമു ഹാജി അന്തരിച്ചു. തുടര്‍ന്ന് 2016 ജൂലായ് 27ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ പാദൂര്‍ കുഞ്ഞാമു ഹാജിയുടെ മകനായ ഷാനവാസ് വിജയിച്ചു. 2018 മേയില്‍ രണ്ടരവര്‍ഷം പൂര്‍ത്തിയാകും.
Powered by Info News For You

Comments
Post a Comment